Nipah Death: സംസ്ഥാനത്ത് നിപ മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി 14 കാരൻ മരിച്ചു
Malappuram Nipah Death: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. കഴിഞ്ഞ 15-ാം തീയതി മുതൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയ കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്.
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു (Nipah Death). കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. കഴിഞ്ഞ 15-ാം തീയതി മുതൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയ കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ലിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപ സംശയമുണ്ടാകുകയും ശ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തത്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 14കാരനുമായി സമ്പർക്കം ഉണ്ടായ ഒരാൾക്കും കൂടി രോഗലക്ഷണങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ 10.50 ഓടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടാകുകയും രക്തസമ്മര്‍ദ്ദം താഴുകയുമായിരുന്നു. . ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടായി. തുടര്‍ന്നാണ് മരണം സംഭവിച്ചത്. നിപ ബാധിച്ച കുട്ടിക്കായി ഇന്ന് ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്താനിരിക്കെയാണ് മരണം. മോണോക്ലോണൽ ആന്റിബോഡിയാണ് ഇന്നെത്താനിരുന്നത്.
പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ നിന്ന് കൂട്ടുകാർക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോൾ കഴിച്ച അമ്പഴങ്ങയിൽ നിന്ന് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനത്തിൽ പറയുന്നത്. 15 മുതൽ രോഗലക്ഷണങ്ങൾ കണ്ട കുട്ടിക്ക് 20 നാണ് നിപ രോഗം സ്ഥിരീകരിച്ചത്. കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഒരാൾക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഉൾപ്പെടെ സമ്പർക്ക പട്ടികയിലുള്ളവരെല്ലാം നിലവിൽ നിരീക്ഷണത്തിലാണ്. കുട്ടി നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും നിരീക്ഷണത്തിൽ കഴിയുകയാണ്.
14 കാരന്റെ 246 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. അവരിൽ 63 പേർ ഹൈറിസ്കിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഹൈറിസ്ക് പട്ടികയിലസുള്ള, രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളാണ് ആദ്യം പരിശോധനക്ക് അയക്കുക. പൂനെയിൽ നിന്നും മൊബൈൽ ലാബ് കൂടി സംസ്ഥാനത്ത് എത്തും. പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകൾ കയറി സർവ്വേ നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
നിയന്ത്രണം
നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറത്തെ രണ്ട് പഞ്ചായത്തുകളിൽ കടകൾ തുറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിപ സ്ഥിരീകരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന പാണ്ടിക്കാട് പഞ്ചായത്തിലും സ്കൂൾ ഉൾപ്പെടുന്ന ആനക്കയം പഞ്ചായത്തിലുമാണ് നിയന്ത്രണമുള്ളത്. ഈ പഞ്ചായത്തുകളിൽ കടകൾ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയേ പ്രവർത്തിക്കാവൂ.
പഞ്ചായത്തുകളിലെ മദ്രസ, ട്യൂഷൻ സെൻ്ററുകൾ തുടങ്ങിയവകൾക്ക് പ്രവർത്തിക്കാൻ അനുവാദമില്ല. ആൾക്കൂട്ടം പാടില്ല. പുറത്തിറങ്ങുമ്പോൾ പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കണം. തീയറ്ററുകള്‍ അടച്ചിടും. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായവര്‍ ഉടന്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.