5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: സ്‌കൂളേ വിട പുസ്തകമേ വിട; സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഇന്ന് അടയ്ക്കും

Onam School and College Holidays: വയനാട് ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ചിരിക്കുകയാണ്. സെക്രട്ടേറിയേറ്റിലെ ഓണാഘോഷ പരിപാടികളും റദ്ദാക്കിയിരുന്നു.

Onam 2024: സ്‌കൂളേ വിട പുസ്തകമേ വിട; സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഇന്ന് അടയ്ക്കും
സ്‌കൂള്‍ കുട്ടികള്‍ (Image Credits: Social Media)
shiji-mk
Shiji M K | Published: 13 Sep 2024 09:49 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഓണം അവധിക്കായി (Onam School and College Holidays) ഇന്ന് അടയ്ക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണാഘോഷത്തോടെയാണ് അവധി ആരംഭിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ തിങ്കളാഴ്ച അവധി ദിനമായിരുന്നതിനാല്‍ അന്ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ ഇന്ന് നടക്കും. കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയിരുന്നു. എന്നാല്‍ വയനാട് ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ചിരിക്കുകയാണ്. സെക്രട്ടേറിയേറ്റിലെ ഓണാഘോഷ പരിപാടികളും റദ്ദാക്കിയിരുന്നു.

അതേസമയം, സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തവണ ഓണം ആഘോഷിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പോലീസുകാര്‍ക്ക് വീട്ടുകാരോടൊപ്പം ഓണം ആഘോഷിക്കാന്‍ ഡ്യൂട്ടി ക്രമീകരിക്കാന്‍ യൂണിറ്റ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. പോലീസുകാരില്‍ ജോലി സമ്മര്‍ദം വര്‍ധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടുത്ത കാലങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ഈ വിഷയം അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പോലും ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നടപടി.

Also Read: malabar onam sadya: ചിട്ടകളൊന്നുമില്ല, എന്നാൽ ഇറച്ചിയും മീനും മസ്റ്റ്; മലബാറിന്റെ ഓണസദ്യ വേറെ ലവല്‍

അതേസമയം, ഓണത്തിന് നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് വര്‍ധിച്ചതോടെ ബെംഗളൂരു റൂട്ടില്‍ ഒരു സ്പെഷല്‍ ട്രെയിന്‍ കൂടി അനുവദിച്ചു. സെപ്റ്റംബര്‍ 13, അതായത് ഇന്ന് മുതലാണ് ഹുബ്ബള്ളിയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് ബെംഗളൂരു വഴി സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. കൊച്ചുവേളിയില്‍ നിന്ന് 14നാണ് തിരിച്ചുള്ള സര്‍വീസ്. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഹുബ്ബള്ളി-കൊച്ചുവേളി സ്പെഷല്‍ ട്രെയിന്‍ (07333) രാവിലെ 6.55ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെട്ട് 14ന് രാവിലെ 6.45ന് കൊച്ചുവേളിയിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

തിരിച്ചുള്ള യാത്രയില്‍ കൊച്ചുവേളി-ഹുബ്ബള്ളി സ്പെഷല്‍ (07334) 14ന് ഉച്ചയ്ക്ക് 12.50ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് 15ന് ഉച്ചയ്ക്ക് 12.50നു ഹുബ്ബള്ളിയിലെത്തുന്നതാണ്. കൊല്ലം, കായംകുളം, പാലക്കാട്, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്.

എന്നാല്‍ നേരത്തെ ഓണത്തിരക്ക് കണക്കിലെടുത്ത് എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ സമയക്രമത്തില്‍ എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്ക് ഓണം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ മാസം നാല് മുതലാണ് സ്പെഷ്യല്‍ സര്‍വീസ് ആരംഭിച്ചത്. എസി 3 ടെയര്‍, എസി ചെയര്‍ കാര്‍ എന്നീ കോച്ചുകളുള്ള ട്രെയിനാണ് സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ നാല്, ആറ് തീയതികളിലും എറണാകുളത്ത് നിന്ന് അഞ്ച്, ഏഴ് തീയതികളിലും യെലഹങ്കയില്‍ നിന്ന് തിരികെയും സര്‍വീസ് നടത്തിയിരുന്നു.

കൂടാതെ ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും വേറെയും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇരുദിശകളിലേക്കുമായി 13 സര്‍വീസുകളാണ് ഇത്തവണത്തെ ഓണത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലാണ് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. രാത്രി ഒന്‍പത് മണിക്കാണ് ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നത്. പിറ്റേ ദിവസം ഉച്ചയ്ക്ക് 2.15ന് കൊച്ചുവേളിയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 2, 4, 6, 9, 11, 13, 16, 18 എന്നീ തീയതികളിലാണ് തിരിച്ചുള്ള യാത്ര. വൈകിട്ട് അഞ്ച് മണിയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 10.30ന് ബെംഗളൂരുവില്‍ എത്തിച്ചേരും.

കേരളത്തില്‍ ഓണത്തിനെത്തുന്ന സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് 11 സ്റ്റോപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ഇതുകൂടാതെ സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍ ജങ്ഷന്‍ എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും.

Also Read: Onam 2024: കറികൾ കൂടും, കഴിക്കേണ്ട വിധം മാറും; തിരുവനന്തപുരം സദ്യക്ക് പ്രത്യേകതകൾ നിരവധി

അതേസമയം, തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കമായിരിക്കുകയാണ്. പ്രവാസികളുടെ ആവശ്യത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ സര്‍വീസുകള്‍ തുടങ്ങിയത്. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് (ടിയാല്‍) ഇക്കാര്യം അറിയിച്ചത്. ആദ്യ സര്‍വീസ് സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിച്ചു.

കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഓണസമ്മാനമായാണ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചതെന്ന് ടിയാല്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ആഴ്ച്ചയിലും തിങ്കളാഴ്ച ദിവസം രാത്രി 7.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.40 ന് റിയാദിലെത്തിചേരുന്നതാണ്. എയര്‍ ഇന്ത്യയുടെ എക്‌സ്പ്രസ് ഫ്‌ലൈറ്റ് നമ്പര്‍ IX 521 ആണ് സര്‍വീസ് നടത്തുന്നത്. അതേ ദിവസം തന്നെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റ് നമ്പര്‍ IX 522 മടക്കയാത്രയും നടത്തുന്നതാണ്. രാത്രി 11.20 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നതാണ്.