Nipah Virus: 2018ല്‍ ആരംഭിച്ച പോരാട്ടം 2024ലും തുടരണം; കേരളം നിപയെ എങ്ങനെ നേരിട്ടു, നാള്‍ വഴികളിങ്ങനെ
Nipah Virus Kerala: കേരളത്തില്‍ ആദ്യം നിപരോഗം സ്ഥിരീകരിച്ചയാള്‍ക്ക് എവിടെ നിന്ന് അല്ലെങ്കില്‍ അയാളിലേക്ക് എങ്ങനെ വൈറസ് എത്തിപ്പെട്ടു എന്ന കാര്യം ഇന്നും വ്യക്തമല്ല. അന്ന് രോഗം കണ്ടെത്തിയ സ്ഥലങ്ങളിലുള്ള വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം വലിയ തോതിലുണ്ടെന്ന് വ്യക്തമാകുന്ന തെളിവുകള്‍ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇതാവാം നിപ വീണ്ടും വീണ്ടും വരുന്നതിന് പിന്നിലെ കാരണം എന്നാണ് നിഗമനം.
കേരളത്തില്‍ ഇത് ആദ്യമായല്ല നിപ വൈറസ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇത് അഞ്ചാം തവണയാണ് സംസ്ഥാനത്ത് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം അസുഖം കണ്ടെത്തിയത് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ്. രോഗം സ്ഥിരീകരിച്ചത് ഒരു ദിവസം പിന്നിടുന്നതിനിടയില്‍ തന്നെ കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതിന് മുമ്പ് മൂന്ന് തവണ രോഗബാധ കണ്ടെത്തിയത് കോഴിക്കോട് ജില്ലയിലായിരുന്നു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ ആയഞ്ചേരി, മരുതോങ്കര എന്നിവിടങ്ങളിലായിരുന്നു രോഗബാധ കണ്ടെത്തിയിരുന്നത്. ഒരു തവണ എറണാകുളം ജില്ലയിലുമാണ് രോഗബാധ കണ്ടെത്തിയിരുന്നത്.
2018 മുതല്‍ 2024 വരെ
കേരളത്തില്‍ ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത് 2018ല്‍ കോഴിക്കോട് ജില്ലയിലാണ്. 2018 മെയ് രണ്ട് മുതല്‍ 29 വരെയായിരുന്നു ആദ്യ നിപ തരംഗം. അന്ന് 23 പേര്‍ക്കാണ് രോഗബാധയുണ്ടായത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനി ഉള്‍പ്പെടെ 21 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തൊണ്ണൂറ്റിരണ്ട് ശതമാനമായിരുന്നു അന്നത്തെ മരണനിരക്ക്. അന്ന് ലബോറട്ടറി പരിശോധനയിലൂടെ 18 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്, അതുകൊണ്ട് തന്നെ 18 പേരുടെ മരണം മാത്രമാണ് ഔദ്യോഗിക കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
തൊട്ടടുത്ത വര്‍ഷം 2019ല്‍ എറണാകുളത്ത് വീണ്ടും നിപ രോഗബാധ കണ്ടെത്തി. 23 വയസുള്ള ഒരു വിദ്യാര്‍ഥിക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാലത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അത്ര തീവ്രമായിരുന്നില്ല. കൃത്യമായ ചികിത്സ ഒരുക്കാന്‍ സാധിച്ചതിനാല്‍ യുവാവിന്റെ ജീവന്‍ തിരിച്ചുകിട്ടി.
എന്നാല്‍ 2021ല്‍ നിപ വീണ്ടും കോഴിക്കോട്ടേക്ക്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്തുള്ള മുന്നൂരില്‍ 2021 സെപ്റ്റംബറില്‍ മൂന്നാം തവണ രോഗം കണ്ടെത്തി. വ്യാപനം ഉണ്ടാകുന്നത് തടയാന്‍ ആരോഗ്യവകുപ്പിന് സാധിച്ചത് കാര്യങ്ങള്‍ ഗൗരവമാക്കിയില്ല. എന്നാല്‍ ഒരു 12 വയസുകാരന്റെ ജീവന്‍ നിപ കവര്‍ന്നെടുത്തു.
Also Read: Nipah Virus Symptoms: നിപ രോഗബാധ ഉണ്ടാകുന്നതെങ്ങനെ? രോഗലക്ഷണങ്ങളും മുന്‍കരുതലുകളും എന്തെല്ലാം?
നാലാം തവണയും നിപ എത്തിയത് കോഴിക്കോട് തന്നെ. അത് സംഭവിച്ചത് 2021 സെപ്റ്റംബര്‍ മാസത്തില്‍ തന്നെയും. ഇതിനെ വേണ്ടവിധത്തില്‍ നേരിടാന്‍ ആരോഗ്യവകുപ്പിനും സര്‍ക്കാരിനും സാധിച്ചു. ഇപ്പോഴിതാ വീണ്ടും നിപ ബാധ. അത് സംഭവിച്ചത് മലപ്പുറത്താണ്. എന്നാല്‍ വയനാട് പഠനയാത്ര പോയ സമയത്ത് കുട്ടി കഴിച്ച അമ്പഴങ്ങയില്‍ നിന്നാണ് വൈറസ് ശരീരത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ വിശദമായ പഠനങ്ങള്‍ക്ക് ശേഷമേ വൈറസ് എവിടെയാണ് വൈറസ് ഉള്ളതെന്ന് കണ്ടെത്താന്‍ സാധിക്കൂ.
രോഗം എവിടെ നിന്ന്
കേരളത്തില്‍ ആദ്യം നിപരോഗം സ്ഥിരീകരിച്ചയാള്‍ക്ക് എവിടെ നിന്ന് അല്ലെങ്കില്‍ അയാളിലേക്ക് എങ്ങനെ വൈറസ് എത്തിപ്പെട്ടു എന്ന കാര്യം ഇന്നും വ്യക്തമല്ല. അന്ന് രോഗം കണ്ടെത്തിയ സ്ഥലങ്ങളിലുള്ള വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം വലിയ തോതിലുണ്ടെന്ന് വ്യക്തമാകുന്ന തെളിവുകള്‍ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇതാവാം നിപ വീണ്ടും വീണ്ടും വരുന്നതിന് പിന്നിലെ കാരണം എന്നാണ് നിഗമനം. പഴംതീനി വവ്വാലുകളില്‍ നടത്തിയ പഠനത്തിലാണ് നിപവൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ മറ്റിനങ്ങളില്‍പ്പെട്ട് വവ്വാലുകളെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴേ അവയിലും വൈറസ് സാന്നിധ്യമുണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂ.
2018
2018ല്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട മേഖലയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഗവേഷണ സംഘം വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി പഠനം നടത്തിയിരുന്നു.
ആദ്യം രോഗം കണ്ടെത്തിയ ആളുടെ വീടിന്റെ 12 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് നിന്ന് പിടികൂടിയ വലിയ പഴംതീനി വവ്വാലുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചായിരുന്നു പഠനം. ആ വവ്വാലുകളില്‍ 19 ശതമാനത്തോളം വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വവ്വാലുകളില്‍ നിന്നും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളില്‍ നിന്നും ശേഖരിച്ച വൈറസുകള്‍ തമ്മിലുള്ള സാമ്യം 99-100 ഉം ആയിരുന്നു. അതുകൊണ്ട് തന്നെ ഈ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പഴംതീനി വവ്വാലുകളാണ് രോഗത്തിന്റെ ഉറവിടം എന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പെത്തിയത്.
2019
2019ല്‍ എറണാകുളത്ത് രോഗം സ്ഥിരീകരിച്ചപ്പോഴും സമാനരീതിയിലുള്ള പഠനം നടന്നിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകനായ പ്രാഖ്യയാദവിന്റെ നേതൃത്വത്തിലുള്ള ഐസിഎംആര്‍ സംഘമാണ് അന്ന് പഠനം നടത്തിയത്. രോഗബാധയേറ്റ യുവാവിന്റെ വീട്, ഇയാള്‍ പഠിച്ചിരുന്ന ഇടുക്കിയിലെ കോളേജ് എന്നിവയുടെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ നിന്നുള്ള വവ്വാലുകളുടെ സാംപിളുകള്‍ ശേഖരിച്ചായിരുന്നു പഠനം. എറണാകുളത്തെ തുരുത്തിപുരം, ആലുവ, വാവക്കാട്, ഇടുക്കിയിലെ തൊടുപുഴ, മുട്ടം എന്നിവിടങ്ങളില്‍ നിന്നായിരുന്നു വവ്വാലുകളെ ശേഖരിച്ചിരുന്നത്.
അക്കൂട്ടത്തില്‍ തൊടുപുഴയില്‍ നിന്ന് ശേഖരിച്ച പഴംതീനി വവ്വാലിന്റെ ശരീരസ്രവത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. കൂടാതെ ആലുവയില്‍ നിന്ന് ശേഖരിച്ച വവ്വാലിന്റെയും ആന്തരിക അവയവങ്ങളില്‍ വൈറസ് സാന്നിധ്യമുണ്ടായിരുന്നു. തൊടുപുഴ, ആലുവ, തുരുത്തിപുരം, വാവക്കാട് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പഴംതീനി വവ്വാലുകളുടെ സിറം സാംപിളില്‍ നിപ വൈറസിനെതിരായ ഇമ്മ്യൂണോ ഗ്ലാബലിനുകളുടെ സാന്നിധ്യം 21 ശതമാനം വരെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ വവ്വാലുകളാകാം രോഗം വരുത്തിയെന്ന സംശയമായിരുന്നു അന്വേഷണ സംഘത്തിന്.
2021
2021ല്‍ കോഴിക്കോട് വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തത് കൊടിയത്തൂര്‍, താമരശേരി എന്നിവിടങ്ങളിലായിരുന്നു. ഈ പ്രദേശങ്ങളില്‍ നിന്ന് ഐസിഎംആറിന്റെ നിര്‍ദേശം അനുസരിച്ച് പൂനെ എന്‍ഐവി സംഘം വവ്വാലുകളെ ശേഖരിച്ച് പഠനം നടത്തി. ആദ്യഘട്ട ഫലത്തില്‍ താമരശേരിയിലെ ഒരു വവ്വാലിനും കൊടിയത്തൂരിലെ ചില വവ്വാലുകളിലും നിപ വൈറസിന് എതിരായ ഐജിജി ആന്റിബോഡികള്‍ കണ്ടെത്തി.
അന്ന് രോഗം കണ്ടെത്തിയത് ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട പഴംതീനി വൈറസുകളില്‍ ആയിരുന്നു. കേരളത്തിലുള്ള റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട നായയുടെ മുഖമുള്ള പഴംതീനി വവ്വാലുകളിലാണ് അന്ന് നിപ സാന്നിധ്യം കണ്ടെത്തിയത്. ഈ വവ്വാലുകളാകാം രോഗത്തിന്റെ പ്രഭവകേന്ദ്രം എന്ന നിഗമനത്തില്‍ അന്വേഷണ സംഘമെത്തി.