Ammathottil: തിരുവനന്തപുരം അമ്മ തൊട്ടിലിൽ നവരാത്രി ദിനത്തിൽ വീണ്ടും ഒരു അതിഥി; നവമിയെന്ന് പേരിട്ടു; ഈ ആഴ്ചയിലെ രണ്ടാമത്തെ പെൺകുഞ്ഞ്
ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് എത്തിയത്. നവമി എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്. ഇതോടെ ഈ ആഴ്ചയിൽ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് എത്തുന്ന രണ്ടാമത്തെ പെൺകുഞ്ഞാണ് നവമി.
തിരുവനന്തപുരം: നവരാത്രി ദിനത്തിൽ തിരുവനന്തപുരം അമ്മത്തൊട്ടിൽ പുതിയ ഒരു അതിഥി കൂടെ എത്തി. ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് എത്തിയത്. നവമി എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്. ഇതോടെ ഈ ആഴ്ചയിൽ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് എത്തുന്ന രണ്ടാമത്തെ പെൺകുഞ്ഞാണ് നവമി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൻറെ സാന്ത്വനത്തിലേക്കാണ് ശനിയാഴ്ച രാത്രി 10 മണിയോടെ പെൺകുട്ടി എത്തിയത്.
അറിവിന്റെയും വിദ്യയുടെയും ഉത്സവ നാളായ നവരാത്രി ദിനത്തിന്റെ അന്ന് കുട്ടിയെ ലഭിച്ചതിനാൽ കുഞ്ഞിന് നവമി എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി വ്യക്തമാക്കി. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 609-ാ മത്തെ കുട്ടിയാണ് നവമി. കുട്ടിയെ വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾക്ക് ശേഷം എസ് എ റ്റി ആശുപത്രിയിലേക്ക് മാറ്റി. ഈ വർഷം ഇതുവരെയായി തിരുവനന്തപുരം അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 15 മത്തെ കുട്ടിയാണ് നവമിയെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി വിശദമാക്കി.
അതേസമയം കഴിഞ്ഞ തിങ്കളാഴ്ച്ചയും ഒരു പെൺകുഞ്ഞിനെ അമ്മതൊട്ടിലിൽ ലഭിച്ചിരുന്നു. ഇതിനു മുൻപും ഇത്തരത്തിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞു അതിഥി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്നാണ് പേരിട്ടത്. മൂന്നാഴ്ച പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെയാണ് അന്ന് കിട്ടിയത്. 3.14 കിലോഗ്രാം ഭാരമുള്ള, പൂർണ ആരോഗ്യവതിയായ കുഞ്ഞ് നിലവിൽ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.
അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സന്ദേശം എത്തിയ ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരുമെല്ലാം ഓടിയെത്തി. ആദ്യം ആരോഗ്യ പരിശോധനകൾക്കായി കുഞ്ഞിനെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെത്തിച്ചു. ഇവിടെ പരിശോധനകൾക്കെല്ലാം ശേഷമാണ് കുഞ്ഞിനെ ദത്തെടുക്കൽ കേന്ദ്രത്തിലെത്തിച്ചത്. അതേസമയം നിയമാനുസൃതം എല്ലാ സംരക്ഷണവും ഉറ്റവർ ഉപേക്ഷിക്കുന്ന ഈ കുഞ്ഞുങ്ങൾക്ക് സർക്കാർ നൽകുമെന്നും ഈ മക്കൾ എല്ലാ അവകാശങ്ങളോടെയും ജീവിക്കണം എന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.