Asha Workers Protest: ആശാ വർക്കർമാരുടെ സമരം 23-ാം ദിവസം; വിഷയം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും
Opposition to Raise ASHA Workers Protest in Kerala Assembly: വിവിധ ജില്ലകളിൽ നിന്ന് എത്തിയ ആയിരത്തിലധികം സമരക്കാരുമായി ആശാവർക്കർമാർ നിയമസഭാ മാർച്ച് നടത്തി. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ആരംഭിച്ചിട്ട് 22 ദിവസം പിന്നിട്ടപ്പോഴാണ് നിയമസഭയിലേക്ക് മാർച്ച് നടത്തിയത്.

തിരുവനന്തപുരം : വേതന വർദ്ധനവ് ആവശ്യപ്പെട്ടുള്ള ആശാവർക്കർമാരുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ചിട്ട് ഇരുപത്തിമൂന്ന് ദിവസം. വിഷയം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. ഇന്നലെ ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലായി കൊണ്ടുവന്ന വിഷയത്തിൽ നൽകിയ പ്രധാന വിശദീകരണം കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്നില്ല എന്നതായിരുന്നു.
അതേസമയം സമരം ചെയ്യുന്ന ആശ വർക്കർമാർക്കെതിരെ സിഐടിയു നേതൃത്വം കടുത്ത വിമർശനങ്ങൾ തുടരുകയാണ്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സിഐടിയു നേതാവ് ഗോപിനാഥ് നടത്തിയ അധിക്ഷേപകരമായ പരാമശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമരസമിതി അറിയിച്ചു.
അതിനിടെ, വിവിധ ജില്ലകളിൽ നിന്ന് എത്തിയ ആയിരത്തിലധികം സമരക്കാരുമായി ആശാവർക്കർമാർ നിയമസഭാ മാർച്ച് നടത്തി. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ആരംഭിച്ചിട്ട് 22 ദിവസം പിന്നിട്ടപ്പോഴാണ് നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. ആശാവർക്കർമാരുടെ സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രി എന്ത് കമ്മ്യൂണിസ്റ്റ് ആണെന്ന് ചോദിച്ച് പ്രതിപക്ഷം പരിഹസിച്ചു. ഇവരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തി.
ഫെബ്രുവരി പത്തിനാണ് വേദന വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം ആരംഭിച്ചത്. ഇതിനിടയില്‍ അവരുടെ ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശിക വിതരണം പൂര്‍ത്തിയായി. എന്നാല്‍ ഓണറേറിയും വര്‍ധിപ്പിക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ സർക്കാർ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ആശാവര്‍ക്കര്‍മാര്‍ വ്യക്തമാക്കി.
അതേസമയം, ആശ വർക്കർമാർക്ക് ആന്ധ്രാ സർക്കാർ ഉയർന്ന ആനുകൂല്യം പ്രഖ്യാപിച്ചത് കേരളത്തിന് തിരിച്ചടിയാണ്. ആശ വർക്കർമാരെ തൊഴിലാളികളായി അംഗീകരിച്ചിട്ടില്ലെങ്കിലും അതിന് സമാനമായി ഗ്രാറ്റിവിറ്റിയും വിരമിക്കൽ സഹായവും നൽകുമെന്നാണ് ആന്ധ്രയുടെ പ്രഖ്യാപനം. കേരളത്തിൽ പ്രതിഫലവും ഇൻഷുറൻസുമൊഴികെ തൊഴിലാളികൾക്ക് സമാനമായിട്ടുള്ള മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ ആശാവർക്കർമാർക്ക് നൽകുന്നില്ല. എന്നാൽ ഈ സാഹചര്യം തുടർന്നാൽ കേരള സർക്കാർ ആനുകൂല്യം വർധിപ്പിക്കുന്നത് പരിഗണിക്കേണ്ടി വരും.