5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Online Trading Scam: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിയത് 39.8 ലക്ഷം രൂപ: തൃശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

Online trading scam in Thrissur: പണം നിക്ഷേപിച്ചാൽ ഓൺലൈൻ ഷെയർ ട്രേഡിങിലൂടെ വലിയ ലാഭം നേടാനാകും എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം പണം തട്ടിയെടുത്തത്. ഫേസ്‌ബുക്കിൽ കണ്ട പരസ്യത്തിലൂടെയാണ് പിറവം സ്വദേശി തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്.

Online Trading Scam: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിയത് 39.8 ലക്ഷം രൂപ: തൃശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
Representational ImageImage Credit source: simon2579/Getty Images
nandha-das
Nandha Das | Updated On: 21 Dec 2024 19:16 PM

കൊച്ചി: ഓൺലൈൻ ഷെയർ ട്രേഡിങിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ പഴമ്പള്ളി പുല്ലൻ വീട്ടിൽ നബിൻ (26) ആണ് പിടിയിലായത്. ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയിൽ നിന്ന് പ്രതി തട്ടിയത് 39,80,000 രൂപയാണ്. ആലുവ സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പണം നിക്ഷേപിച്ചാൽ ഓൺലൈൻ ഷെയർ ട്രേഡിങിലൂടെ വലിയ ലാഭം നേടാനാകും എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം പണം തട്ടിയെടുത്തത്. ഫേസ്‌ബുക്കിൽ കണ്ട പരസ്യത്തിലൂടെയാണ് പിറവം സ്വദേശി തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. പുതുതായി ആരംഭിക്കുന്ന ഐപിഒകളിൽ പണം നിക്ഷേപിച്ചാൽ രണ്ടിരട്ടിയിലേറെ ലാഭം കിട്ടുമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം.

ഇത് വിശ്വസിച്ച് ഇയാൾ ഏപ്രിലിൽ പല ദിവസങ്ങളിലായി തട്ടിപ്പ് സംഘത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. 16 തവണയായി ആകെ 39,80,000 രൂപയാണ് അദ്ദേഹം നിക്ഷേപിച്ചത്. ഓരോ ലെവൽ പൂർത്തിയാകുമ്പോഴും നിക്ഷേപവും ലാഭവും വർധിക്കും എന്നായിരുന്നു ഓഫർ. എന്നാൽ, പണം നിക്ഷേപിച്ച ശേഷം തുക തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന്, പോലീസിൽ പരാതി നൽകുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് എത്തിച്ചേരുന്നത്. പിടിയിലായ പ്രതിയുടെ അക്കൗണ്ടിലൂടെ കഴിഞ്ഞ ഒരു മാസത്തിനുള്ളതിൽ മാത്രം ഒരു കോടി ഇരുപത്തിയാറ് ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി. തട്ടിപ്പ് സംഘത്തിൽ ഉള്ള മറ്റ് ആളുകൾ അയച്ചുകൊടുക്കുന്ന പണം ഡോളറാക്കി മാറ്റിയ ശേഷം തിരിച്ചയച്ച് കൊടുക്കുന്നതും ഇയാളാണ്.

ALSO READ: ആദ്യം കുമളിക്കേസ്, ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകവും; രണ്ട് ദിവസത്തിനിടെ കേരളം കാത്തിരുന്ന രണ്ട് കേസുകളില്‍ ശിക്ഷാവിധി

ഇൻസ്‌പെക്ടർ വിബിൻ ദാസ്, എസ്ഐമാരായ സി കെ രാജേഷ്, എം അജേഷ്, എഎസ്ഐ പി ജി ബൈജു, സീനിയർ സിഒപിമാരായ ആർ സജേഷ്, ലിജോ ജോസ് എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം. ഓൺലൈൻ ഷെയർ ട്രേഡിങിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളുടെയും, പണം നഷ്ടപ്പെടുന്നവരുടെയും എണ്ണം വർധിക്കുകയാണെന്ന് പോലീസ് പറയുന്നു. ഓൺലൈൻ ട്രേഡിങ്, ഷെയർ ട്രേഡിങ് എന്നിവയിലൂടെ നിരവധി പേർക്ക് ലക്ഷങ്ങളാണ് നഷ്ടപ്പെടുന്നത്. വലിയ ലാഭം പ്രതീക്ഷിച്ച് പോകുന്നവരാണ് തട്ടിപ്പിൽ പെടുന്നതെന്നും പോലീസ് പറഞ്ഞു.

തട്ടിപ്പു സംഘത്തിന്റെ രീതി അനുസരിച്ച് ആദ്യ ഘട്ടത്തിൽ നിക്ഷേപിക്കുന്ന പണത്തിൽ നിന്നും ലാഭമെന്ന പേരിൽ കുറച്ചു പണം നിക്ഷേപകർക്ക് നൽകും. അവരുടെ വിശ്വാസ്യത പിടിച്ചുപറ്റാനും അതുവഴി കൂടുതൽ തുക അവരെ കൊണ്ട് നിക്ഷേപിപ്പിക്കാനുമുള്ള അടവാണിത്. പിന്നീട് അവർ കൂടുതൽ പണം നിക്ഷേപിക്കുകയും, വൻ സാമ്പത്തിക തട്ടിപ്പിന് ഇരയാവുകയും ചെയ്യുന്നു. ഇതിന് സമാനായി അടുത്തിടെ നിരവധി തട്ടിപ്പുകളാണ് കേരളത്തിൽ തന്നെ നടന്നത്.

അടുത്തിടെ ആലുവ സ്വദേശിക്ക് ഓൺലൈൻ ട്രേഡിങിലൂടെ നഷ്ടമായത് ഒരു കോടി രൂപയാണ്. കൂടാതെ, കോതമംഗലം സ്വദേശിക്ക് 85 ലക്ഷം രൂപയും, കറുകുറ്റി സ്വദേശിക്ക് 90 ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടിരുന്നു. ഈ രീതിയിൽ തട്ടിപ്പുകൾ നടത്തുന്ന ആപ്പുകളെയും, പരസ്യങ്ങളെയും വളരെ ശ്രദ്ധയോടെ സമീപിച്ചിലെങ്കിൽ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.