Onam 2024: പഴങ്കറികൾക്കായി അവിട്ടം ദിനം ; ഇത് ഓണത്തിന്റെ മറ്റൊരു മുഖം
onam 2024 specialities of Avittam: ബാക്കി വരുന്ന കറികൾ സൂക്ഷിക്കാൻ ആധുനിക സമ്പ്രദായങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഓണക്കറികളെല്ലാം ഒന്നിച്ചിട്ടു വയ്ക്കുമായിരുന്നു എന്നും പറയുന്നു.
കൊച്ചി: ഉത്രാടത്തിന് പുത്തനുടുക്കണം, തിരുവോണത്തിന് അലക്കിയത് ഉടുക്കണം, അവിട്ടത്തിൽ പഴയത് കഴിക്കണം തുടങ്ങി പല വിശ്വാസങ്ങളുമുണ്ട്. ഓണമെന്നാൽ പുത്തനുടുക്കണം സദ്യയുണ്ണണം എന്ന് വിശ്വസിക്കുന്ന മലയാളിക്ക് തീരെ ദഹിക്കാത്ത ആചാരമാണ് ഇത്.
അവിട്ടം നക്ഷത്രത്തിലുള്ള ഓണപ്പിറ്റേന്ന് മൂന്നാം ഓണമായാണ് ആഘോഷിച്ചു വരുന്നത്. ഓണദിനത്തിൽ ആരും പട്ടിണി കിടക്കാൻ പാടില്ലെന്നതിനാൽ ആവശ്യത്തിലേറെ ആഹാര സാധനങ്ങൾ ഉണ്ടാക്കുന്ന പതിവ് ഉണ്ട്. തിരുവോണ ദിവസം ഉണ്ടാക്കുന്ന ആവശ്യത്തിലധികമുള്ള ഈ ഭക്ഷണസാധനം എന്തായാലും ബാക്കി വരും.
മിച്ചം വരുന്നത് പണ്ടുളളവർ കളയാറില്ല. അന്നം കളയുന്നത് പാപമെന്നു വിശ്വസിച്ച തലമുറയാണല്ലോ അന്നത്തേത്. ഇന്ന് അതത്ര കാര്യമല്ലെങ്കിലും ദാരിദ്രം നിലനിന്ന അന്ന് വല്ലപ്പോഴുമുണ്ടാക്കുന്ന പല വിഭവങ്ങളും കളയാൻ മടിവരും. ഇങ്ങനെ ബാക്കി വരുന്ന കറികൾ സൂക്ഷിക്കാൻ ആധുനിക സമ്പ്രദായങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ഓണക്കറികളെല്ലാം ഒന്നിച്ചിട്ടു വയ്ക്കുമായിരുന്നു എന്നും പറയുന്നു.
തിരുവോണ ദിവസം ബാക്കി വരുന്ന കറികൾ അവിട്ടം ദിനമായ അടുത്ത ദിവസം പുതിയൊരു കറിയാക്കി ഇങ്ങനെ മാറ്റും. പലയിടങ്ങളിലും, ഓണക്കാടി, കാടിയോണം, അവിട്ടക്കട്ട, പഴംകൂട്ടാൻ അങ്ങനെ പല പേരുകളിലാണ് ഇത് അറിയപ്പെട്ടിരുന്നത്.
ഓണക്കാടി കുടിച്ചില്ലെങ്കിലും പഴകാത്ത തലേന്നത്തെ കറികൾ കൂട്ടിയുള്ള അവിട്ട സദ്യ ഇന്നും പലയിടത്തുമുണ്ട്. കൂടാതെ ഓണത്തോട് അനുബന്ധിച്ചു വയ്ക്കുന്ന മാവേലിയുടെ മൺപ്രതിമയും തുമ്പക്കുടവും മറ്റും മാറ്റാതെ ഇന്നു കൂടി തറയിൽ നിലനിർത്തും.