Onam Travel Woes: വഴിപോലുമില്ല കണ്ടുപിടിക്കാന്‍; മലബാറുകാരുടെ യാത്രാ ദുരിതം ഹൈവേയുടെ പണി തീര്‍ന്നാല്‍ എങ്കിലും മാറുമോ?
Onam 2024: ദേശീയപാത 66ന്റെ പണി നടക്കുന്നത് കാരണം വീട്ടിലേക്കുള്ള വഴി പലര്‍ക്കും അറിയില്ല. പണ്ടൊക്കെ ഏതെല്ലാം വഴി കയറിയിറങ്ങിയാല്‍ വീടെത്താമെന്ന് നമുക്ക് അറിയാമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല, ബസ്സിലൊക്കെ കയറി യാത്ര ചെയ്യുമ്പോള്‍ നമ്മളെ തട്ടിക്കൊണ്ടുപോകുകയാണോ എന്ന് വരെ തോന്നിപോകാറുണ്ട്.
ഓണം അവധിയായി ഇനി എല്ലാവര്‍ക്കും നാട്ടിലെത്തണം, വീട്ടില്‍ ഓണം ഉണ്ണണം. കേരളത്തില്‍ നിന്ന് തന്നെ വീട്ടിലേക്ക് പോകാനായാലും ഇനി കേരളത്തിന് പുറത്ത് നിന്ന് നാട്ടിലേക്ക് എത്താനും യാത്ര കുറച്ച് ബുദ്ധിമുട്ടാകും. കേരളത്തില്‍ നിന്ന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിക്കറ്റ് കിട്ടാനില്ലെന്ന പരാതിയാണുള്ളതെങ്കില്‍ കേരളത്തിലുള്ളവര്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. ദേശീയപാത 66ന്റെ പണി നടക്കുന്നത് കാരണം വീട്ടിലേക്കുള്ള വഴി പലര്‍ക്കും അറിയില്ല. പണ്ടൊക്കെ ഏതെല്ലാം വഴി കയറിയിറങ്ങിയാല്‍ വീടെത്താമെന്ന് നമുക്ക് അറിയാമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല, ബസ്സിലൊക്കെ കയറി യാത്ര ചെയ്യുമ്പോള്‍ നമ്മളെ തട്ടിക്കൊണ്ടുപോകുകയാണോ എന്ന് വരെ തോന്നിപോകാറുണ്ട്. ഇത്ര നാളും കാണാത്തതും കേള്‍ക്കാത്തതുമായ വഴികളാണ് ഇപ്പോഴുള്ളത്.
അതിനാല്‍ തന്നെ വീട്ടിലെത്താനായി തിരക്കില്ലാത്തതും നിര്‍മാണ ജോലികള്‍ ഇല്ലാത്തതുമായ റോഡുകള്‍ തിരയുകയാണ് ആളുകള്‍. എംസി റോഡ് വഴിയും മലയോര ഹൈവേ വഴിയും തെക്കോട്ട് യാത്ര ചെയ്യാമെങ്കിലും മലബാറുകാരുടെ കാര്യം കഷ്ടമാണ്. തൃശൂര്‍ മുതല്‍ വടക്കോട്ട് അല്‍പം ബുദ്ധിമുട്ടേറിയതാണ് യാത്ര.
അതുകൊണ്ട് യാത്ര പുറപ്പെടുമ്പോള്‍ ഗൂഗിള്‍ മാപ്പിലെ എല്ലാ ഫീച്ചറുകളും യാത്രക്കാരന്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഗൂഗിള്‍ മാപ്പിലെ ട്രാഫിക് ഫീച്ചര്‍ ഓണ്‍ ചെയ്താല്‍ അതില്‍ പച്ച കാണിക്കുന്ന വഴിയിലൂടെയാണ് പലരും യാത്ര ചെയ്യുന്നത്. നിര്‍മാണ ജോലികള്‍ നടക്കുന്ന വഴികള്‍ ഇതില്‍ കാണിക്കുന്നതിനാല്‍ അവിടെ കൂടിയുള്ള യാത്രയും ഒഴിവാക്കാന്‍ സാധിക്കും. ഇതുകൊണ്ടൊന്നും യാത്രാ ദുരിതം തീരുമെന്ന് പ്രതീക്ഷയില്ലാത്തവരുമുണ്ട്. കാരണം ദിവസവും ജോലിക്ക് പോകാന്‍ പോലും പലര്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം സാധിക്കുന്നില്ല.
അതേസമയം, ഓണത്തിന് നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് വര്‍ധിച്ചതോടെ ബെംഗളൂരു റൂട്ടില്‍ ഒരു സ്‌പെഷല്‍ ട്രെയിന്‍ കൂടി അനുവദിച്ചു. 13ന് ഹുബ്ബള്ളിയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് ബെംഗളൂരു വഴി സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നതാണ്. കൊച്ചുവേളിയില്‍ നിന്ന് 14നാണ് തിരിച്ചുള്ള സര്‍വീസ്. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഹുബ്ബള്ളി-കൊച്ചുവേളി സ്‌പെഷല്‍ ട്രെയിന്‍ (07333) രാവിലെ 6.55ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെട്ട് 14ന് രാവിലെ 6.45ന് കൊച്ചുവേളിയിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
തിരിച്ചുള്ള യാത്രയില്‍ കൊച്ചുവേളി-ഹുബ്ബള്ളി സ്‌പെഷല്‍ (07334) 14ന് ഉച്ചയ്ക്ക് 12.50ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് 15ന് ഉച്ചയ്ക്ക് 12.50നു ഹുബ്ബള്ളിയിലെത്തുന്നതാണ്. കൊല്ലം, കായംകുളം, പാലക്കാട്, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്.
എന്നാല്‍ നേരത്തെ ഓണത്തിരക്ക് കണക്കിലെടുത്ത് എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ സമയക്രമത്തില്‍ എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്ക് ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ മാസം നാല് മുതലാണ് സ്‌പെഷ്യല്‍ സര്‍വീസ് ആരംഭിച്ചത്. എസി 3 ടെയര്‍, എസി ചെയര്‍ കാര്‍ കോച്ചുകളുള്ള ട്രെയിനാണ് സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ നാല്, ആറ് തീയതികളിലും എറണാകുളത്ത് നിന്ന് അഞ്ച്, ഏഴ് തീയതികളിലും യെലഹങ്കയില്‍ നിന്ന് തിരികെയും സര്‍വീസ് നടത്തിയിരുന്നു.
കൂടാതെ ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും വേറെയും സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇരുദിശകളിലേക്കുമായി 13 സര്‍വീസുകളാണ് ഇത്തവണത്തെ ഓണത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലാണ് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. രാത്രി ഒന്‍പത് മണിക്കാണ് ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നത്. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 2.15ന് കൊച്ചുവേളിയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ട്, നാല്, ആറ്, ഒമ്പത്, 11, 13, 16, 18 തീയതികളിലാണ് തിരിച്ചുള്ള യാത്ര. വൈകിട്ട് അഞ്ച് മണിയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 10:30ന് ബെംഗളൂരുവിലെത്തും.
Also Read: പോലീസുകാർക്കെന്താ ഓണമില്ലേ? ഉണ്ട്, ഇത്തവണ പോലീസുകാർക്ക് വീട്ടിൽ ഓണമാഘോഷിക്കാം
കേരളത്തില്‍ ഓണത്തിനെത്തുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് 11 സ്റ്റോപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ഇതുകൂടാതെ സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍ ജങ്ഷന്‍ എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
അയല്‍ സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്നോണം ഇത്തവണത്തെ ഓണത്തിന് കെഎസ്ആര്‍ടിസിയും കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് സര്‍വീസ് ഉണ്ടാകുക. കൂടാതെ നിലവിലുള്ള ബസുകള്‍ക്ക് പുറമെ ഓരോ ദിവസവും 58 അധിക ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.