Neyyattinkara Samadhi Case: സമാധി സ്ഥലത്ത് പോലീസ് കാവല്‍; പോസ്റ്റുമോര്‍ട്ടത്തിന് കളക്ടറുടെ അനുമതി തേടാന്‍ നീക്കം
Neyyattinkara Samadhi Case Updates: ഗോപന്‍ സ്വാമിയെ ഏറെ നാളായി വീടിന് പുറത്തേക്ക് കാണാറില്ലായിരുന്നുവെന്നും അയാള്‍ അസുഖം ബാധിച്ച് കിടപ്പിലായിരുന്നുവെന്ന് പരിസരവാസികള്‍ മൊഴി നല്‍കിയതോടെയാണ് സംഭവം കൂടുതല്‍ ചര്‍ച്ചയായത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് ഗോപന്‍ സ്വാമി സമാധിയായെന്നാണ് മക്കള്‍ പറയുന്നത്. കിടപ്പിലായ ഒരാള്‍ എങ്ങനെയാണ് ഒറ്റയ്ക്ക് നടന്നുവന്ന സമാധിയില്‍ ഇരിക്കുന്നതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അച്ഛനെ മക്കള്‍ സമാധി ഇരുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനൊരുങ്ങി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി കളക്ടറുടെ ഉത്തരവ് തേടാനാണ് നീക്കം. കളക്ടറുടെ അനുമതി ലഭിച്ചാലുടന്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആറാലുംമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) മരണപ്പെടുന്നത് വെള്ളിയാഴ്ചയാണ്. തുടര്‍ന്ന് അച്ഛന്‍ സമാധിയായ വിവരം മക്കള്‍ പരിസരപ്രദേശങ്ങളില്‍ പോസ്റ്റര്‍ ഒട്ടിച്ചതോടെയാണ് നാട്ടുകാര്‍ അറിയുന്നത്. അച്ഛന്‍ സ്വമേധയ സമാധിയിലേക്ക് നടന്നുവെന്ന് ഇരിക്കുകയായിരുന്നുവെന്നും അച്ഛന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റുകയായിരുന്നു എന്നുമാണ് മക്കള്‍ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ ഗോപന്‍ സ്വാമിയെ ഏറെ നാളായി വീടിന് പുറത്തേക്ക് കാണാറില്ലായിരുന്നുവെന്നും അയാള്‍ അസുഖം ബാധിച്ച് കിടപ്പിലായിരുന്നുവെന്ന് പരിസരവാസികള്‍ മൊഴി നല്‍കിയതോടെയാണ് സംഭവം കൂടുതല്‍ ചര്‍ച്ചയായത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് ഗോപന്‍ സ്വാമി സമാധിയായെന്നാണ് മക്കള്‍ പറയുന്നത്. കിടപ്പിലായ ഒരാള്‍ എങ്ങനെയാണ് ഒറ്റയ്ക്ക് നടന്നുവന്ന സമാധിയില്‍ ഇരിക്കുന്നതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. എന്നാല്‍ പ്രായാധിക്യം മൂലം മരണപ്പെട്ട പിതാവിനെ മക്കള്‍ വീടിന് സമീപത്ത് സംസ്‌കരിക്കുകയും ബാക്കിയുള്ളതെല്ലാം നുണയുമാകാമെന്നാണ് പോലീസ് നിഗമനം.
അതേസമയം, ആറാലുമൂടില്‍ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപന്‍ 2016 ല്‍ വീടിനോട് ചേര്‍ന്ന് ഒരു ശിവക്ഷേത്രം നിര്‍മിച്ചു. ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ ചെയ്തത് വഴിയാണ് ഇയാള്‍ സ്വാമിയായി മാറുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്ക് വാര്‍ധക്യ സഹജമായ അസുഖം മൂര്‍ച്ഛിച്ചതോടെ നാട്ടുകാരില്‍ ചിലരോടും വാര്‍ഡ് മെമ്പറോടും ‘ഞാന്‍ മരിച്ചതിനുശേഷം എന്നെ സമാധി ആക്കണം’ എന്ന് ഇദ്ദേഹം അറിയിച്ചിരുന്നൃു. ഭാര്യയോടും മക്കളോടും ഗോപന്‍ സ്വാമി ഇതേ ആവശ്യം അറിയിച്ചിരുന്നു. സമാധിയായി അടക്കം ചെയ്യാനുള്ള ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും താന്‍ മരിച്ചതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നതെന്നാണ് കുടുംബം പറയുന്നത്.
സമാധി ചെയ്തതിന് ശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂവെന്നും ഗോപന്‍ സ്വാമി ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നതായാണ് വിവരം. എന്നാല്‍ വിഷയം വലിയ വാര്‍ത്തയായതോടെ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗോപന്‍ സ്വാമിയുടെ ഇളയമകന്‍ രാജസേനന്‍ പറയുന്നത്.
പിതാവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. സമാധിയാകാന്‍ സമയമായെന്ന് പറഞ്ഞ് പിതാവ് പോവുകയായിരുന്നു. തുടര്‍ന്ന് യോഗകലകളിലൂടെ പ്രാണശക്തികളെയെല്ലാം ഉണര്‍ത്തി, ഓരോ അനാഗത ചക്രത്തിലും ഓരോ കലകളെ ഉണര്‍ത്തി, പ്രാണായാമം ചെയ്ത്, കുംഭകം ചെയ്ത് ബ്രഹ്‌മത്തിലേക്ക് ലയിക്കുകയായിരുന്നുവെന്നും രാജസേനന്‍ പറയുന്നു.
പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിലൂടെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുക.