Pahalgam Terror Attack: ‘മൂന്ന് ദിവസങ്ങൾക്ക് മുൻപ് പഹൽഗാമിലുണ്ടായിരുന്നു; ഓർക്കുമ്പോൾ ഉൾക്കിടിലം’: പോസ്റ്റ് പങ്കുവച്ച് ജി വേണുഗോപാൽ
G Venugopal Reveals He Was There In Pahalgam: മൂന്ന് ദിവസങ്ങൾക്ക് മുൻപ് താനും കുടുംബവും പഹൽഗാമിൽ വിനോദസഞ്ചാരം നടത്തിയിരുന്നതായി വെളിപ്പെടുത്തി ജി വേണുഗോപാൽ. അതോർക്കുമ്പോൾ ഒരു ഉൾക്കിടിലം തോന്നുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഭീകരാക്രമണമുണ്ടായ പഹൽഗാമിൽ താനും കുടുംബവും മൂന്ന് ദിവസങ്ങൾക്ക് മുൻപ് സന്ദർശനം നടത്തിയിരുന്നു എന്ന് ഗായകൻ ജി വേണുഗോപാൽ. മൂന്ന് ദിവസങ്ങൾക്ക് മുൻപ് തങ്ങൾ ഇവിടെ ട്രെക്കിംഗ് നടത്തിയിരുന്നു. അതോർക്കുമ്പോൾ ഒരു ഉൾക്കിടിലം തോന്നുന്നുണ്ടെന്നും ജി വേണുഗോപാൽ പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വേണുഗോപാലിൻ്റെ വെളിപ്പെടുത്തൽ.
എബിസി വാലീസ് എന്ന് വിളിപ്പേരുള്ള പഹൽഗാമിലെ ഈ ഇടങ്ങളിൽ താനും ഭാര്യ രശ്മിയും സുധീഷും സന്ധ്യയും മൂന്ന് ദിവസങ്ങൾക്ക് മുൻപ് ട്രെക്കിംഗ് നടത്തിയിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലമുണ്ടാവുന്നു എന്ന് അദ്ദേഹം കുറിച്ചു. ഇവിടെ വച്ച് പാവപ്പെട്ട, സാധാരണക്കാരായ ജനങ്ങളോടുള്ള ആദരവ് വർധിപ്പിക്കുന്ന ഒരനുഭവമുണ്ടായിരുന്നു. അത് പിന്നീട് പറയാമെന്നും അദ്ദേഹം കുറിച്ചു.
Also Read: Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണത്തിൻ്റെ ആസൂത്രകൻ; ആരാണ് സൈഫുള്ള ഖാലിദ്?




ജി വേണുഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
“ദൈവമേ ….. ABC valleys എന്ന് വിളിപ്പേരുള്ള പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ, ഞാൻ, രശ്മി, സുധീഷ്, സന്ധ്യ, എന്നിവർ വെറും മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം! ഞങ്ങൾക്ക് Aru Valley യിൽ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹൽഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വർദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം.
സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാഷ്മീരിന് നഷ്ടമാകുമോ? Who or which forces are behind this dastardly act? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നൽകിയ പ്രദേശങ്ങളിലൊന്നാണ് കശ്മീർ. മനോഹരമായ ഭൂപ്രദേശവും , വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും . എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാൻ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും! VG”
പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ 28 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ആക്രമണം. ജമ്മു കശ്മീരിലെ പെഹൽഗാമിലുള്ള ബൈസരനിൽ ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.