O R Kelu Minister: വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രി, ഒ ആർ കേളുവിൻ്റെ സത്യപ്രതിജ്ഞ ഇന്ന്
O R Kelu : പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് അദ്ദേഹം ചുമതലയേൽക്കുക. ഇതോടെ വയനാട്ടിൽ നിന്ന് മന്ത്രിസ്ഥാനത്തേക്ക് എത്തുന്ന ആദ്യ സി.പി.എമ്മുകാരനാകും അദ്ദേഹം.
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി കെ രാധാകൃഷ്ണൻ്റെ ഒഴിവിൽൽ ഒ ആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കെ രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. അപ്പോൾ വന്ന ഒഴിവിലേക്കാണ് ഒ ആർ കേളുവിനെ തിരഞ്ഞെടുത്തത്.
പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് അദ്ദേഹം ചുമതലയേൽക്കുക. ഇതോടെ വയനാട്ടിൽ നിന്ന് മന്ത്രിസ്ഥാനത്തേക്ക് എത്തുന്ന ആദ്യ സി.പി.എമ്മുകാരനാകും അദ്ദേഹം. കൂടാതെ വയനാട് ജില്ലയ്ക്ക് ആദ്യമായാണ് പിണറായി മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത് എന്നതും ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്.
ALSO READ : കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒആര്‍ കേളു മന്ത്രി
പികെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്നയാൾ കൂടിയാണ് കേളു. രണ്ടുവട്ടം പി.കെ ജയലക്ഷ്മിയെ തോൽപിച്ച ചരിത്രവും കേളുവിനുണ്ടെന്നത് മറ്റൊരു വസ്തുത.
രാജ്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരാണ് ആകെ പങ്കെടുക്കുന്നത്. കെ രാധാകൃഷ്ണനിൽ നിന്നും കേളുവിലേക്ക് മന്ത്രി സ്ഥാനം മാറിയപ്പോൾ പട്ടികജാതി ക്ഷേമവകുപ്പ് മാത്രം കേളുവിന് നൽകിയതിൽ ഏറെ ചർച്ചകൾ ഉയർന്നിരുന്നു.
ദേവസ്വം വകുപ്പ് നൽകാത്തത് തെറ്റായ തീരുമാനമെന്നാണ് ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വിഎൻ വാസവനും പാർലമെന്ററി കാര്യം എംബി രാജേഷിനുമാണ് നൽകിയത്.
1970ൽ ഓലഞ്ചേരി പുത്തൻമിറ്റം രാമൻ-അമ്മു ദമ്പതികളുടെ മകനായി കാട്ടിക്കുളം മുള്ളൻകൊല്ലിയിലാണ് ഒ.ആർ. കേളു ജനിച്ചത്. ദരിദ്ര പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന കേളുവിന്റെ വിദ്യാഭ്യാസം കാട്ടിക്കുളം ഗവൺമെന്റ് ഹൈസ്‌കൂളിലായിരുന്നു. പഠനകാലത്തും ജോലിയ്ക്ക് പോയിരുന്നു അദ്ദേഹം.
മാനന്തവാടി പഴശ്ശി പാർക്കിലെ നിർമ്മാണ തൊഴിലാളി വേഷത്തിലാണ് വിദ്യാർത്ഥിയായിരുന്ന കേളു അവധി ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 1985 മുതൽ പനവല്ലിയിലെ സ്വകാര്യ തോട്ടങ്ങളിൽ കൂലിപ്പണിക്കാരനായി ജോലി തുടങ്ങി. 1999 മുതൽ തൃശിലേരി പവർലൂമിൽ ദിവസവേതനക്കാരനായും ജോലി ചെയ്തിട്ടുണ്ട്.
ഇപ്പോഴും കർഷകൻ എന്ന ലേബലിന് മാറ്റം വന്നിട്ടുമില്ല.തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽനിന്ന് 2000ത്തിൽ ഗ്രാമപഞ്ചായത്ത് അംഗമായാണ് കേളുവിൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. തുടർന്ന് 2005ലും 2010ലുമായി തുടർച്ചയായി 10 വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ക്ഷേമപ്രവർത്തനങ്ങൾ നടത്തി. പിന്നീട് 2015 ൽ തിരുനെല്ലി ഡിവിഷനിൽനിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായി മാറി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോൽപിച്ച് മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എയായതോടെ സ്ഥാനം വീണ്ടും ഉയർന്നു.
സി.പി.എം വയനാട് ജില്ല കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരവേയാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ ശാന്ത വീട്ടമ്മയാണ്. മക്കളായ മിഥുന ബേഗൂർ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൾ ഭാവന വിദ്യാർഥിനിയാണ്.