Nipah virus: ആശങ്ക ഒഴിയാതെ കേരളം; മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധയെന്ന് സംശയം
Nipah virus in malappuram: മലപ്പുറം വണ്ടൂർ സ്വദേശിയായ യുവാവിനാണ് പ്രാഥമിക പരിശോധനയിൽ വെെറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന യുവാവ് കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് മരിച്ചത്.
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ മരിച്ച യുവാവിന്റെ മരണം നിപ വെെറസ് മൂലമാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനയിലാണ് വെെറസ് ബാധ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ പിസിആർ പരിശോധനയിലാണ് ഫലം പോസ്റ്റീവ് ആണെന്ന് കണ്ടെത്തിയത്. അന്തിമ സ്ഥിരീകരണത്തിനായി ഫലം പൂനെ നാഷണൽ വെെറോളി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 23 വയസുകാരനായ യുവാവ് പനി ബാധിച്ച് മരിച്ചത്. പനി മൂർഛിച്ചാണ് മരിച്ചതെങ്കിലും സംശയം തോന്നിയ ഡോക്ടർമാർ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. മലപ്പൂർ വണ്ടൂർ നടുവത്ത് സ്വദേശിയാണ് മരിച്ച യുവാവ്. രണ്ട് മാസം മുമ്പാണ് പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത്. നടുവത്തും ചെമ്പ്രശേരിയും തമ്മിൽ 10 കിലോ മീറ്റർ ദൂരമാണുള്ളത്.