Nipah Virus: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം; അത്യാവശ്യമുള്ളവര്‍ മാത്രം വരിക

Restrictions in Kozhikode Medical College: മരിച്ച കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കമുള്ള നാലുപേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയാണ്. ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. 246 പേരാണ് സമ്പര്‍ക്കപട്ടികയിലുള്ളത്. ഇതില്‍ 63 പേര്‍ ഹൈറിസ്‌കിലാണുള്ളത്.

Nipah Virus: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം; അത്യാവശ്യമുള്ളവര്‍ മാത്രം വരിക

Social Media Image

Published: 

21 Jul 2024 17:06 PM

കോഴിക്കോട്: നിപ രോഗബാധയുള്ളവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം. നിപ രോഗബാധ ലക്ഷണങ്ങളുമായി 68 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. അത്യാവശ്യമുള്ളവര്‍ മാത്രം വന്നാല്‍ മതിയെന്നാണ് നിര്‍ദേശം. അത്യാവശ്യമുള്ളവര്‍ മാത്രം ഒപി പരിശോധനയ്ക്ക് ആശുപത്രിയിലേക്ക് എത്തിയാല്‍ മതി. എന്നാല്‍ അത്യാഹിത വിഭാഗം സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. നിപ രോഗലക്ഷണങ്ങളുമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നാണ് 68കാരനെ ഇവിടേക്ക് മാറ്റിയത്. നിപ ബാധിച്ച് മരിച്ച 14കാരന്റെ വീടിന് രണ്ട് കിലോമീറ്റര്‍ അകലെ താമസിക്കുന്നയാളാണ് ഇത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് തുടര്‍ നടപടി. എന്നാല്‍ ഇയാള്‍ക്ക് കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കമില്ല.

അതേസമയം, മരിച്ച കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കമുള്ള നാലുപേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയാണ്. ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. 246 പേരാണ് സമ്പര്‍ക്കപട്ടികയിലുള്ളത്. ഇതില്‍ 63 പേര്‍ ഹൈറിസ്‌കിലാണുള്ളത്.

Also Read: Nipah Virus: 2018ല്‍ ആരംഭിച്ച പോരാട്ടം 2024ലും തുടരണം; കേരളം നിപയെ എങ്ങനെ നേരിട്ടു, നാള്‍ വഴികളിങ്ങനെ

നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ആള്‍ക്കൂട്ടം പൂര്‍ണമായും ഒഴിവാക്കണം, രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ കടകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു. മദ്രസ, ട്യൂഷന്‍ സെന്റര്‍ ഉള്‍പ്പെടെ നാളെ പ്രവര്‍ത്തിക്കരുത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്ക് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, രോഗബാധിതരുടെ 12 ദിവസത്തെ സമ്പര്‍ക്ക പട്ടിക തയാറാക്കണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിര്‍ദേശം നല്‍കി. സമ്പര്‍ക്കപട്ടികയിലുള്ളവരെ അടിയന്തിരമായി ക്വാറന്റീനിലേക്ക് മാറ്റണം. അവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയക്കണം. കേരളത്തിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം മോണോക്ലോണല്‍ ആന്റിബോഡി അയച്ചിട്ടുണ്ട്. പതിനാല് വയസ് പ്രായമുള്ള നിപ രോഗി മരിക്കുംമുമ്പേ മോണോക്ലോണല്‍ എത്തിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ നല്‍കാന്‍ സാധിച്ചില്ല. മൊബൈല്‍ ബിഎസ്എന്‍ 3 ലബോറട്ടറി കോഴിക്കോട് എത്തിച്ചിട്ടുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് കുട്ടി മരിച്ചത്. കഴിഞ്ഞ 15ാം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Also Read: Nipah Virus Symptoms: നിപ രോഗബാധ ഉണ്ടാകുന്നതെങ്ങനെ? രോഗലക്ഷണങ്ങളും മുന്‍കരുതലുകളും എന്തെല്ലാം?

കുട്ടിക്ക് ഹൃദയാഘാതമുണ്ടാകുകയും രക്തസമ്മര്‍ദ്ദം താഴുകയുമായിരുന്നു. ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടായി, തുടര്‍ന്നാണ് മരണം സംഭവിച്ചത്. പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്നാകാം വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനം. ഈ മാസം 15 മുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കുട്ടിയില്‍ 20നാണ് നിപ രോഗം കണ്ടെത്തിയത്. കുട്ടി നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ കഴിയുകയാണ്.

246 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. അവരില്‍ 63 പേര്‍ ഹൈറിസ്‌കിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഹൈറിസ്‌ക് പട്ടികയിലുള്ള, രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളാണ് ആദ്യം പരിശോധനക്ക് അയക്കുക. പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകള്‍ കയറി സര്‍വ്വേ നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് ചേർത്ത് കുടിക്കൂ
സെയ്ഫ് അലി ഖാൻ മാത്രമല്ല ഈ സെലിബ്രേറ്റികളുടെ വീട്ടിൽ മോഷണം നടന്നിട്ടുണ്ട്
ഐസ് ബാത്ത് ചെയ്യുന്നത് എന്തിന്? ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ
മൂക്കില്‍ ദശ വളരുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം