Nipah Virus: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം; കണ്ണൂരിൽ രണ്ട് പേർ ചികിത്സയിൽ
Nipah Virus: കണ്ണൂരിൽ രണ്ട് പേർക്ക് നിപ ബാധയെന്ന് സംശയം. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ മാലൂർ മേഖലയിലുള്ള അച്ഛനും മകനുമാണ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ തുടരുന്നത്. ഇരുവരുടെയും സ്രവ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിലേക്ക് സ്രവ പരിശോധനയ്ക്ക് അയച്ചു. ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ. പഴക്കടയിലെ തൊഴിലാളികളാണ് ഇരുവരും.
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രണ്ടുപേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ മാലൂർ മേഖലയിലുള്ള അച്ഛനും മകനുമാണ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ തുടരുന്നത്. ഇരുവരുടെയും സ്രവ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിലേക്ക് സ്രവ പരിശോധനയ്ക്ക് അയച്ചു. ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ. പഴക്കടയിലെ തൊഴിലാളികളാണ് ഇരുവരും.
കടുത്ത പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നിപ രോഗ ലക്ഷണങ്ങൾ കണ്ടതോടെയാണ് ഇരുവരെയും പരിയാരത്തേക്ക് മാറ്റിയത്. കഴിഞ്ഞ മാസം മലപ്പുറം പാണ്ടിക്കാട് 14-കാരന് നിപ സ്ഥിരീകരിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ നിപ മുക്തമായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് മലബാർ മേഖലയെ ആശങ്കയിലാക്കി മട്ടന്നൂരിൽ രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.
ആരോഗ്യ വകുപ്പ് നിശ്ചയിച്ച ഡബിൾ ഇൻക്യുബേഷൻ പീരീഡ് ആയ 42 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ പൂർണമായും ആരോഗ്യ വകുപ്പ് ഒഴിവാക്കിയത്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 472 പേരേയും നിന്നും ഒഴിവാക്കി. നിപ പ്രതിരോധത്തിനായി ജില്ലയിൽ ഏർപ്പെടുത്തിയ പ്രത്യേക കൺട്രോൾ റൂമിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
2018-ലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്. 2018-ൽ 17 പേരുടെ ജീവനാണ് വൈറസ് കവർന്നതെങ്കിൽ 2021-ൽ ഒരാളും 2023-ൽ രണ്ട് പേരും കഴിഞ്ഞ മാസം 14-കാരനുമാണ് മരിച്ചത്. വവ്വാലുകളിൽ നിന്നാണ് വൈറസ് ശരീരത്തിലേക്കെത്തുന്നത്. രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ വൈദ്യ സഹായം തേടുക.