Nimisha Priya: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും; നിർണായക അനുമതിനൽകി പ്രസിഡൻ്റ്
Nimisha Priyas Execution To Be Carried Out In A Month : കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനുള്ളിൽ നടപ്പാക്കിയേക്കും. വധശിക്ഷ നടപ്പാക്കാൻ യമൻ പ്രസിഡൻ്റ് അനുവാദം നൽകി.
യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാകാൻ പ്രസിഡൻ്റിൻ്റെ അനുമതി. ഒരു മാസത്തിനകം തന്നെ വധശിക്ഷ നടപ്പാക്കിയേക്കും. 2017ൽ യമൻ പൗരനെ കൊലപ്പെടുത്തിയ നിമിഷപ്രിയ 2018 മുതൽ ജയിലിലാണ്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത് വിജയം കണ്ടില്ല.
മരിച്ച യമൻ പൗരൻ്റെ കുടുംബവുമായി നിമിഷപ്രിയയുടെ കുടുംബം പലതവണ ആശയവിനിനയം നടത്തിയിരുന്നു. അടുത്തിടെ നിമിഷപ്രിയയുടെ അമ്മ ഉൾപ്പെടെയുള്ളവർ കുടുംബവുമായി ചർച്ചചെയ്യാൻ യമനിലെത്തിയിരുന്നു. എന്നാൽ, ചർച്ചകൾക്ക് യമൻ പൗരൻ്റെ കുടുംബം തയ്യാറായില്ല. ഇതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പ്രസിഡൻ്റ് അനുമതിനൽകിയത്.
തലാൽ അബ്ദുൽ മഹ്ദി എന്ന യമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയക്കെതിരായ കേസ്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ചതിന് ശേഷം 2012ലാണ് നിമിഷ യമനിൽ നഴ്സായി ജോലിയ്ക്ക് പോകുന്നത്. ഭർത്താവുമൊത്തായിരുന്നു യാത്ര. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലി ആരംഭിച്ചു. ക്ലിനിക്കിൽ നഴ്സായി ജോലിചെയ്യുന്നതിനിടെ നിമിഷപ്രിയ തലാൽ അബ്ദുൽ മഹ്ദിയെ പരിചയപ്പെട്ടു. പരസ്പര പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാമെന്ന് ഇരുവരും തീരുമാനിച്ചു. ക്ലിനിക്ക് തുടങ്ങാൻ യമൻ പൗരൻ്റെ ഉത്തരവാദിത്തമുണ്ടാവണമെന്നതാണ് നിബന്ധന. അതിനാലാണ് തലാലുമായി പങ്കാളിത്തമുണ്ടാക്കിയത്.
Also Read : Missing Student From Kerala: കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം സ്‌കോട്ട്‌ലൻഡിലെ പുഴയിൽ നിന്ന് കണ്ടെത്തി
ക്ലിനിക്ക് തുടങ്ങാനായി നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം തലാലിന് കൈമാറിയിരുന്നു. കൂടുതൽ പണം വേണ്ടതിനാൽ നിമിഷ ഭർത്താവിനും മകൾ മിഷേലിനുമൊപ്പം നാട്ടിലേക്ക് വന്നു. പിന്നീട് നിമിഷ മാത്രമാണ് യമനിലേക്ക് മടങ്ങിപ്പോയത്. നിമിഷ പോയതിന് പിന്നാലെ യമനിലേക്ക് പോകാനായിരുന്നു ടോമിയുടെ പദ്ധതി. എന്നാൽ, യമനും സൗദിയുമായി ആ സമയത്ത് ആരംഭിച്ച യുദ്ധം ടോമിയുടെ യാത്രാ പ്ലാനുകൾ തകിടം മറിച്ചു.
ഇതിനിടെ യമനിൽ നിമിഷപ്രിയയ്ക്ക് പ്രശ്നങ്ങളുണ്ടാവാൻ തുടങ്ങി. ബിസിനസ് പങ്കാളിയെന്ന നിലയിൽ മാന്യമായി ഇടപെട്ടിരുന്ന തലാൽ പിന്നീട് നിമിഷ തൻ്റെ ഭാര്യയാണെന്ന് അവകാശപ്പെടാൻ തുടങ്ങി. പലരോടും ഇക്കാര്യം പറഞ്ഞ് വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് ശേഷം ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ക്ലിനിക്കിൽ നിന്ന് ലഭിച്ച വരുമാനം മുഴുവൻ കൈക്കലാക്കിയ ഇയാൾ നിമിഷയുടെ പാസ്പോർട്ട് തട്ടിയെടുത്തു. സ്വർണം വിറ്റ് ആ പണവും കൈക്കലാക്കി. ഇതോടെ അധികൃതർക്ക് പരാതിനൽകിയ നിമിഷപ്രിയയെ തലാൽ മർദ്ദിച്ചു. തൻ്റെ ജീവൻ അപകടത്തിലാവുമെന്ന ഘട്ടമെത്തി. ഇതോടെ അയാളിൽ നിന്ന് രക്ഷപ്പെടാനായി നിമിഷപ്രിയ അമിത ഡോസിൽ മയക്കുമരുന്ന് കുത്തിവക്കുകയായിരുന്നു. നിമിഷയുടെ സഹപ്രവർത്തകയായ ഹനാൻ എന്ന യമനി യുവതിയും തലാലിൻ്റെ പീഡനങ്ങൾക്ക് ഇരയായിരുന്നു. മയക്കുമരുന്ന് കുത്തിവച്ചശേഷം തൻ്റെ പാസ്പോർട്ട് കണ്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കവെ അതിർത്തിയിൽ വച്ച് നിമിഷപ്രിയ പിടിയിലാവുകയായിരുന്നു. താൻ മയക്കുമരുന്ന് കുത്തിവച്ചു എന്ന് അവകാശപ്പെട്ട തലാലിൻ്റെ മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിലായിരുന്നു. ഇതോടെ കൊലക്കുറ്റത്തിന് നിമിഷ അറസ്റ്റിലായി.