5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024 : മലയാളികൾ മറന്നുപോയ ഓണച്ചൊല്ലുകൾ; അറിയാം, തട്ടിൻപുറത്ത് പൊടിപിടിച്ചിരിക്കുന്ന നമ്മുടെ പഴമ

Onam 2024 Onachollukal : ഓണവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ ഒരുപാടുണ്ട്. ഓണച്ചൊല്ലുകളെന്നാണ് ഇവ അറിയപ്പെടുന്നത്. ഈ ഓണച്ചൊല്ലുകൾ ചിലത് പരിചയപ്പെടാം.

Onam 2024 : മലയാളികൾ മറന്നുപോയ ഓണച്ചൊല്ലുകൾ; അറിയാം, തട്ടിൻപുറത്ത് പൊടിപിടിച്ചിരിക്കുന്ന നമ്മുടെ പഴമ
Onam 2024 Onachollukal (Image Courtesy - Pixaby)
abdul-basith
Abdul Basith | Published: 24 Aug 2024 19:21 PM

വീണ്ടുമൊരു ഓണക്കാലം വന്നെത്തുമ്പോൾ മലയാളി തട്ടിൻപുറത്ത് കയറ്റിവച്ച പഴമയോർമ്മകളിൽ പൊടിപിടിച്ച് ചിലന്തിവല പൊതിഞ്ഞിരിക്കുന്ന ചിലതുണ്ട്. അവയിൽ പെട്ടതാണ് ഓണച്ചൊല്ലുകൾ. പഴഞ്ചൊല്ലുകൾ വരെ ഇക്കാലത്ത് നാം ഉപയോഗിക്കാറില്ല. ഓണച്ചൊല്ലുകളാവട്ടെ തീരെയില്ല. ഒരിക്കൽ നമ്മുടെ നാട്ടകങ്ങളിൽ ചിരപരിചിതമായിരുന്ന ചില ഓണച്ചൊല്ലുകൾ പരിചയപ്പെടാം.

കാണം വിറ്റും ഓണം ഉണ്ണണം

നമ്മളിൽ പലരും കേട്ട പഴഞ്ചൊല്ലാവുമിത്. ഏറ്റവും പ്രശസ്തമായ ഓണച്ചൊല്ലുകളിൽ ഒന്ന്. പണ്ട്, ജന്മി- കുടിയാൻ സമ്പ്രദായ നിലനിന്ന കാലത്ത് കുടിയാന്മാർ ജന്മിമാരിൽ നിന്ന് പാട്ടത്തിന് കൃഷിസ്ഥലം വാങ്ങും. ഈ സ്ഥലത്തിന് കുടിയാന്മാർ ജന്മിമാർക്ക് നികുതി നൽകും. ഇതാണ് കാണം. പഞ്ഞ മാസമായ കർക്കിടകം കഴിഞ്ഞെത്തുന്ന ചിങ്ങത്തിൽ കാണപ്പണം മാത്രമാവും കുടിയാന്മാരുടെ പക്കലുള്ളത്. ഈ പണം കൊണ്ടേ പിന്നെ കൃഷിസ്ഥലം പാട്ടത്തിനെടുക്കാനാവൂ. അത്ര പ്രാധാന്യമുള്ള ഈ കാണം വിറ്റിട്ടാണെങ്കിലും ഓണം ആഘോഷിക്കണമെന്നതാണ് ഈ പഴഞ്ചൊല്ല് കൊണ്ടുള്ള അർത്ഥം.

അത്തം കറുത്താൽ ഓണം വെളുക്കും

ഇത് കാലാവസ്ഥയുമായി ബന്ധപ്പെട്ട ഓണച്ചൊല്ലാണ്. അത്തത്തിന് മഴ പെയ്താൽ ഓണദിവസം മഴയുണ്ടാവില്ല എന്നതാണ് ഈ പഴഞ്ചൊല്ല്. അത്തത്തിൽ തെളിച്ചമുള്ള കാലാവസ്ഥയാണെങ്കിൽ ഓണത്തിന് മഴയാവും. ഇന്ന് അതൊക്കെ മാറി. കാലാവസ്ഥാ വ്യതിയാനത്തിൽ ഈ പഴഞ്ചൊല്ലിന് പ്രസക്തിയില്ലാതായി.

Also Read : Onam 2024: ‘ഹയ്യത്തടാ…. തല്ല് കൊള്ളുവാണേൽ ഓണത്തല്ല് കൊള്ളണം’; വെറുമൊരു കലാരൂപം മാത്രമായി കാണേണ്ട അവിട്ടത്തല്ലനെ

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ കഞ്ഞി

ദാരിദ്ര്യത്തിൻ്റെ ഭീകരത പറയുന്ന ചൊല്ല്. ഓണം പോലെ എല്ലാവരും ആഹ്ലാദിക്കുന്ന ആഘോഷം വന്നാലും കുഞ്ഞ് ജനിക്കുന്നത് പോലെ സന്തോഷം വന്നാലും കോരൻ അഥവാ ദരിദ്രന് പട്ടിണി തന്നെ എന്നാണ് ഈ പഴഞ്ചൊല്ലിൻ്റെ വിവക്ഷ. വീട്ടുമുറ്റത്തു കുഴി കുത്തി ഇലയിട്ട് അടിയന്‍മാര്‍ക്കു കഞ്ഞികൊടുത്തിരുന്ന പഴയകാല രീതിയും ഈ പഴഞ്ചൊല്ലിലുണ്ട്.

ഓണമുണ്ട വയറേ ചൂളം പാടിക്കിട
ഇതും ദാരിദ്ര്യത്തെ ഓർമിപ്പിക്കുന്ന ഓണച്ചൊല്ലാണ്. ഓണത്തിലെ വിഭവസമൃദ്ധ സദ്യയൊക്കെ മറന്നേക്കൂ. ഇപ്പോൾ പട്ടിണിയാണെന്നതാണ് ഈ ചൊല്ലിൽ പറയുന്നത്.

ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം
കോമഡി ഓഡിയോ ക്യാസറ്റുകളിലൂടെ പ്രശസ്തമായ പഴഞ്ചൊല്ല്. ഓണം പോലെ സുപ്രധാനമായ ഒരു കാര്യത്തിനിടയ്ക്ക് അതുമായി ബന്ധമില്ലാത്ത മറ്റൊരു കാര്യവുമായി എത്തുന്നതിനെയാണ് ഈ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്.

ഓണച്ചൊല്ലുകൾ ഇനിയും നിരവധിയുണ്ട്. നമുക്കേറെ അറിയുന്ന ചില ചൊല്ലുകൾ മാത്രമാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്.