Nipah Virus: നിപ വ്യാപനം തടയാന്‍ സംസ്ഥാനത്തിന് കേന്ദ്ര നിര്‍ദേശം; 12 ദിവസത്തെ സമ്പര്‍ക്കം കണ്ടെത്തണം
Union Govt Instructions to Kerala: കുട്ടിക്ക് ഹൃദയാഘാതമുണ്ടാകുകയും രക്തസമ്മര്‍ദ്ദം താഴുകയുമായിരുന്നു. ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടായി, തുടര്‍ന്നാണ് മരണം സംഭവിച്ചത്. പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്.
ന്യൂഡല്‍ഹി: കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന് നിര്‍ദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ 12 ദിവസത്തെ സമ്പര്‍ക്ക പട്ടിക തയാറാക്കണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിര്‍ദേശം നല്‍കി. സമ്പര്‍ക്കപട്ടികയിലുള്ളവരെ അടിയന്തിരമായി ക്വാറന്റീനിലേക്ക് മാറ്റണം. അവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയക്കണം. കേരളത്തിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം മോണോക്ലോണല്‍ ആന്റിബോഡി അയച്ചിട്ടുണ്ട്. പതിനാല് വയസ് പ്രായമുള്ള നിപ രോഗി മരിക്കുംമുമ്പേ മോണോക്ലോണല്‍ എത്തിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ നല്‍കാന്‍ സാധിച്ചില്ല. മൊബൈല്‍ ബിഎസ്എന്‍ 3 ലബോറട്ടറി കോഴിക്കോട് എത്തിച്ചിട്ടുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു.
Also Read: Nipah Virus Symptoms: നിപ രോഗബാധ ഉണ്ടാകുന്നതെങ്ങനെ? രോഗലക്ഷണങ്ങളും മുന്‍കരുതലുകളും എന്തെല്ലാം?
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് കുട്ടി മരിച്ചത്. കഴിഞ്ഞ 15ാം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുട്ടിക്ക് ഹൃദയാഘാതമുണ്ടാകുകയും രക്തസമ്മര്‍ദ്ദം താഴുകയുമായിരുന്നു. ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടായി, തുടര്‍ന്നാണ് മരണം സംഭവിച്ചത്. പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്നാകാം വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനം. ഈ മാസം 15 മുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കുട്ടിയില്‍ 20നാണ് നിപ രോഗം കണ്ടെത്തിയത്. കുട്ടി നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ കഴിയുകയാണ്.
246 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. അവരില്‍ 63 പേര്‍ ഹൈറിസ്‌കിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഹൈറിസ്‌ക് പട്ടികയിലുള്ള, രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളാണ് ആദ്യം പരിശോധനക്ക് അയക്കുക. പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകള്‍ കയറി സര്‍വ്വേ നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, മലപ്പുറത്ത് ഒരാള്‍ക്ക് കൂടി നിപ ലക്ഷണം കണ്ടെത്തി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന 68കാരനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റര്‍ അകലെ താമസിക്കുന്നയാള്‍ക്കാണ് രോഗലക്ഷണം കണ്ടെത്തിയിരിക്കുന്നത്. നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുന്നത്.