Nipah Virus: നിപ ഭീതി പടരുന്നു; മാസ്ക് നിർബന്ധമാക്കി; സ്കൂളുകൾക്ക് കർശന നിയന്ത്രണം
Nipah virus restrictions at malappuram: സ്‌കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ, സിനിമാ തിയേറ്ററുകൾ എന്നിവ അടഞ്ഞു കിടക്കും.
തിരുവനന്തപുരം: മലപ്പുറം സ്വദേശിയായ 24കാരൻ നിപ ബാധിച്ച് മരിച്ചതിനു പിന്നാലെ രോഗഭീതിയിൽ നിയന്ത്രണങ്ങൾ മലപ്പുറത്ത് കടുപ്പിക്കുന്നു. കോൺടാക്ട് ലിസ്റ്റിലെ നാല് പേർക്ക് കൂടി വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതായുള്ള വിവരങ്ങൾ പുറത്തു വന്നതോടെ മലപ്പുറത്ത് പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി.
ബെംഗളൂരുവിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശി സെപ്റ്റംബർ 9ന് മരിച്ചതിനെ തുടർന്ന് സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.
കഴിഞ്ഞയാഴ്ച ബാംഗ്ലൂരിൽ നിന്ന് എത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച 24 കാരന് രോഗം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ആണ്. “ലഭ്യമായ സാമ്പിളുകൾ ഉടൻ തന്നെ പരിശോധനയ്‌ക്ക് അയച്ചു, അത് പോസിറ്റീവായി,” എന്ന് മന്ത്രി ഒരു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് തിങ്കളാഴ്ച നടത്താനിരുന്ന മൗലിദ് ഘോഷയാത്രകൾ റദ്ദാക്കണമെന്ന് മലപ്പുറം കളക്ടർ വിആർ വിനോദ് പള്ളി കമ്മിറ്റികളോട് അഭ്യർത്ഥിച്ചു. മേഖലയിലെ സ്‌കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ, സിനിമാ തിയേറ്ററുകൾ എന്നിവ അടഞ്ഞു കിടക്കും.
പൊതുയോഗങ്ങളും നിരോധിച്ചു. കടകൾ രാവിലെ 10 മുതൽ വൈകിട്ട് 7 വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. ഞായറാഴ്ചയാണ് ജില്ലയിലെ അഞ്ച് വാർഡുകളെ കണ്ടെയിൻമെൻ്റ് സോണുകളായി കളക്ടർ പ്രഖ്യാപിച്ചത്. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളും മമ്പാട് പഞ്ചായത്തിലെ 7 വാർഡുകളും ഇതിൽ ഉൾപ്പെടുന്നു.
ഈ മേഖലയിൽ ഇപ്പോൾ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മലപ്പുറം കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
കോൺടാക്റ്റ് ലിസ്റ്റിൽ 151 പേർ
മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 151 പേരുകൾ ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇയാൾ സുഹൃത്തുക്കളോടൊപ്പം വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചെറിയ പനിയും രോഗലക്ഷണങ്ങളുമുള്ള അഞ്ച് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. സമ്പർക്ക ലിസ്റ്റിലെ രണ്ടു പേരെ നിരീക്ഷണത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.