Nipah Virus: സംസ്ഥാനത്ത് വീണ്ടും നിപ? പതിനാലുകാരന്റെ സ്രവം പരിശോധനയ്ക്കയച്ചു
Nipah Virus Doubt 14 Year Old Boy in Treatment: കുട്ടിയുടെ സ്രവ സാംപിള്‍ പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം പുറത്തുവന്നതിന് ശേഷമേ കൂടുതല്‍ ചികിത്സ നടപടികളിലേക്ക് കടക്കൂവെന്നാണ് റിപ്പോര്‍ട്ട്.
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. ചികിത്സയില്‍ കഴിയുന്ന പതിനാലുകാരന്റെ സ്രവം പരിശോധനയ്ക്കയച്ചു. പെരിന്തല്‍മണ്ണ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. നിപ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കുട്ടിയെ കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കുട്ടിയുടെ സ്രവ സാംപിള്‍ പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം പുറത്തുവന്നതിന് ശേഷമേ കൂടുതല്‍ ചികിത്സ നടപടികളിലേക്ക് കടക്കൂവെന്നാണ് റിപ്പോര്‍ട്ട്.
2018 മുതല്‍ കേരളത്തില്‍ ഇതിനകം നാല് തവണയാണ് നിപ ബാധയുണ്ടായത്. എന്‍ 95 മാസ്‌ക് ധരിക്കുന്നത് ഒരു പരിധി വരെ രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. രോഗ ലക്ഷണങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ശ്വാസകോശ രോഗങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കണം.
എന്താണ് നിപ
ഹെനിപാ വൈറസ് ജീനസില്‍പ്പെടുന്ന നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ ഒരംഗമാണ്. മാത്രമല്ല ഇതൊരു ആര്‍ എന്‍ എ വൈറസാണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന ഒരു രോഗം കൂടിയായിരുന്നു ഇത്. എന്നാല്‍ വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഈ രോഗം മനുഷ്യരിലേക്കും പകരുന്നു. അസുഖമുള്ളവരെ പരിചരിക്കുന്നവര്‍ക്കും ഈ രോഗം വരാനുള്ള സാധ്യതയുണ്ട്.
Also Read: H1N1 Death: എറണാകുളത്ത് എച്ച്1 എൻ1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു
രോഗലക്ഷണങ്ങള്‍
വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിച്ച് നാല് മുതല്‍ 14 ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. എന്നാല്‍ ചിലപ്പോളിത് 21 ദിവസത്തിനുള്ളിലുമാകാം. പനിയും തലവേദനയും തലക്കറക്കവും ബോധക്ഷയവും എല്ലാമാണ് രോഗലക്ഷണങ്ങള്‍.
കൂടാതെ ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി കണ്ടുവരാറുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങി ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രോഗി കോമ സ്‌റ്റേജിലേക്കെത്തും. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. ശ്വാസകോശത്തെയും രോഗം ബാധിക്കും.