Neyyattinkara Samadhi Case: സമാധിയാകുമെന്ന് ചെറുപ്പത്തിലെ പറഞ്ഞിരുന്നു, കണ്ടിട്ട് നാല് വർഷം , പറഞ്ഞത് ഫോണിൽ എടുത്ത് വെക്കണമായിരുന്നു ; ഗോപൻ സ്വാമിയുടെ സഹോദരി
Neyyattinkara Gopan Swami Samadhi: മരം മുറിച്ച് മരുത്വാ മലയിൽ കൊണ്ട് പോയി സഹായങ്ങൾ ചെയ്തയാളാണ് അണ്ണൻ. വീട്ടിൽ ഇറച്ചിയും മീനും ഒന്നും കയറ്റില്ല 35 കൊല്ലമായി മാംസാഹാരം കഴിക്കാത്തയാളാണ്
തിരുവനന്തപുരം: എത്രകാലമായാലും അണ്ണൻ അവിടെ തന്നെ സമാധിയാകുമെന്ന് അറിയമായിരുന്നെന്ന് നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സഹോദരി തങ്കമ്മ പറയുന്നു. തമ്മിൽ കണ്ടിട്ട് നാല് വർഷം കഴിഞ്ഞെങ്കിലും കുട്ടിക്കാലം മുതൽ അദ്ദേഹം പറഞ്ഞിരുന്നതാണ് ഇപ്പോൾ സംഭവിച്ചതെന്നും തൻ്റെ അച്ഛൻ്റെ അച്ഛൻ മരുത്വാമലയിൽ സമാധിയായ ആളാണ് ആ കഥകൾ കേട്ട് അണ്ണനും (സഹോദരൻ) അത്തരം ആഗ്രഹമുണ്ടായിരുന്നെന്നും ഗോപൻ സ്വാമിയുടെ സഹോദരി പയുന്നു. പ്രാദേശിക യൂട്യൂബ ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ. മരണത്തെ പറ്റി ഒരു സംശയവുമില്ല, എൻ്റെ അണ്ണൻ മരിച്ചതിൽ സന്തോഷമേയുള്ളു. അണ്ണൻ്റെ മക്കൾ സ്നേഹത്തോടെ ജീവിക്കുന്നവരാണ്. ഭക്തിയിൽ ജീവിക്കുന്ന കുടുംബമാണിത്. ഞങ്ങൾ നാല് പേരാണ് രണ്ടാണും രണ്ട് പെണ്ണും. ചേട്ടൻമാർ രണ്ട് പേരും മരിച്ചു.
വീട്ടിൽ നിന്നും മരം മുറിച്ച് മരുത്വാ മലയിൽ കൊണ്ട് പോയി സ്വാമിമാർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്തയാളാണ് അണ്ണൻ. കടുത്ത ശിവ ഭക്തനാണ്. ഇടക്കിടയിൽ മരുത്വാമലയിൽ പോയി കുറച്ച് നാളുകൾ കഴിഞ്ഞാണ് വരുന്നത്. വീട്ടിൽ ഇറച്ചിയും മീനും ഒന്നും കയറ്റില്ല 35 കൊല്ലമായി മാംസാഹാരം കഴിക്കില്ല. അമ്മയും അച്ഛനും അണ്ണന് പേരിട്ടത് മണിയൻ എന്നാണ്. ആറാലുംമൂട്ടിൽ യൂണിയൻ തൊഴിലാളിയാകാനാണ് പേര് മാറ്റിയത്. യൂണിയനിൽ ചേരാൻ നേരം അവിടെ ഒരാൾ റിട്ടയർ ചെയ്യാനിരുന്നു അയാളുടെ പേരും ഗോപൻ സ്വാമിയെന്നാണ് അയാൾ റിട്ടയർ ചെയ്യും മുൻപ് പേര് മാറ്റി അങ്ങനെ യൂണിയനിൽ ചേരാൻ പറഞ്ഞു. അങ്ങനെയാണ് മണിയണ്ണൻ ഗോപൻസ്വാമിയായതെന്നും തങ്കമ്മ പറയുന്നു.
വെള്ളിയാഴ്ച രാവിലെ 11.30 ഓടെ തങ്ങളുടെ പിതാവ് സമാധിയായെന്ന് കാണിച്ച് വീടിന് സമീപത്ത് പോസ്റ്റർ ഒട്ടിച്ചതോടെയാണ് ഗോപൻ സ്വാമിയുടെ തിരോധാനം നാട്ടുകാർ അറിയുന്നത്. ഇതിന് പിന്നാലെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നറിയാൻ ആളുകൾ വീട്ടിലേക്കെത്തി. സമാധിയാകാൻ പോകുന്നുവെന്ന് പറഞ്ഞ അച്ഛൻ കഞ്ഞിയും കുടിച്ച് പ്രഷറിനും ഷുഗറിനുമുള്ള മരുന്നും കഴിച്ച് ശേഷം സമാധി സ്ഥലത്ത് പോയി ഇരിക്കുകയായിരുന്നെന്നാണ് മക്കൾ പറയുന്നത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് പ്രദേശ വാസികളും രംഗത്തെത്തി.
ഗോപൻ സ്വാമി കിടപ്പിലായിരുന്നെന്നും അങ്ങനെയുള്ള ഒരാൾക്ക് എങ്ങനെ ഏണിറ്റ് വന്ന് സമാധിയായി ഇരിക്കാൻ സാധിക്കുമെന്ന സ്വഭാവികമായ ചോദ്യം നാട്ടുകാരും ചോദിച്ചു. വിഷയത്തിൽ ജില്ലാ ഭരണകൂടവും പോലീസും ഇടപെടുകയും സമാധി പൊളിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തെങ്കിലും സ്ഥലത്തെ ക്രമസമാധാന പ്രശ്നം മുൻ നിർത്തി പിന്മാറി. സബ്കകളക്ടർ അടക്കം നേരിട്ട് സ്ഥലത്തെത്തിയാണ് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. ചില ഹിന്ദു സംഘടനകളും കുടുംബത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഇതിനിടയിൽ കേസിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഗോപൻ സ്വാമിയുടെ കുടുംബം. വിഷയത്തിൽ അധികം താമസിക്കാതെ തന്നെ തീരുമാനം കൈക്കൊള്ളാനാവുമെന്നാണ് പോലീസിൻ്റെ നിഗമനം.