Onam 2024: ഓണത്തിരക്ക് അധികൃതർ കണ്ടു; എറണാകുളം-യെലഹങ്ക സ്പെഷ്യൽ ട്രെയിൻ ഇന്ന് മുതൽ
Onam special train service to Ernakulam: എസി 3 ടെയർ, എസി ചെയർ കാർ കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തുക എന്നും അധികൃതർ വ്യക്തമാക്കുന്നു
കൊച്ചി: ഓണക്കാലത്ത് യാത്രക്കാരുടെ തിരക്കു കൂടുന്നത് സർവ്വ സാധാരണയാണ്. കേരളത്തിനു പുറത്തുള്ളവർ ഓണം ആഘോഷിക്കാനായി നാട്ടിലേക്ക് എത്തുന്ന തിരക്കിൽ പെട്ട് റിസർവേഷൻ പോലും വേഗം കഴിഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനേ തുടർന്നാണ് അധികൃതർ എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ സമയക്രമത്തിൽ എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്. ഇന്നു മുതൽ ഇത് ഓടിത്തുടങ്ങുമെന്നാണ് വിവരം.
എസി 3 ടെയർ, എസി ചെയർ കാർ കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തുക എന്നും അധികൃതർ വ്യക്തമാക്കുന്നു. സെപ്റ്റംബർ നാല്, ആറ് തീയതികളിൽ എറണാകുളത്ത് നിന്ന് അഞ്ച്, ഏഴ് തീയതികളിൽ യെലഹങ്കയിൽ നിന്ന് തിരികെയും സർവീസ് നടത്തും എന്നും അധികൃതർ വ്യക്തമാക്കുന്നു. ഇതിനായുള്ള ബുക്കിങ് ആരംഭിച്ചിരുന്നു.
ALSO READ – വരുമാന സർട്ടിഫിക്കറ്റ് വാങ്ങണോ സത്യവാങ്മൂലം മസ്റ്റ്; പുതിയ ചട്ടവുമായി റവന്യൂ വകുപ്പ്
ഓണാവധി പ്രമാണിച്ചുള്ള തിരക്ക് സംബന്ധിച്ചുള്ള വിഷയം ഹൈബി ഈഡൻ എംപി കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബാംഗ്ലൂരിന് സമീപത്തുള്ള യെലഹങ്കയിൽ നിന്നും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.
എറണാകുളത്തു നിന്ന് 12.40-നാണ് സർവ്വീസ് ആരംഭിക്കുക. 06101 നമ്പർ ട്രെയിനാണ് സർവ്വീസ് നടത്തുന്നത്. തൃശൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ അടക്കമുള്ള സ്റ്റേഷൻ കടന്ന് രാത്രി 11 മണിയോടെ യലഹങ്കയിലേക്ക് എത്തും എന്നാണ് വിവരം. യലഹങ്കയിൽ നിന്ന് രാവിലെ അഞ്ചിനാണ് തിരികെയുള്ള ട്രെയിൻ. 06102 ട്രെയിൻ ആണ് തിരിച്ച് പുറപ്പെടുന്നത്.
ഇത് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും. 13 ഗരീബ്റത്ത് കോച്ചുകളാണ് ഈ ട്രെയിനിൽ ഉണ്ടാവുക എന്നാണ് വിവരം.ഓണക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുദിശകളിലേക്കുമായി 13 സർവീസുകളാണ് ഇത്തവണത്തെ ഓണത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു എസ് എം വി ടി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സർവീസ് കഴിഞ്ഞ ദിവസം മുതൽ ഓടിത്തുടങ്ങിയിട്ടുണ്ട്.