Netravati Express Rush: നേത്രാവതി എക്സ്പ്രസിൽ സംഘർഷം; ജനറൽ യാത്രക്കാർ സ്ലീപ്പർ കോച്ചുകളിൽ, പരിശോധനക്കൊരുങ്ങി റെയിൽവേ
Netravati Express Rush: റിസർവ്ഡ് കോച്ചിൽ നിന്ന് മുഴുവൻ ജനറൽ ടിക്കറ്റുകാരെയും പുറത്താക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
കണ്ണൂർ: തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്‌സ്‌പ്രസിൽ (16346) തിരക്കും സംഘർഷവും. ശനിയാഴ്ച വൈകിട്ടാണ് സംഘർഷം റിപ്പോർട്ട് ചെയ്തത്. ജനറൽ കോച്ചിൽ കയറിപ്പറ്റാനാകാത്ത യാത്രക്കാർ റിസർവേഷൻ കോച്ചിൽ കയറിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.
റെയിൽ മദദ് ആപ്പിൽ റിസർവ് കോച്ചിലെ യാത്രക്കാർ 25 പരാതികളാണ് അയച്ചത്. വണ്ടി ഷൊർണൂർ എത്തിയപ്പോഴാണ് വൻതിരക്ക് അനുഭവപ്പെട്ടത്. സാധാരണ ടിക്കറ്റെടുത്തവർ റിസർവേഷൻ കോച്ചിലേക്ക് കയറുന്നുവെന്നതാണ് പരാതി. സംഭവത്തിൽ കർശന പരിശോധനയ്ക്ക് ഒരുങ്ങുകയാണ് റെയിൽവേ.
ഇനി മുതൽ ഷൊർണൂരിൽ വണ്ടി പരിശോധിക്കാൻ ആർപിഎഫിന് നിർദേശം നൽകിയിട്ടുണ്ട്. റിസർവ്ഡ് കോച്ചിൽ നിന്ന് മുഴുവൻ ജനറൽ ടിക്കറ്റുകാരെയും പുറത്താക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
വൈകിട്ട് മംഗളൂരു ഭാഗത്തേക്കുള്ള അവസാന വണ്ടിയാണ് നേത്രാവതി എക്‌സ്‌പ്രസ്. വൈകിട്ട് 5.15ന് കോഴിക്കോട്ടുനിന്നാണിത് പുറപ്പെടുക. 6.40-ന് കണ്ണൂരിൽ എത്തും. നേത്രാവതി പോയാൽ കാസർകോട്ടേക്ക് പോകാൻ പിന്നീട് പുലർച്ചെ രണ്ടരയ്ക്ക് വരുന്ന ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്‌പ്രസിനായി എട്ടുമണിക്കൂർ കണ്ണൂർ സ്റ്റേഷനിൽ ഇരിക്കണം.
ALSO READ: കൊല്ലം ദേശീയപാതയില്‍ കാര്‍ കത്തി, ഒരാള്‍ മരിച്ചു; ആത്മഹത്യയെന്ന് സംശയം
നേത്രാവതി എക്‌സ്‌പ്രസിൽ രണ്ട് ജനറൽ കോച്ചുകളാണുള്ളത്. അതിൽ പകുതി കോച്ച് തപാലിന് വിട്ടുകൊടുത്തിരിക്കുകയാണ്. ബാക്കി ഒന്നര കോച്ചിൽ കയറാൻ യാത്രക്കാർ തിക്കും തിരക്കും ഉണ്ടാക്കണം. എന്നാലും ഇതിൽ ഭൂരിഭാഗമാളുകൾക്കും കയറാൻ സാധിക്കാതെ വരാറുണ്ട്.
കാസർകോട് ഭാഗത്തുനിന്ന് കോഴിക്കോട് ഉൾപ്പെടെ വരുന്ന നിത്യ ജോലിക്കാരുടെ മടക്കയാത്ര അതികഠിനമാണ്. ചുരുങ്ങിയത് രണ്ട് ജനറൽ കോച്ചുകളെങ്കിലും കൂട്ടണമെന്നും കാസർകോടുവരെ പകൽ സ്ലീപ്പർ ടിക്കറ്റ് നൽകണമെന്നും യാത്രക്കാർ പറയുന്നത്.
ഒന്നിച്ച് കുറെ ട്രെയിനുകൾ കാണും. പിന്നെ മണിക്കൂറുകളോളം ഒരൊറ്റ വണ്ടിയുമില്ല. കേരളത്തിന്റെ തെക്കും വടക്കും ഒരു പോലെ നേരിടുന്ന പ്രശ്നമാണിത്. ഇതിന് പരിഹാരമായി ആവശ്യപ്പെടുന്നത് കൂടുതൽ മെമു സർവീസാണെന്നും യാത്രക്കാർ പറയുന്നു.
ചെറുദൂര യാത്രക്ക് മെമു ഇലക്‌ട്രിക് ട്രെയിനുകളാണ് ഏറ്റവും ഉചിതമെന്ന് മെട്രോമാൻ ഡോ. ഇ. ശ്രീധരൻ അടക്കം നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കേരളത്തിൽ ആകെ 12 മെമു തീവണ്ടികൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഷൊർണൂരിൽ നിന്ന് കണ്ണൂരേക്ക് ഒരെണ്ണമാണുള്ളത്. കണ്ണൂർ-മംഗളൂരു (132 കിലോമീറ്റർ) സെക്ഷനിൽ ഒരു മെമു പോലും ഇല്ല.