5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: ഓണത്തിന് പച്ചക്കറി വാങ്ങി കീശ കാലിയാകുമോ..? സാധാരണക്കാർക്ക് താങ്ങായി ഹോർട്ടികോർപ്പ്

Horticorp Market For Onam: നാടൻ പച്ചക്കറിയുടെ ക്ഷാമം കണക്കിലെടുത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും ഇവ ശേഖരിക്കുന്നുണ്ട്. നിലവിൽ പച്ചക്കറി വില കുറഞ്ഞെങ്കിലും ഓണം അടുക്കുന്നതോടെ കുതിച്ചുയരുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.

Onam 2024: ഓണത്തിന് പച്ചക്കറി വാങ്ങി കീശ കാലിയാകുമോ..? സാധാരണക്കാർക്ക് താങ്ങായി ഹോർട്ടികോർപ്പ്
Horticorp Onam market. (Represental Image)
neethu-vijayan
Neethu Vijayan | Published: 27 Aug 2024 11:28 AM

ഓണത്തിന് (Onam) സാധാരണക്കാർക്ക് ആശ്വാസമായി വിപണിയിൽ ഇടപെടലുമായി ഹോർട്ടികോർപ്പ് (Horticorp). കുതിച്ചുയരുന്ന പച്ചക്കറിവില പിടിച്ചുനിർത്താൻ (hike in vegetables) ജില്ലയിൽ 155 ചന്തകളാണ് ഹോർട്ടികോർപ്പ് ആരംഭിക്കുന്നത്. അതോടെ പച്ചക്കറികൾ സബ്സിഡി വിലയിൽ ലഭ്യമായി തുടങ്ങും. നിലവിൽ ജില്ലയിലുള്ള ഹോർട്ടികോർപ്പിന്റെ 10 സ്റ്റാളുകളിലും ചന്തകൾ സജ്ജമാക്കും. സെപ്തംബർ 11 മുതലാണ് ഹോർട്ടികോർപ്പിൻ്റെ വിപണി സജീവമാകുക.

കൃഷിയിടങ്ങളിൽ നിന്ന് ഹോർട്ടികോർപ്പ് നേരിട്ട് സംഭരിക്കുന്ന നാടൻ പഴങ്ങളും പച്ചക്കറികളുമാണ് പൊതുജനങ്ങൾക്ക് പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ എത്തിച്ചുനൽകുന്നത്. എന്നാൽ കർഷകർ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ വിപണി വിലയേക്കാൾ പത്തുശതമാനം അധികം നൽകിയാണ് ഹോർട്ടികോർപ്പ് സംഭരിക്കുന്നത്. നാടൻ പച്ചക്കറിയുടെ ക്ഷാമം കണക്കിലെടുത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും ഇവ ശേഖരിക്കുന്നുണ്ട്. നിലവിൽ പച്ചക്കറി വില കുറഞ്ഞെങ്കിലും ഓണം അടുക്കുന്നതോടെ കുതിച്ചുയരുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും വിവിധ ഓണ ഫെയറുകൾ പ്രവർത്തിക്കും.

കൃഷിവകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്തകളാണ് ഇക്കുറി നടത്തുക. പൊതുവിപണിയിൽ കാർഷികോത്പന്നങ്ങൾക്ക് വിലവർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ പരിധിയിലും കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും നടത്താൻ കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്. 1076 വിപണി കൃഷിവകുപ്പ് നേരിട്ടും 160 എണ്ണം വിഎഫ്പിസികെ വഴിയും 764 എണ്ണം ഹോർട്ടികോർപ്പ് വഴിയുമാണ് ആരംഭിക്കുക. സെപ്റ്റംബർ 11 മുതൽ 14 വരെ ഇവ പ്രവർത്തിക്കുന്നതാണ്. കർഷകരിൽ നിന്ന് നേരിട്ടും ഹോർട്ടികോർപ്പിൽ നിന്നും ഉത്‌പന്നങ്ങൾ സംഭരിക്കും.

ALSO READ: ഇനി ഓണക്കിറ്റ് വാങ്ങാൻ സപ്ലൈകോയിൽ എത്തണോ? ആലോചനകളുമായി സർക്കാർ

കൃഷിഭവൻ തലത്തിലുള്ള ഓണവിപണികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ നേതൃത്വത്തിലും ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും പങ്കാളിത്തത്തോടെയുമാണ് ഓണവിപണികൾ നടത്തുന്നത്. ഒരു ജില്ലയിൽ അധികമായി ഉത്‌പാദിപ്പിക്കുന്ന കാർഷികോത്‌പന്നങ്ങൾ ലഭ്യതക്കുറവുള്ള ജില്ലകളിൽ വിതരണം ചെയ്യേണ്ട ചുമതല ഹോർട്ടികോർപ്പ് നിർവഹിക്കുമെന്നും വൃത്തങ്ങൾ പറയുന്നു.

അതേസമയം സപ്ലൈകോയുടെ നേതൃത്വത്തിൽ 14 ഓണച്ചന്തകളാണ് ഒരുങ്ങുന്നത്. താലൂക്ക് തലം, നിയമസഭാമണ്ഡലം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള ഫെയറുകൾ 10 മുതലാണ് ആരംഭിക്കുക. ഇതിനു പുറമെ സംസ്ഥാനത്തെ സപ്ലൈകോ മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലും പ്രത്യേക ഫെയറുകൾ ഒരുക്കിയിട്ടുണ്ട്. സബ്സിഡി ഇനങ്ങളും നോൺ സബ്സിഡി ഇനങ്ങളും ചന്തകളിൽ ലഭിക്കും.

ഓണം ഉഷാറാക്കാൻ വിപണന മേളകൾ

കൺസ്യൂമർഫെഡ്

കൺസ്യൂമർഫെഡ് ഓണച്ചന്തകൾ സെപ്റ്റംബർ ഏഴു മുതൽ 14 വരെയാണ് നടക്കുക. 126 സഹകരണ സംഘങ്ങളിലും 16 ത്രിവേണി സ്റ്റോറുകളിലുമായി 146 വിപണന മേളകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ഇതിലൊരെണ്ണം ജില്ലാ മേള ആയിരിക്കും. സബ്സീഡി നിരക്കിൽ 926 രൂപയ്ക്ക് 15 ഓളം സാധനങ്ങളാണ് ഇവിടെ ലഭിക്കുക.

കുടുംബശ്രീ

ഓണവിപണി ലക്ഷ്യമിട്ട് സ്വന്തം ബ്രാൻഡിൽ ഉപ്പേരിയും ശർക്കര വരട്ടിയും മറ്റ് ഉത്പന്നങ്ങളുമായി ഓണം ഫെയറുകൾ നടത്താനൊരുങ്ങുകയാണ് കുടുംബശ്രീ. ഓരോ സിഡിഎസുകളുടെ നേതൃത്വത്തിലായിരിക്കും ഫെയറുകൾ സംഘടിപ്പിക്കുക. പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ട് ഫെയറുകളും നഗരസഭ കേന്ദ്രീകരിച്ച് നാലും കോർപ്പറേഷൻ പരിധിയിൽ 10 ഫെയറുകളും നടത്താനാണ് കുടുംബശ്രീയുടെ തീരുമാനം.

ജില്ലയിലെ 102 സിഡിഎസുകളിൽ നിന്നായി 1000ൽ അധികം സ്ത്രീകളാണ് ഫെയറുകളിൽ പങ്കാളികളാകുക. കുടുംബശ്രീ ബ്രാൻഡിലാണ് വില്പനയ്ക്കെത്തിക്കുക. ഓണത്തിന് ഒരാഴ്ച മുമ്പ് തന്നെ ഫെയറുകൾ തുടങ്ങാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

ഖാദി

ഖാദി ഓണം ഫെയർ ഈ മാസം 15 മുതൽ ആരംഭിച്ചു. സെപ്റ്റംബർ 14 വരെയാണ് വിപണനമേള ഉണ്ടാകുക. കലൂരിലാണ് ജില്ലാതല മേള നടക്കുന്നത്. കൂടാതെ എട്ട് ഔട്ലെറ്റുകളിലും മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. 30 ശതമാനം വിലക്കുറവിൽ മേളയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങാനാവുന്നതാണ്.

Latest News