മദ്യം ഇനി വേണ്ട, തൊട്ടാല്‍ പിടി ഉറപ്പ്; കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും പരിശോധന
സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടത്തുക. ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ആ ദിവസത്തെ ട്രിപ്പ് റദ്ദാക്കും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചെത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍ എല്ലാ ഡിപ്പോകളിലും ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ പരിശോധനകള്‍ വരുന്നു. കെ എസ് ആര്‍ ടി സിയില്‍ നടപ്പാക്കിതുപോലെ സ്വകാര്യ ബസ് ജീവനക്കാരും ജോലി സമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു.
സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടത്തുക. ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ആ ദിവസത്തെ ട്രിപ്പ് റദ്ദാക്കും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചെത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍ എല്ലാ ഡിപ്പോകളിലും ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. 20 ബ്രെത്ത് അനലൈസറാണ് ഇതിനായി വാങ്ങിയത്. 50 എണ്ണം കൂടി വാങ്ങിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
ബ്രെത്ത് അനലൈസര്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഇതിനകം 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനുമാണ് നടപടിയെടുത്തത്. 2024 ഏപ്രില്‍ 1 മുതല്‍ 15 വരെ കെഎസ്ആര്‍ടിസി വിജിന്റ്‌സ് സ്‌പെഷ്യല്‍ സര്‍പ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി.
മദ്യപിച്ചുവെന്ന് ഡ്യൂട്ടിക്ക് മുമ്പുള്ള പരിശോധനയില്‍ കണ്ടെത്തിയാല്‍ ഒരു മാസവും സര്‍വീസിനിടയിലുള്ള പരിശോധനയില്‍ കണ്ടെത്തിയാല്‍ മൂന്ന് മാസവുമാണ് സസ്‌പെന്‍ഷന്‍.
കെഎസ്ആര്‍ടിസിയുടെ 60 യൂണിറ്റുകളിലായി നടത്തിയ പരിശോധനയില്‍ ഒരു സ്‌റ്റേഷന്‍ മാസ്റ്റര്‍, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സര്‍ജന്റ്, 9 ബദല്‍ കണ്ടക്ടര്‍, ഒരു സ്വിഫ്റ്റ് കണ്ടക്ടര്‍, 39 സ്ഥിരം ഡ്രൈവര്‍മാര്‍, 10 ബദല്‍ ഡ്രൈവര്‍മാര്‍, 5 സ്വിഫ്റ്റ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നിങ്ങനെയാണ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയത് കണ്ടെത്തിയത്.
ഇതില്‍ 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും സ്വിഫ്റ്റിലെ താത്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരും അടങ്ങുന്ന 26 പേരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഗതാഗത മേഖലയിലെ ജീവനക്കാരുടെ ഭാഗത്തുനിന്ന് വരുന്ന ചെറുതും വലുതുമായ തെറ്റുകള്‍ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മുന്‍കരുതല്‍. ഒരു ചെറിയ വിഭാഗം ജീവനക്കാര്‍ ഇപ്പോഴും മുന്‍കരുതലുകള്‍ അവഗണിച്ച് നിരുത്തരവാദപരമായമാണ് ജോലി ചെയ്യുന്നത്. ഇത് ഒരുത്തരത്തിലും അനുവദിച്ചുകൂടാ. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികള്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്ന് ഒഴിവാക്കേണ്ടതുണ്ട്. ഇതിനുള്ള ശ്രമങ്ങളും പരിശോധനകളും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചു.