Nipah: മലപ്പുറത്ത് നിപ്പ സ്ഥിരീകരിച്ചു; മരിച്ച യുവാവിന്റെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം പോസിറ്റീവ്
Nipah Again in Kerala: പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ്പ പോസിറ്റീവായത്. ഇതോടെ പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി.
മലപ്പുറം: വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയുടെ മരണം നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ്പ പോസിറ്റീവായത്. ഇതോടെ പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 23 കാരൻ മരിച്ചത്. തുടർന്ന് കോഴിക്കോട് നടന്ന പ്രാഥമിക പരിശോധന ഫലത്തിൽ നിപ പോസിറ്റീവായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പൂനെ വൈറോളജി ലാബിലേക്ക് സ്രവസാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയായ ഈ യുവാവ് ഓഗസ്റ്റ് 23നായിരുന്നു ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയത്. ബംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരിക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് പനി ബാധിച്ചത്. ഇതിനെ തുടർന്ന് ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇവിടെ നിന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്ന് ചികിത്സയിലിരിക്കെയാണ് മരണം.
അതേസമയം മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയർന്നു. ഇത് ഇനിയും ഉയർന്നേക്കും. യുവാവിന്‍റെ മരണാന്തര ചടങ്ങിൽ കൂടുതല്‍ പേരെത്തിയതാണ് സമ്പര്‍ക്ക പട്ടിക ഉയരാൻ സാധ്യതയെന്ന് അധികൃതര്‍ പറയുന്നത്. അതുപോലെ രണ്ട് പേർക്ക് കൂടി നിപ്പ രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ രണ്ട് പേർക്കാണ് നിപ ലക്ഷണം കണ്ടെത്തിയത്. ഇവരെ പ്രത്യേകം നിരീക്ഷിച്ചുവരുകയാണ്.
ഇതോടെ തിരുവാലി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. പഞ്ചായത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കികൊണ്ട് ജില്ല ആരോഗ്യ വകുപ്പ് നിർദേശമിറക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ പഞ്ചായത്തിലെ ജനപ്രതിനികളും ആരോഗ്യ വകുപ്പും യോഗം ചേർന്നിരുന്നു. നാളെ മുതല്‍ കൂടുതല്‍ പനി സര്‍വേകള്‍ പഞ്ചായത്തില്‍ ആരംഭിക്കുമെന്ന് അറിയിച്ചു. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ കഴിഞ്ഞ ദിവസം തന്നെ രൂപീകരിച്ചിരുന്നു.