Gold Appraiser: കരിപ്പൂരിൽ പിടികൂടുന്ന സ്വർണം പരിശോധിക്കാൻ ആളില്ല; അപേക്ഷ ക്ഷണിച്ചിട്ട് എത്തിയത് ഒരാൾ
No One Applying for Gold Appraiser Post in Karippur Airport: 32 വർഷത്തിലേറെയായി കരിപ്പൂർ വിമാനത്താവളത്തിൽ ഒരേയൊരു ഗോൾഡ് അപ്പ്രൈസർ മാത്രം. കസ്റ്റംസ്, ഡിആർഒ, കസ്റ്റംസ് പ്രിവന്റീവ്, പോലീസ് എന്നിങ്ങനെ ഏത് ഏജൻസി സ്വർണം പിടികൂടിയാലും അത് വേർതിരിച്ചെടുക്കുന്നത് എൻ വി ഉണ്ണികൃഷ്ണനാണ്.
കൊണ്ടോട്ടി: കരിപ്പൂർ വിമാനതാവളത്തിൽ കസ്റ്റംസ് പിടികൂടുന്ന സ്വർണം പരിശോധിക്കുന്ന അപ്പ്രൈസർമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ട് എത്തിയത് ഒരാൾ മാത്രമെന്ന് കസ്റ്റംസ്. 2019-ലാണ് അപ്രൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. വർഷങ്ങളായി അവിടെ പ്രവർത്തിച്ചു വരുന്ന അപ്പ്രൈസറുടെ മകൻ മാത്രമാണ് അപേക്ഷ നൽകിയത്. അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്‌തെന്ന് കസ്റ്റംസ് പറയുന്നു.
1992 മുതൽ കരിപ്പൂരിൽ കസ്റ്റംസിന്റെ ഗോൾഡ് അപ്പ്രൈസർ എൻ വി ഉണ്ണികൃഷ്ണനാണ്. കസ്റ്റംസ് പിടികൂടുന്ന സ്വർണം പരിശോധിച്ച്, അതിന്റെ ശുദ്ധിയും അളവും തൂക്കവുമെല്ലാം രേഖപ്പെടുത്തി നൽകുകയായെന്നതാണ് ചുമതല. ആദ്യ കാലങ്ങളിൽ പിടികൂടുന്ന സ്വർണത്തിന്റെ തൂക്കം അനുസരിച്ചായിരുന്നു പ്രതിഫലം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം. 2019-ലാണ് ഗോൾഡ് അപ്പ്രൈസറുടെ തസ്തികയിൽ ഒഴിവുകൾ ഉണ്ടെന്ന് കാണിച്ച് വെബ്‌സൈറ്റിൽ പരസ്യം കൊടുക്കുന്നത്.എന്നാൽ, ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെട്ടിട്ട് പോലും സ്വർണ പണിക്കാർ തസ്തികയിലേക്ക് അപേക്ഷിക്കാൻ തയ്യാറയില്ലെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു.
അതെ സമയം, കൊണ്ടോട്ടി അങ്ങാടിയിൽ എരഞ്ഞോളി ബസാറിലാണ് എൻ വി ഉണ്ണികൃഷ്ണൻ സ്വർണമുരുക്ക് കേന്ദ്രം നടത്തുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഉണ്ണികൃഷ്ണൻ കസ്റ്റൻസിന്റെ ഗോൾഡ് അപ്രൈസറാണ്. സ്വർണം ബിസ്ക്കറ്റ് രൂപത്തിലാണ് കൊണ്ടുവരുന്നതെങ്കിൽ ഇത് തൂക്കിനൽകുക എന്നത് മാത്രമാണ് അപ്രൈസറുടെ ജോലി. അതിന് 2000 രൂപ വരെയാണ് ലഭിക്കാറുള്ളത്. എന്നാൽ സ്വർണം മിശ്രിത രൂപത്തിലാണ് വരുന്നതെങ്കിൽ കണ്ടെടുക്കുന്ന സ്വർണത്തിന്റെ 5 ശതമാനം ലഭിക്കും. അതായത്, കഴിഞ്ഞ വർഷം മാത്രം കരിപ്പൂരിൽ നിന്നും പിടി കൂടിയത് 158 കോടി രൂപയുടെ സ്വർണമാണ്. ഇതനുസരിച്ച് ശരാശരി മാസം എട്ട് ലക്ഷം വരെ അപ്പ്രൈസർക്ക് ലഭിച്ചിട്ടുണ്ടാകുമെന്നാണ് ഔദ്യോഗികമായി സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളിൽ പറയുന്നത്.
കസ്റ്റംസ്, ഡിആർഒ, കസ്റ്റംസ് പ്രിവന്റീവ്, പോലീസ് എന്നിങ്ങനെ ഏത് ഏജൻസി സ്വർണം പിടികൂടിയാലും ഇവിടെ വെച്ചാണ് അത് വേർതിരിച്ചെടുക്കുന്നത്. ഇതിനായുള്ള അനുമതി കൊച്ചി കസ്റ്റംസ് ഓഫീസിൽ നിന്നും ലഭിച്ചിട്ടുണ്ട്. കസ്റ്റംസ് നൽകുന്ന സ്വർണത്തിൽ അപ്രൈസർമാർ തിരിമറി നടത്തുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. മറ്റ് വിമാനത്താവളങ്ങളിൽ ഒന്നിലധികം അപ്പ്രൈസർമാരുള്ളപ്പോൾ കരിപ്പൂരിൽ മാത്രം വർഷങ്ങളായി ഒരാൾ മാത്രമാണുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ ഗോൾഡ് അപ്പ്രൈസർ എൻ വി ഉണ്ണികൃഷ്ണന്റെ പേരും ഉൾപ്പെട്ടിരുന്നു. ’32 വർഷത്തിലേറെയായി കരിപ്പൂർ വിമാനത്താവളത്തിൽ ഒരാൾ മാത്രമാണ് ഗോൾഡ് അപ്പ്രൈസറായുള്ളത്. കസ്റ്റംസ് പിടികൂടുന്ന സ്വർണത്തിന് പുറമെ പോലീസ് പിടികൂടുന്ന സ്വർണവും പരിശോധിച്ച് വേർതിരിച്ച് നൽകുന്നത് ഉണ്ണികൃഷ്ണനാണ്. ഇദ്ദേഹം മുഖേന സ്വർണം തിരിമറി നടക്കുന്നുണ്ട്’ എന്നായിരുന്നു പി വി അൻവർ എംഎൽഎ ആരോപിച്ചത്.
പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് എൻ വി ഉണ്ണികൃഷ്‌ണൻ മറുപടി നൽകി. രാത്രിയിൽ സ്വർണം ഉരുക്കുന്ന സ്ഥലത്ത് നിന്ന് തെളിവുകൾ നശിപ്പിച്ചെന്നായിരുന്നു ആരോപണം. ഉണ്ണികൃഷ്‌ണൻ ആരോപണം നിഷേധിക്കുകയും, ആ ദിവസം താൻ വീട്ടിലായിരുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു. തനിക്ക് കള്ളക്കടത്തുമായി യാതൊരു ബന്ധവുമില്ലായെന്നും എസ്‌പി സുജിത് ദാസ് ഇവിടെ വന്നിട്ടില്ലെന്നും കരിപ്പൂർ സിഐ ആണ് വരാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.