Nipah virus: നിപ സംശയം; മരിച്ച യുവാവുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി ആരോഗ്യവകുപ്പ്
Malappuram Nipah virus: നിപ ഔദോഗികമായി സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 23 കാരൻ മരിക്കുന്നത്. യുവാവിന് നിപയെന്നാണ് പ്രാഥമിക പരിശോധന ഫലത്തിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: മലപ്പുറം നടുവത്ത് നിപ (Malappuram Nipah virus) സംശയിക്കുന്ന യുവാവിന്റെ സമ്പർക്കത്തിലുള്ള 26 പേരുടെ പട്ടിക തയ്യാറാക്കി ആരോഗ്യ വകുപ്പ്. തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരും ഇതിനായി യോഗം ചേർന്നിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളുമുൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്തിരുന്നു. അതേസമയം, നിപ ഔദോഗികമായി സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 23 കാരൻ മരിക്കുന്നത്. യുവാവിന് നിപയെന്നാണ് പ്രാഥമിക പരിശോധന ഫലത്തിൽ കണ്ടെത്തിയത്.
വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബംഗളൂരുവിൽ വിദ്യാർഥിയുമായ 23കാരൻ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. കോഴിക്കോട്ട് നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് എന്ന പ്രാഥമിക ഫലം പുറത്തുവന്നത്. സ്ഥിരീകരണത്തിനായി പുനെ എൻഐവിയിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്.
ALSO READ: ആശങ്ക ഒഴിയാതെ കേരളം; മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധയെന്ന് സംശയം
സ്രവ സാമ്പിൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കാൻ അഞ്ചു ദിവസം വൈകിയത് എന്തുകൊണ്ടെന്ന് കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഓഗസ്റ്റ് 23നായിരുന്നു ബംഗളൂരുവിൽ നിന്ന് യുവാവ് നാട്ടിലെത്തിയത്. ബംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരിക്കിന് ആയുർവേദ ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് പനി ബാധിച്ച് ചികിത്സ തേടുന്നത്.
ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കുറയാഞ്ഞതിനെ തുടർന്നായിരുന്നു ഈ മാസം അഞ്ചിന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് യുവാവിനെ മാറ്റിയത്. ഇവിടെ ചികിത്സയിലിൽ കഴിയവെയാണ് മരണം. നേരത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നിപ ബാധിച്ച മരിച്ച ചെമ്പ്രശ്ശേരിയിൽ നിന്ന് 10 കിലോമീറ്റർ മാത്രം മാറിയാണ് ഇപ്പോൾ നിപ ലക്ഷണങ്ങളേടെ മരിച്ച യുവാവിന്റെ വീടും. യുവാവുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.