Nipah Virus: നിപ രോഗബാധ: ഇതുവരെ നെഗറ്റീവായത് 68 സാമ്പിളുകൾ, മലപ്പുറത്ത് നിയന്ത്രണങ്ങളിലും ഇളവ്
Malappuram Nipah Virus: നാല് പേരെ കൂടി പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ അഞ്ചു പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 472 പേരാണ് ഇപ്പോൾ സമ്പർക്ക പട്ടികയിലുള്ളത്.
മലപ്പുറം: മലപ്പുറത്തെ നിപ രോഗബാധയിൽ (Nipah Virus) ആശ്വാസം. രണ്ട് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി കഴിഞ്ഞ ദിവസം നെഗറ്റീവായി. ഇതോടെ ഇതുവരെ 68 സാമ്പിളുകളാണ് നെഗറ്റീവായിരിക്കുന്നത്. നാല് പേരെ കൂടി പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ അഞ്ചു പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 472 പേരാണ് നിലവിലെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 220 പേർ ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്.
രോഗബാധയിൽ ആശങ്ക ഒഴിഞ്ഞതോടെ മലപ്പുറം ജില്ലയിൽ നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആനക്കയം പഞ്ചായത്തിൽ കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാക്കി. കൂടാതെ പാണ്ടിക്കാട് പഞ്ചായത്തിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയുള്ള സമയം കടകൾ തുറന്ന് പ്രവർത്തിക്കും. രണ്ട് പഞ്ചായത്തുകളിലെയും ഹോട്ടലുകളിൽ രാത്രി 10 വരെ ഭക്ഷണം ഹോം ഡെലിവറി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.
എന്താണ് നിപ?
ഹെനിപാ വൈറസ് ജീനസിൽ ഉൾപ്പെടുന്ന നിപ വൈറസ് പാരാമിക്‌സ് വൈറിഡേ ഫാമിലിയിലെ ഒരംഗമാണ്. മാത്രമല്ല, ഇതൊരു ആർഎൻഎ വൈറസ് കൂടിയാണ്. നിപ രോഗബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ആണ് ഈ രോഗം മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും ഈ രോഗം അതിവേഗം പകരും. വേണ്ടത്ര സുരക്ഷാമാർഗങ്ങൾ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. വൈറസ് ബാധയേറ്റ വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ, മൂത്രം എന്നിവ കലർന്ന വെള്ളമോ വവ്വാൽ കടിച്ച പഴങ്ങളോ കഴിക്കുന്നതിലൂടെ ഈ രോഗം മനുഷ്യരിലേക്കെത്തും.
ALSO READ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന്
രോഗ ലക്ഷണങ്ങൾ
പനിയും ശരീര വേദന, ക്ഷീണം, ചുമ, തൊണ്ട വേദന ഇതെല്ലാമാണ് പ്രാരംഭ ലക്ഷണങ്ങൾ. എന്നാൽ ഛർദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസം എന്നിവ രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഉണ്ടാകുന്നു. വേണ്ട ചികിത്സ തക്കതായ സമയത്ത് തന്നെ ലഭിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാവുന്ന രോഗമാണ് നിപ.
സ്ഥിരീകരണം
രോഗാണുക്കൾ ശരീരത്തിലെത്തി നാല് മുതൽ 21 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ പുറത്തുവന്നുതുടങ്ങുന്നത്. രക്തം, മൂത്രം, തൊണ്ടയിൽ നിന്നുള്ള സ്രവം, നട്ടെല്ലിൽ നിന്നുള്ള സ്രവം എന്നിവ കുത്തിയെടുത്താണ് പരിശോധന നടത്തുന്നത്. ആർടിപിസിആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുക.
മുൻകരുതലുകൾ
എൻ95 മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കാം, ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, നിലത്ത് വീണതും ഏതെങ്കിലും ജീവികൾ കടിച്ചതുമായ പഴങ്ങൾ കഴിക്കരുത്, വവ്വാലുകൾ ഉള്ള പ്രദേശങ്ങളിൽ നിന്നുള്ള തെങ്ങ്, പന എന്നിവയിൽ നിന്നും ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുക എന്നിവയാണ് ഈ രോഗത്തിനുള്ള മുൻകരുതലുകൾ.