5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

EP JAYARAJAN: ഇ.പി ജയരാജനെ വിടാതെ പി. ജയരാജൻ, അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് ചോദ്യം

P JAYARAJAN: തെരഞ്ഞെടുപ്പ് കാലത്തെ ഇപി ജരാജൻ- പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച സിപിഎമ്മിനെ പ്രതിസന്ധിലാക്കിയിരുന്നു. വെെദേഹം റിസോർട്ടും അനധികൃത സ്വത്ത് സമ്പാദനവും വിഷയമായപ്പോഴും പിന്നിൽ ബിജെപി ബന്ധമുണ്ടെന്നതിന്റെ തെളിവുകളടക്കം പ്രതിപക്ഷം നിരത്തി. ഇ.പി ജയരാജനെതിരെ താന്‍ നല്‍കിയ പരാതിയില്‍ എന്തു നടപടി എടുത്തുവെന്ന ചോദ്യം പി ജയരാജന്‍ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതിയിലും ഉയര്‍ത്തി.

EP JAYARAJAN: ഇ.പി ജയരാജനെ വിടാതെ പി. ജയരാജൻ, അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് ചോദ്യം
athira-ajithkumar
Athira CA | Published: 02 Sep 2024 16:48 PM

കണ്ണൂർ: ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഇ.പി ജയരാജനെ വിടാതെ പി ജയരാജൻ. ഇ.പിക്കെതിരായ റിസോർട്ട് വിവാ​ദത്തിലും അനധികൃത സ്വത്ത്സമ്പാ​ദന പരാതിയിലും എന്ത് നടപടിയെടുത്തുവെന്ന് പി ജയരാജൻ സംസ്ഥാന സമിതിയിൽ ചോദിച്ചു. നിലവിൽ പരി​ഗണിച്ചിട്ടില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദന്റെ മറുപടി. ഇ.പിക്കെതിരായ നടപടിയിൽ തുടർനടപടികൾക്കുള്ള എല്ലാ പഴുതുമിട്ടാണ് നേതൃത്വത്തിന്റെ നീക്കം. അതേസമയം, തന്റെ വിശദീകരണം ഇ.പി ജയരാജൻ കത്തിലൂടെ കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നാണ് വിവരം.

ഇപി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുന്ന വിവരം സംസ്ഥാന സമിതിയിയോ​ഗത്തിൽ എം.വി ​ഗോവിന്ദൻ പറയുന്നത് വരെ മാറ്റാരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ പുറത്താക്കിയത് എന്തിനെന്ന് ചോ​ദിച്ച സംസ്ഥാന സമിതി അം​ഗങ്ങൾക്കും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. കൃത്യമായ കാരണങ്ങൾ പറയാതെയായിരുന്നു തൽസ്ഥാനത്ത് നിന്ന് ഇ.പിയെ നീക്കിയത്. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദ്ദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രസ്താവനകളടക്കം പരി​ഗണിച്ചെന്നായിരുന്നു എം.വി ​ഗോവിന്ദന്റെ മറുപടി. കൃത്യമായ കാരണങ്ങൾ പറയാതെയായിരുന്നു മറുപടിയും.

ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പിയെ നീക്കിയ കാര്യം സംസ്ഥാനസമിതിയിൽ എം വി ​ഗോവിന്ദൻ അറിയിച്ചതിന് പിന്നാലെയാണ് നേരത്തെ നൽകിയ പരാതിയിൽ എന്ത് നടപടിയെടുത്തെന്ന് പി ജയരാജൻ സംസ്ഥാന സമിതിയിൽ ചോദ്യമുന്നയിച്ചത്. അതിപ്പോഴും പരി​ഗണിച്ചിട്ടില്ലെന്നായിരുന്നു മറുപടി. കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ വിവരം എം.വി ​ഗോവിന്ദൻ പറയുന്നത് വരെ ഇ.പി ജയരാജനും അറിഞ്ഞിരുന്നില്ല.

കാര്യങ്ങളെല്ലാം വിശദീകരിച്ച് കഴിഞ്ഞതാണല്ലോയെന്ന് പറഞ്ഞ് ക്ഷോഭിച്ച ജയരാജനെ അനുനയിപ്പിക്കാൻ പോലും ആരും തയ്യാറായില്ല. അതുവരെ മൗനം പാലിച്ച മുഖ്യമന്ത്രി യോ​ഗത്തിൽ നിന്ന് ഇറങ്ങിയ ഇപി ജയരാജനോട് കാണാം സംസാരിക്കാം എന്ന് മാത്രമാണ് പറഞ്ഞത്. കേന്ദ്ര കമ്മിറ്റി അം​ഗംമായിട്ടും തന്നോട് പറയാതെ ചുമതലയിൽ നിന്ന് മാറ്റിയതിൽ ഇ പി ജയരാജനും അമർഷമുണ്ട്.

കണ്ണൂർ രാഷ്ട്രീയത്തിന്റെ കലങ്ങി മറച്ചിലുകൾക്കിടയിൽ റിസോർട്ട് വിവാ​ദം ആളിക്കത്തിച്ചത് പി ജയരാജനായിരുന്നു. 2022-ലാണ് പി ജയരാജൻ വെെദേകം ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇ.പിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന ​ഗുരുതര ആരോപണങ്ങൾ പാർട്ടിക്ക് മുന്നിൽ എത്തിച്ചത്. സംസ്ഥാന സമിതിയിൽ ഉന്നയിച്ച ആക്ഷേപം എഴുതി നൽകാനായിരുന്നായിരുന്നു നേതൃത്വത്തിന്റെ നിർദേശം. ഈ പരാതിയിൽ എന്ത് നടപടിയെടുത്തെന്നാണ് നേതൃത്വത്തോട് പി ജയരാജൻ ചോദിച്ചിരിക്കുന്നത്.

ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതോടെ ഇ.പി ജയരാജൻ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ആദ്യഘട്ടമായി സംഘടനാ പ്രവർത്തനത്തിൽ നിന്ന് അവധിയെടുക്കുമെന്നാണ് ഇ.പിയുമായി ബന്ധമുള്ളവർ നൽകുന്ന സൂചന. കിട്ടുന്ന പെൻഷനും വാങ്ങി വീട്ടിലിരുന്നാലോ എന്ന് ചിന്തിക്കുന്നതായി ഇ.പി സമീപകാലത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേന്ദ്രകമ്മിറ്റിയിൽ പുറത്താക്കിയേക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നതിനിടെയാണ് ഇ.പി ജയരാജൻ കേന്ദ്രകമ്മിറ്റി അം​ഗമായി തുടരുമെന്ന് കഴിഞ്ഞ ദിവസം എംവി ​ഗോവിന്ദൻ വ്യക്തമാക്കിയത്.