Nipah Virus : നിപ ബാധയിൽ മലപ്പുറത്ത് അഞ്ച് വാർഡുകൾ കണ്ടെയിന്മെൻ്റ് സോൺ; നബിദിന റാലി മാറ്റിവച്ചു

Nipah Virus Containment Zones : നിപ ബാധ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലായി അഞ്ച് വാർഡുകൾ കണ്ടെയിന്മെൻ്റ് സോണുകളായി പ്രഖ്യാപിച്ച് അധികൃതർ. തിരുവാലി പഞ്ചായത്തിലെ നാല് വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഒരു വാർഡുമാണ് കണ്ടെയിന്മെൻ്റ് സോണുകളായി പ്രഖ്യാപിച്ചത്.

Nipah Virus : നിപ ബാധയിൽ മലപ്പുറത്ത് അഞ്ച് വാർഡുകൾ കണ്ടെയിന്മെൻ്റ് സോൺ; നബിദിന റാലി മാറ്റിവച്ചു

നിപ വൈറസ് (Image Credits - DeFodi Images News/Getty Images)

Updated On: 

16 Sep 2024 08:29 AM

നിപ ബാധ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലായി അഞ്ച് വാർഡുകൾ കണ്ടെയിന്മെൻ്റ് സോണായി പ്രഖ്യാപിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകളാണ് കണ്ടെയിന്മെൻ്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടെ തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മാറ്റിവെക്കാൻ കളക്ടർ നിർദ്ദേശം നൽകി.

തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ വാർഡുകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തിരുവാലിയിലെ 4, 5, 6, 7 വാർഡുകളും മമ്പാട്ടെ ഏഴാം വാർഡും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുകയായിരുന്നു. ഇവിടെ മാസ്ക് നിർബന്ധമാക്കി. വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയാണ് നിപ ബാധിച്ച് മരണപ്പെട്ടത്.

Also Read : Nipah: മലപ്പുറത്ത് നിപ്പ സ്ഥിരീകരിച്ചു; മരിച്ച യുവാവിന്റെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം പോസിറ്റീവ്

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 23 കാരൻ മരിച്ചത്. തുടർന്ന് കോഴിക്കോട് നടന്ന പ്രാഥമിക പരിശോധന ഫലത്തിൽ നിപ പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതിനു പിന്നാലെ പൂനെ വൈറോളജി ലാബിലേക്ക് സ്രവസാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയായ ഈ യുവാവ് ഓഗസ്റ്റ് 23നാണ് ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയത്. ബംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരിക്കിന് ആയുർവേദ ചികിത്സയ്ക്ക് നാട്ടിലെത്തിയ യുവാവിന് പനി ബാധിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇവിടെ നിന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.

മരിച്ച ‍യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയർന്നു. ഇത് ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ പറയുന്നത്. യുവാവിന്‍റെ മരണാന്തര ചടങ്ങിൽ കൂടുതല്‍ പേരെത്തിയത് സമ്പര്‍ക്ക പട്ടിക ഉയരാനുള്ള സാധ്യത വർധിപ്പിക്കുകയാണ്.

മലപ്പുറത്ത് രണ്ട് പേർക്ക് കൂടി നിപ്പ രോ​ഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ രണ്ട് പേർക്കാണ് നിപ ലക്ഷണം കണ്ടെത്തിയത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പ്രത്യേകം നിരീക്ഷിച്ചുവരുകയാണ്. ഞായറാഴ്ച രാവിലെ പഞ്ചായത്തിലെ ജനപ്രതിനികളും ആരോ​ഗ്യ വകുപ്പും യോ​ഗം ചേർന്നിരുന്നു. നാളെ മുതല്‍ കൂടുതല്‍ പനി സര്‍വേകള്‍ പഞ്ചായത്തില്‍ ആരംഭിക്കുമെന്ന് അറിയിച്ചു.

ഹെനിപാ വൈറസ് ജീനസിൽ ഉൾപ്പെടുന്ന നിപ വൈറസ് പാരാമിക്‌സ് വൈറിഡേ ഫാമിലിയിലെ ഒരംഗമാണ്. നിപ രോഗബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ആണ് ഈ രോഗം മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും ഈ രോഗം അതിവേഗം പകരും. വേണ്ടത്ര സുരക്ഷാമാർഗങ്ങൾ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയാണ് രോഗം പകരുന്നത്. വൈറസ് ബാധയേറ്റ വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ, മൂത്രം എന്നിവ കലർന്ന വെള്ളമോ വവ്വാൽ കടിച്ച പഴങ്ങളോ കഴിക്കുന്നതിലൂടെ ഈ രോഗം മനുഷ്യരിലേക്കെത്തും. 2018-ലാണ് ആദ്യമായി കേരളത്തിൽ നിപ്പ ലക്ഷണം കണ്ടുതുടങ്ങിയത്.

പനിയും ശരീര വേദന, ക്ഷീണം, ചുമ, തൊണ്ട വേദന ഇതൊക്കെയാണ് പ്രാരംഭ ലക്ഷണങ്ങൾ. എന്നാൽ ഛർദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസം എന്നിവ രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഉണ്ടാകുന്നു. വേണ്ട ചികിത്സ തക്കതായ സമയത്ത് തന്നെ ലഭിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാവുന്ന രോ​ഗമാണ് നിപ.

Also Read : Nipah Symptoms: വീണ്ടും നിപ ഭീതിയിൽ; മലപ്പുറത്ത് രണ്ട് പേർക്ക് നിപ ലക്ഷണം; 151 പേർ സമ്പർക്ക പട്ടികയിൽ

രോഗാണുക്കൾ ശരീരത്തിലെത്തി നാല് മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പുറത്തുവന്നുതുടങ്ങും. രക്തം, മൂത്രം, തൊണ്ടയിൽ നിന്നുള്ള സ്രവം, നട്ടെല്ലിൽ നിന്നുള്ള സ്രവം എന്നിവ കുത്തിയെടുത്താണ് പരിശോധന നടത്തുന്നത്. ആർടിപിസിആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുക.

എൻ95 മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, നിലത്ത് വീണതും ഏതെങ്കിലും ജീവികൾ കടിച്ചതുമായ പഴങ്ങൾ കഴിക്കാതിരിക്കുക, വവ്വാലുകൾ ഉള്ള പ്രദേശങ്ങളിൽ നിന്നുള്ള തെങ്ങ്, പന എന്നിവയിൽ നിന്നും ശേഖരിക്കുന്ന കള്ള് ഉപയോഗിക്കാതിരിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുക എന്നിവയാണ് ഈ രോ​ഗത്തിനുള്ള മുൻകരുതലുകൾ.

Related Stories
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ