5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Norka : സന്ദർശക വീസയിൽ ജോലിയെന്ന് കേൾക്കുമ്പോൾ ചാടിവീഴരുത്; എത്തുന്നത് കെണിയിലേക്കാവാം; മുന്നറിയിപ്പുമായി നോർക്ക

NORKA Issues Warning : സന്ദർശക വീസയിൽ ജോലി എന്ന വാഗ്ദാനം കേട്ട് വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി നോർക്ക. സന്ദർശക വീസയിൽ ജോലി വാഗ്ദാനം നൽകുന്നത് തെറ്റാണ്. നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും നോർക്ക പറഞ്ഞു.

Norka : സന്ദർശക വീസയിൽ ജോലിയെന്ന് കേൾക്കുമ്പോൾ ചാടിവീഴരുത്; എത്തുന്നത് കെണിയിലേക്കാവാം; മുന്നറിയിപ്പുമായി നോർക്ക
നോർക്ക (Image Credits - gchutka/E+/Getty Images)
abdul-basith
Abdul Basith | Published: 03 Oct 2024 18:54 PM

സന്ദർശക വീസയിൽ ജോലിയെന്ന് കേൾക്കുമ്പോൾ ചാടിവീഴരുതെന്ന് നോർക്ക. സന്ദർശകവീസയിൽ വിദേശരാജ്യങ്ങളിലെത്തുന്നവർക്ക് ജോലി വാഗ്ദാനം ചെയ്യുന്നത് തന്നെ തെറ്റാണ്. എത്തുന്നത് കെണിയിലേക്കാവാമെന്നും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി മുന്നറിയിപ്പ് നൽകി. സന്ദർശക വീസയിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് നോർക്കയുടെ മുന്നറിയിപ്പ്.

സന്ദർശക വീസയിൽ ആർക്കും ജോലി ലഭിക്കില്ല. രാജ്യം സന്ദർശിക്കാനുള്ള അനുമതി മാത്രമാണ് സന്ദർശക വീസ. അത് ജോലിക്കായുള്ള അനുമതിയല്ല. അങ്ങനെ ജോലി ലഭിക്കുമെന്ന് റിക്രൂട്ട്മെൻ്റ് ഏജൻസികൾ വാഗ്ദാനം ചെയ്താൽ അത് തെറ്റാണ്. ഒരു രാജ്യവും സന്ദർശക വീസയിൽ ജോലി നൽകില്ല. ഇത്തരം വാഗ്ദാനങ്ങൾ വിശ്വസിച്ച് വിദേശരാജ്യത്തേക്ക് പോയാൽ നിയമപ്രശ്നങ്ങളുണ്ടാവും. ചിലപ്പോൾ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവന്നേക്കാം. ഇന്ത്യയിലേക്ക് തിരികെയെത്താൻ പോലും കഴിഞ്ഞെന്നുവരില്ല.

Also Read : Dry Day Liquor Sale: സമ്പൂർണ ഡ്രൈ ഡേയിൽ ഇരട്ടി വിലയ്ക്ക് മദ്യവിൽപ്പന; നിരവധി കേസുകൾ

പലപ്പോഴും വാഗ്ദാനം നൽകുന്ന ജോലിയാവില്ല അവിടെ. കൃത്യമായ ശമ്പളമോ താമസ സ്ഥലമോ ഭക്ഷണമോ ഒന്നും ലഭിക്കില്ല. ഇത്തരത്തിൽ തൊഴിലന്വേഷിച്ചുപോയ പലരുടെയും അവസ്ഥയെന്താണെന്ന് പോലും അറിയില്ല. ഇവരിൽ പലരെയും പിന്നീട് ബന്ധപ്പെടാൻ കഴിയാറില്ല. ഇത് ആശങ്കപ്പെടുത്തുന്നതാണ്.

ഏജൻസികളുടെ തെറ്റായ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് മലേഷ്യ, കംബോഡിയ, തായ്‌ലന്‍ഡ്, മ്യാന്‍മാര്‍, ലാവോസ്, വിയറ്റ്‌നാം തുടങ്ങിയ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ജോലിക്കായി പോയ നിരവധി പേർ തട്ടിപ്പിനരയായെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ളതും ലൈസൻസ് ഉള്ളതുമായ റിക്രൂട്ട്മെൻ്റ് ഏജൻസികൾ മുഖേന മാത്രമേ തൊഴിലിനായി പുറത്തേക്ക് പോകാവൂ. വീസയുടെ ആധികാരികതയും കമ്പനിയുടെ ആധികാരികതയും റിക്രൂട്ട്മെൻ്റ് ഏജൻസിയുടെ പ്രവർത്തനമികവുമൊക്കെ പരിശോധിച്ചേ ജോലിക്കായി വിദേശത്തേക്ക് പോകാവൂ. ഏജൻസിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ളതാണോ എന്ന് ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ മുഖേന തൊഴില്‍ അന്വേഷകര്‍ക്ക് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് തൊഴിലെടുക്കുന്ന കേരളീയരുടെ ക്ഷേമത്തിനായി പ്രവർത്തിപ്പിക്കുന്ന സ്ഥാപനമാണ് നോർക്ക റൂട്ട്സ്. കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ നോർക്കയ്ക്ക് കീഴിലാണ് നോർക്ക റൂട്ട്സ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. നോർക്ക റൂട്ട്സിൽ സർക്കാരിൻ്റെ ഓഹരിപങ്കാളിത്തമുണ്ട്.