Neyyattinkara Samadhi Case: നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം സംസ്‌കരിച്ചു; നേതൃത്വം നല്‍കി സന്യാസിമാര്‍
Neyyattinkara Samadhi Case Updates: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പദയാത്രയായാണ് ഗോപന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ചടങ്ങുകളില്‍ സന്യാസിമാരോടൊപ്പം ഗോപന്റെ രണ്ട് മക്കളും പങ്കെടുത്തു. അതിനിടെ, വിവാദങ്ങള്‍ക്കിടെ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍ മാപ്പ് ചോദിച്ചു.
തിരുവനന്തപുരം: ഗോപന്‍ സ്വാമിയുടെ മൃതദേഹം സംസ്‌കരിച്ചു. സമാധിയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവിലാണ് മൃതദേഹം സംസ്‌കരിച്ചത്. കഴിഞ്ഞ ദിവസം പൊളിച്ച കല്ലറയ്ക്ക് പകരം മറ്റൊരു കല്ലറയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സംസ്‌കാര ചടങ്ങുകളില്‍ നിരവധി സന്യാസിമാര്‍ പങ്കെടുത്തു.
നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പദയാത്രയായാണ് ഗോപന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ചടങ്ങുകളില്‍ സന്യാസിമാരോടൊപ്പം ഗോപന്റെ രണ്ട് മക്കളും പങ്കെടുത്തു. അതിനിടെ, വിവാദങ്ങള്‍ക്കിടെ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍ മാപ്പ് ചോദിച്ചു.
എന്നാല്‍, എന്താണ് ഇയാളുടെ മരണകാരണം എന്ന് വ്യക്തമല്ല. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം അന്വേഷണം ഊര്‍ജിതമാക്കാനാണ് പോലീസ് നീക്കം. വരും ദിവസങ്ങളില്‍ കുടുംബാംഗങ്ങളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം രാവിലെയാണ് ഗോപന്റെ മൃതദേഹം കല്ലറയ്ക്കുള്ളില്‍ നിന്ന് പുറത്തെടുത്തത്. പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലായിരുന്നു നടപടികള്‍. രാവിലെ 9 മണിയോടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ മരണത്തില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നെങ്കില്‍ മാത്രമേ മരണകാരണം എന്താണെന്നതില്‍ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.
അതേസമയം, പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്ന് കണ്ടെത്തിയതോടെ ഗോപന്റെ മകന്‍ സനന്ദന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും മകന്‍ പ്രതികരിച്ചു.
ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലങ്ങള്‍ കൂടി വന്നെങ്കില്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നാണ് പറയുന്നത്. അത് വന്നാലും പേടിക്കാനൊന്നുമില്ല. അച്ഛന്‍ മഹാ സമാധിയായതാണ്, അതിന് തടസം നിന്നവര്‍ക്കെതിരെയെല്ലാം നിയമ നടപടിയെടുക്കണം. വിഡിഎസ്പി നേതാവ് ചന്ദ്രശേഖരന്‍ പറഞ്ഞത് കൊണ്ട് മാത്രമാണ് പ്രതികരിക്കാതിരുന്നതെന്നും മകന്‍ പറഞ്ഞിരുന്നു.