Onam 2024 : നമ്മൾ പൂക്കളമൊരുക്കുന്നത് തമിഴ്നാടിൻ്റെ സഹായത്തോടെ; ഓണത്തിനൊരുങ്ങി തമിഴ് പൂപ്പാടങ്ങൾ
Onam 2024 Flower Fields In Tamilnadu : കേരളം ഓണാഘോഷത്തിനൊരുങ്ങുമ്പോൾ തമിഴ്നാട്ടിലെ പൂപ്പാടങ്ങളും ഒപ്പം തയ്യാറാവുകയാണ്. മലയാളികൾ പൂക്കളമൊരുക്കുന്നത് തമിഴ്നാട്ടിൽ നിന്നെത്തുന്ന പൂക്കൾ കൊണ്ടാണ്. തേനിയാണ് പ്രധാനമായും പൂക്കൾ കൃഷി ചെയ്യുന്നത്.
നമ്മൾ മലയാളികളുടെ ആഘോഷമാണ് ഓണം. എന്നാൽ, കുറച്ചുകാലമായി ഓണക്കാലം തമിഴ്നാട്ടിലും ആഘോഷക്കാലമാണ്. കാരണം, ഓണത്തിന് നമ്മൾ നമ്മുടെ മുറ്റത്തൊരുക്കുന്ന പൂക്കളങ്ങളിലെ പൂക്കളിൽ ഏരിയ പങ്കുമെത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. മലയാളികൾ ഓണത്തിനൊരുങ്ങുമ്പോൾ തമിഴിലെ പൂപ്പാടങ്ങളും നമുക്കൊപ്പമൊരുങ്ങും. പൂക്കൾ മാത്രമല്ല, സദ്യവട്ടങ്ങൾക്കുള്ള പച്ചക്കറികളും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്.
തേനി ജില്ലയിൽ ഗ്രാമങ്ങൾ തോറും പൂപ്പാടങ്ങളാണ്. കിലോമീറ്ററുകളോളം നീണ്ട് പരന്ന് കിടക്കുന്ന പൂപ്പടങ്ങൾ. ഏക്കറുകളോളം സ്ഥലത്ത് മുല്ലയും ജമന്തിയും റോസയുമടക്കം നിരവധി പുഷ്പങ്ങൾ വർണാഭമായ നിറങ്ങളിൽ പൂത്തുലഞ്ഞ് നിൽക്കുന്നു. ഇത് കാഴ്ചക്കാരെ ആകർഷിക്കുന്ന ടൂറിസ്റ്റ് സ്പോട്ട് കൂടിയാണ്. തേനി ജില്ലയിലെ പണ്ണെപ്പുറം, കമ്പം, ചിന്നമന്നൂര്‍, മുത്തുലാപുരം, അയ്യംപെട്ടി ഭാഗങ്ങളിലാണ് ഏറെ പൂപ്പാടങ്ങളുള്ളത്.
ഇത്തവണ മികച്ച വിളവ് ലഭിച്ചെങ്കിലും വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ ഓണാഘോഷങ്ങളിൽ നിയന്ത്രണമുണ്ടായത് ഇവരുടെ കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ തുടങ്ങി പലരും ഓണാഘോഷവും അത്തപ്പൂക്കള മത്സരവും ഉപേക്ഷിച്ചത് തേനി ഗ്രാമത്തിലെ പൂപ്പാടങ്ങളിൽ കച്ചവടം കുറച്ചെന്ന് സാരം.
Also Read : Onam 2024: തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കുന്ന വള്ളം; ഐതിഹ്യത്തേരിലേറി തിരുവോണത്തോണി
പരമ്പരാഗതമായി പൂക്കളം ഇടുന്നതിന് ചില ചിട്ടവട്ടങ്ങൾ ഉണ്ട്. സ്ഥലത്തിനനുസരിച്ച് ഇതിലും വ്യത്യാസമുണ്ടാകും. ചാണകം മെഴുകിയ തറയിലാണ് പൂക്കളം ഇടുന്നത്. ആദ്യം തുമ്പപ്പൂവാണ് ഇടുന്നത്. ആദ്യത്തെ രണ്ട് ദിവസം അതായത് അത്തം നാളിലും ചിത്തിര നാളിലും തുമ്പപ്പൂവും തുളസിയും മാത്രമാണ് ഇടാറുള്ളത്. എന്നാൽ മൂന്നാം ദിനം തൊട്ട് നിറങ്ങളുളള പൂക്കൾ വച്ച പൂക്കളം തീർക്കും. ഇത് കഴിഞ്ഞ് അഞ്ചാം ദിനം തൊട്ട് കുട കുത്തും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്. ഈർക്കിലിയില്‍ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തു വയ്ക്കുന്നതിനാണ് കുട കുത്തുക എന്നു പറയുന്നത്. ആറം ദിവസം മുതൽ പൂക്കളത്തിനു നാലു വശത്തേക്കും കാലു നീട്ടും. പിന്നീടുള്ളത് ഉത്രാട ദിനമായിരിക്കും. അന്നാണ് ഏറ്റവും വലിയ പൂക്കളം തീർക്കേണ്ടത്. തിരുവോണ ദിവസം രാവിലെ നിലവിളക്ക് കത്തിച്ചുവച്ചാണ് ആരംഭിക്കുന്നത്. അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തിൽ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക.
ചോതി നാളിലെ പൂക്കളം കൂറച്ചുകൂടി വലുതായിരിക്കും. കേരളത്തിലെ രീതിയനുസരിച്ച്, അത്തത്തിന് ഒരു പൂവ് വച്ച് ഒറ്റ കളം പൂവും ചിത്തിരക്ക് രണ്ട് പൂക്കൾ വച്ച് രണ്ട് കളം പൂവുമാണ് ഒരുക്കുന്നത്. അത്തം നാളിൽ ചുവന്ന പൂവിടാനും പാടില്ലെന്നൊരു വിശ്വാസമുണ്ട്. മൂന്നാം ദിവസം മൂന്നിനം പൂവുകൾ ഇടാമെന്നാണ് വിശ്വാസം. ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം എന്നൊരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. മൂന്നാം ദിവസമായ ചോതി നാളിൽ മാത്രമാണ് ചെമ്പരിത്തി പൂവ് പൂക്കളത്തിൽ ഉൾപ്പെടുത്തുന്നതെന്നും പറയപ്പെടിന്നു . ശംഖുപുഷ്പമാണ് ചോതി ദിവസത്തിൽ പൂക്കളത്തിൽ പ്രധാനമായും ചേർക്കേണ്ടതെന്നും വിശ്വാസമുണ്ട്. നാലാം ദിവസമായ വിശാഖം നാളിൽ ശംഖുപുഷ്പം, കോളാമ്പി, ബാൾസ്യം, അരളി എന്നീ നാലിനം പൂക്കളാണ് പൂക്കളത്തിൽ ഉൾപ്പെടുത്തേണ്ടത്. ഈ ദിവസങ്ങളിലെല്ലാം വട്ടത്തിലായിരിക്കും പൂക്കളം ഒരുക്കുക. വീട്ടുമുറ്റത്ത് മഹാബലിയ്‌ക്കായി ഇടുന്ന അത്ത പൂക്കളത്തിൽ ഇല ചേർക്കാൻ പാടില്ലെന്നും വിശ്വാസമുണ്ട്.