Balaramapuram Kaithari: അനശ്വര രാജൻ്റെ കല്യാണ സാരി ഇവിടെനിന്നും…; 400 രൂപയുടെ മുണ്ടിനോട് മത്സരിക്കുന്ന കൈത്തറി, ബാലരാമപുരം കൈത്തറിയുടെ ഇരുണ്ട കാലം
Balaramapuram Kaithari: ഒരു സാരി നെയ്തെടുക്കാൻ എട്ടുമണിക്കൂറിൽ കൂടുതൽ വേണം. അതായത് കുറഞ്ഞത് രണ്ട് ദിവസമെങ്കിലും എടുക്കും. ഒരു സാരി നെയ്യാൻ 350 രൂപയാണ് തൊഴിലാളിക്ക് നൽകുന്ന കൂലി. രണ്ട് ദിവസമെടുത്ത് ചെയ്യുന്ന സാരിക്ക് ലഭിക്കുന്ന പണിക്കൂലി മുണ്ടിനേക്കാൾ 20 രൂപ മാത്രമാണ് കൂടുതൽ.
ബാലരാമപുരം കൈത്തറിയെന്നാൽ ഒരിടത്ത് മാത്രം ഒതുങ്ങുന്ന ഒന്നല്ല. അതിൽ പള്ളിച്ചൽ, വെങ്ങാനൂർ, കല്ലിയൂർ, അതിയന്നൂർ, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നെയ്യുന്ന കൈത്തറി വസ്ത്രങ്ങളും ഉൾപ്പെടും. ഒരുകാലത്ത് പ്രൗഢിയിൽ നിലകൊണ്ടിരുന്ന കൈത്തറി ശാലകളിൽ പലതും ഇന്ന് ആളൊഴിഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്. അവശേഷിക്കുന്നതിലാകട്ടെ എണ്ണിപ്പെറുക്കിയെടുക്കാനുള്ള ആളുകൾ മാത്രമാണ് ഉള്ളത്. അരലക്ഷത്തിലേറെ പേർ പണിയെടുത്തിരുന്ന, പലരും പാരമ്പര്യമായി കണ്ടിരുന്ന നെയ്ത്തുശാലകൾക്ക് ഇന്ന് എന്താണ് സംഭവിച്ച്?
ഓണവിപണികളിൽ വസ്ത്രവ്യാപാരം പൊടിപൊടിക്കുമ്പോഴും ചെയ്ത ജോലിക്ക് കൂലി കിട്ടാതെ ജീവിക്കുന്ന കുറെയധികം തൊഴിലാളികളുടെ നേർ ചിത്രം കൂടിയാണ് ഇന്ന് ബാലരാമപുരത്തെ നെയ്ത്ത് ഗ്രാമങ്ങൾ. സർക്കാർ നിർദ്ദേശപ്രകാരം നെയ്ത തുണിക്ക് പോലും കൂലിയില്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികളുടെ കണ്ണീര് കൂടി കലർന്നതാണ് അവർ നെയ്യുന്ന വസ്ത്രങ്ങളും.
കൂലിയില്ലാത്തതിനാൽ ജോലിക്ക് ആളെ കിട്ടാനില്ല. ചെയ്യുന്ന ജോലിക്കാകട്ടെ…..
1954-ലാണ് വടക്കേവിള ഹാൻഡ്ലൂം സൊസൈറ്റി തുടങ്ങുന്നത്. ആളുകൾ കൈത്തറി വസ്ത്രങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന കാലത്ത് വളരെയധികം പ്രൗഢിയോടെ നിന്നിരുന്ന മേഖലയാണിത്. എന്നാൽ ഇന്നിതിൻ്റെ അവസ്ഥ വളരെ മോശമാണ്. ആരും തിരിഞ്ഞുനോക്കുന്നില്ല എന്നതാണ് സത്യം. നെയ്ത് വളരെ കുറവാണ്. വസ്ത്രങ്ങൾ നെയ്യാനുള്ള സാധനങ്ങൾ പോലും കിട്ടാകനിയാണ്. സർക്കാർ തരേണ്ട നൂല് പോലും ഇല്ലാത്ത അവസ്ഥ. ചെയ്ത ജോലിക്ക് കൂലിയുമില്ല. മുമ്പ് തന്നുകൊണ്ടിരുന്ന പല സഹായങ്ങളും ഇപ്പോൾ ലഭിക്കുന്നില്ല. ജീവിക്കാനുള്ളത് പോലും കിട്ടാത്തൊരു അവസ്ഥയായതിനാൽ പലരും ഇന്ന് ഈ തൊഴിൽ വിട്ട് മറ്റ് ജോലികളെ ആശ്രയിക്കുകയാണ്.
ഓണം വിപണികളിൽ വസ്ത്രത്തിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും തൊഴിലാളികളെ തിരിഞ്ഞുനോക്കാത്ത സാഹചര്യമാണ് നിലവിൽ. ഓണത്തോടനുബന്ധിച്ച് സർക്കാർ സ്റ്റാളുകളിൽ മാത്രമാണ് കൈത്തറി വസ്ത്രങ്ങൾ വിപണിയിലുള്ളത്. എന്നാൽ അവിടെയാകട്ടെ വിറ്റുവരവ് ഇല്ലതാനും. പണ്ട് വേഷ്ടികളും സാരികളും മുണ്ടുകളും ബെഡ്ഷീറ്റുകളും അങ്ങനെ വിവിധ തുണിത്തരങ്ങൾ നെയ്തിരുന്ന സ്ഥാനത്ത് ഇന്ന് വളരെ ചുരുക്കം തുണികൾ മാത്രമാണ് നെയ്ത് പോകുന്നത്. കൂലിയില്ലാത്തതിനാൽ ജോലിക്ക് ആളെ കിട്ടാനില്ല. ചെയ്യുന്ന ജോലിക്കാകട്ടെ തുശ്ചമായ കൂലി കിട്ടുന്നത് വളരെ വൈകിയും. എല്ലാ ദിവസവും നെയ്ത്ത് നടന്നിരുന്ന സ്ഥാനത്ത് ഇന്ന് മാസത്തിൽ വല്ലപ്പോഴും മാത്രമാണ് ജോലിയുണ്ടാവുക.
എൻഎച്ച്ഡിസി വഴിയാണ് വസ്ത്രങ്ങൾ നെയ്യുന്ന നൂലുകൾ ഇവിടേക്ക് എത്തുന്നത്. പവർ ലൂമിങ്ങ് വന്നതോടെയാണ് കൈത്തറി മേഖലയ്ക്ക് കോട്ടം തട്ടിയത്. ഉണക്കുപാവിൽ നെയ്തുവരുന്ന വസ്ത്രങ്ങളാണ് ഇവിടെ കൂടുതലായുമുള്ളത്. അതിന് വില അല്പം കൂടുതലാണ്. അത്തരത്തിൽ നെയ്തെടുക്കുന്ന ഒരു മുണ്ടിന് ഏകദേശം 1200 രൂപ മുതൽ വില വരും. എന്നാൽ പവർ ലൂമിങ്ങ് വഴി നെയ്തെടുക്കുന്ന മുണ്ടിന് 400 രൂപ മുതലാണ് വില. ഇത് കൈത്തറി മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അങ്ങനെ വിലകുറഞ്ഞ വസ്ത്രങ്ങൾക്ക് പിന്നാലെയായി ആളുകൾ.
സർക്കാരിൻ്റെ ഹാൻഡെക്സ് പോലുള്ള വ്യാപാര കേന്ദ്രങ്ങളാണ് ഇവിടെ നിന്ന് വസ്ത്രങ്ങൾ വാങ്ങുന്നത്. ചുരുക്കം ചിലർ മാത്രം ഇവിടെ നേരിട്ട് വന്ന് വാങ്ങിപോകുന്നുണ്ട്. കൈത്തറി എന്ന പേരിൽ നടക്കുന്ന വ്യാജ വിപണിയിൽ പറ്റിക്കപ്പെടുന്നവരും ഉണ്ട്. ഒരു മുണ്ട് നെയ്തെടുക്കാൻ ഒരു ദിവസമാണ് വേണ്ടിവരുന്നത്. അത്തരത്തിൽ ഒരു മുണ്ട് നെയ്താൽ കൈത്തറി തൊഴിലാളികൾക്ക് ലഭിക്കുന്നത് പരമാവധി 330 രൂപയാണ്. അതും എട്ടുമണിക്കൂറോളം നിന്ന് പണിയെടുത്താൽ മാത്രം. ഒരു മുണ്ട് മാത്രമേ ഒരാൾക്ക് ഒരു ദിവസം നെയ്യാൻ സാധിക്കുകയുള്ളൂ.
ഒരു സാരി നെയ്തെടുക്കാൻ എട്ടുമണിക്കൂറിൽ കൂടുതൽ വേണം. അതായത് കുറഞ്ഞത് രണ്ട് ദിവസമെങ്കിലും എടുക്കും. ഒരു സാരി നെയ്യാൻ 350 രൂപയാണ് തൊഴിലാളിക്ക് നൽകുന്ന കൂലി. രണ്ട് ദിവസമെടുത്ത് ചെയ്യുന്ന സാരിക്ക് ലഭിക്കുന്ന പണിക്കൂലി മുണ്ടിനേക്കാൾ 20 രൂപ മാത്രമാണ് കൂടുതൽ. എന്നാൽ നെയ്ത്തിൽ ഏറെ എളുപ്പം ബെഡ്ഷീറ്റുകളാണ്. ഒരു ദിവസം മൂന്ന് മുതൽ നാലെണ്ണം വരെ നെയ്തെടുക്കാൻ സാധിക്കും.
കാണുന്നവർക്ക് നിസാരമെന്ന് തോന്നുമെങ്കിലും ഏറെ സൂക്ഷ്മതയും വൈദഗ്ധ്യവും വേണ്ട ജോലിയാണ് ഇത്. അശ്രദ്ധമായി പണിയെടുത്ത് നൂലും കസവുമൊക്കെ വെറുതെ നെയ്ത് നശിപ്പിച്ചാൽ നഷ്ടം നെയ്ത്ത്കാരൻ വഹിക്കേണ്ടി വരും. വീട്ടുജോലികൾക്ക് പോയാൽ ഒരു ദിവസം ഇതിനേക്കാൾ കൂടുതൽ കൂലി കിട്ടുമെന്നതിനാൽ പലരും ഇന്ന് ഈ മേഖലയിൽ സജീവമല്ല. വരും കാലത്ത് തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയിലേക്ക് കൈത്തറി മേഖല മാറുമെന്നും സ്ഥാപനത്തിൻ്റെ സെക്രട്ടറിയായ ഷൈജു പറയുന്നു.
സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഇൻകം സപ്പോർട്ട് എന്നൊരു പദ്ധതി ഇവർക്കായുണ്ട്. എന്നാൽ ആ പദ്ധതി പ്രകാരം 2018 വരെയുള്ള തുക മാത്രമാണ് തൊഴിലാളികൾക്ക് നൽകിയിട്ടുള്ളത്. അതിന് വേണ്ട അപേക്ഷകളും മറ്റും അയച്ചിട്ടുണ്ടെങ്കിലും ഫണ്ട് അനുസരിച്ച് മാത്രമേ പണം നൽകുകയുള്ളൂ. ഒരു സമയത്ത് വീടുകളിലും സ്ഥാപനങ്ങളിലുമായി ഈ പ്രദേശത്ത് 750 ഓളം നെയ്ത് ശാലകൾ പ്രവർത്തിച്ചുകൊണ്ടിരുന്നു. എന്നാൽ ഇന്നത് ചുരുങ്ങി 100-115 തൊഴിലാളികൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന് വേണ്ടിയും ഇവിടെ വസ്ത്രങ്ങൾ നെയ്തിട്ടുണ്ട്. അനശ്വര രാജൻ കല്ല്യാണത്തിന് ധരിക്കുന്ന കസവിൻ്റെ സെറ്റും മുണ്ടും വടക്കേവിള നെയ്ത് ശാലയിൽ തയ്യാറാക്കിയതാണ്. ഇതിന് ഏകദേശം 8000 രൂപയോളം വില വരുന്നു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ നേരിട്ടെത്തി നെയ്ത് ശാലയെ സമീപിക്കുകയായിരുന്നു.
യൂണിഫോം നെയ്താലും കൂലിയില്ല
കൈത്തറി മേഖലയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ നിരവധി തൊഴിലാളികൾ ഈ മേഖല വിട്ട് പോയി. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ യൂണിഫോം കൈത്തറിയിൽ മതിയെന്നുള്ള തീരുമാനവുമായി രംഗത്തെത്തിയത്. അങ്ങനെ കൈത്തറി മേഖലയിൽ ഉണർവ് വരികയും വിട്ടുപോയ പലരും തിരികെ വരികയും ചെയ്തു. എന്നാൽ സർക്കാരിന് സാമ്പത്തിക ഞെരുക്കം വന്നതോടെ വീണ്ടും പഴയതുപോലെ ആയി. കഴിഞ്ഞ വർഷം മൂന്ന് മാസം നെയ്യാനുള്ള നൂല് മാത്രമാണ് നെയ്ത് ശാലകളിൽ പലതിനും ലഭിച്ചത്.
ഗവൺമെൻ്റ് സ്കൂൾ യൂണിഫോമിനായി 43 ലൂമുകളാണ് പ്രവർത്തിക്കുന്നത്. യൂണിഫോമിന് വേണ്ടി ഒരു മീറ്റർ നീളത്തിൽ തുണി നെയ്തെടുക്കുന്നതിന് 68 രൂപയാണ് കൂലിയായി നൽകുന്നത്. വൈദഗ്ധ്യവും ആരോഗ്യമുള്ളവരുമാണെങ്കിൽ ഒരു ദിവസം ഒരു മീറ്റർ എന്ന കണക്കിൽ ആകെ അഞ്ച് മീറ്റർ തുണി പരമാവധി നെയ്തെടുക്കാം. ഇതിൻ്റെ കൂലി സർക്കാർ നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. എന്നാൽ ഓണമായിട്ടും ചെയ്ത പണിക്ക് കൂലി നൽകിയിട്ടില്ല. 2023 ഡിസംബർ വരെയുള്ള തുകയാണ് അവസാനമായി സർക്കാർ തൊഴിലാളികൾക്ക് നൽകിയിട്ടുള്ളത്. ഈ വർഷം ജനുവരി മുതൽ ഇവർ നെയ്തെടുത്ത വസ്ത്രങ്ങൾക്ക് ഇതുവരെ വിദ്യാഭ്യാസ വകുപ്പ് കൂലി നൽകിയിട്ടില്ല.
ഫണ്ട് ഇല്ലാത്തതാണ് കൂലി നൽകാൻ വൈകുന്നത് എന്നാണ് സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്നും ഈ മേഖലയ്ക്ക് സഹായം ലഭിച്ചിട്ടില്ല. ഹാൻഡെക്സിൻ്റെ ഭാഗത്ത് നിന്ന് 60 ലക്ഷത്തോളം രൂപയാണ് നൽകാനുള്ളത്. ഇതെല്ലാം എപ്പോൾ കിട്ടുമെന്ന ചോദ്യത്തിന് മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് ഇവിടുത്തെ തൊഴിലാളികൾ. സഹകരണ സംഘങ്ങൾക്ക് പുറമെ സ്വകാര്യ സംരംഭകരും ചേരുന്നതാണ് ബാലരാമപുരത്തെ കൈത്തറി മേഖല. വൈദഗ്ധ്യം ഏറെ വേണ്ട ജോലി ആയിട്ട് പോലും സമൂഹത്തിൽ ഇവർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നതാണ് സത്യം. കൂലിയില്ലായ്മയും സോഷ്യൽ സ്റ്റാറ്റസ് ഇല്ലാത്ത ജോലിയെന്ന ചിന്തയും കാരണം പുതിയ തലമുറ ഈ ജോലി തിരഞ്ഞെടുക്കാൻ മടിക്കുന്നു എന്നത് മറ്റൊരു പ്രതിസന്ധിയാണ്.