Neyyattinkara Samadhi Case: മരണ കാരണം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല; സാമ്പിള്‍ പരിശോധനാ ഫലത്തിന് കാത്തിരിക്കണമെന്ന് ഫോറന്‍സിക് സംഘം
Neyyattinkara Samadhi Case Updates: മരണം അസ്വാഭാവികമാണോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ശ്വാസകോശത്തില്‍ നിന്നും ശേഖരിച്ച സാമ്പിളിന്റെ പരിശോധനാ ഫലം പുറത്തുവരണം. അതിന് ശേഷം മാത്രമേ എന്താണ് മരണ കാരണം എന്നതില്‍ നിഗമനത്തിലെത്താന്‍ കഴിയൂവെന്ന് ഫോറന്‍സിക് സംഘം പറഞ്ഞു.
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണ കാരണം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് ഫോറന്‍സിക് സംഘം. ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണ കാരണം കൃത്യമായി പറയാന്‍ സാധിക്കൂവെന്ന് ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഗോപന്‍ സ്വാമിയുടെ ശരീരത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ലെന്നാണ് വിവരം.
മരണം അസ്വാഭാവികമാണോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ശ്വാസകോശത്തില്‍ നിന്നും ശേഖരിച്ച സാമ്പിളിന്റെ പരിശോധനാ ഫലം പുറത്തുവരണം. അതിന് ശേഷം മാത്രമേ എന്താണ് മരണ കാരണം എന്നതില്‍ നിഗമനത്തിലെത്താന്‍ കഴിയൂവെന്ന് ഫോറന്‍സിക് സംഘം പറഞ്ഞു.
അതേസമയം, ഗോപന്‍ സ്വാമിയുടെ മൃതദേഹം വെള്ളിയാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കു. മതാചാര്യന്മാരെ പങ്കെടുപ്പിച്ചുകൊണ്ടാകും ചടങ്ങുകള്‍ നടക്കുക. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഇന്ന് നിംസ് ആശുപത്രിയില്‍ സൂക്ഷിക്കും.
വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം സമാധി സ്ഥലമായ കല്ലറയില്‍ നിന്ന് പുറത്തെടുത്തത്. കല്ലറയിലുള്ളത് ഗോപന്‍ സ്വാമിയുടെ തന്നെ മൃതദേഹമാണെന്ന് സാക്ഷികളായ ജനപ്രതിനിധികള്‍ വ്യക്തമാക്കി. കല്ലറയ്ക്കുള്ളില്‍ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹത്തില്‍ ഭസ്മവും പൂജാദ്രവ്യങ്ങളും വിതറിയിരുന്നു. വായിലും പൂജാദ്രവ്യങ്ങള്‍ ഇട്ടിരുന്നു.
ചമ്രം പടിഞ്ഞിരിക്കുന്ന മൃതദേഹത്തിന്റെ തലയില്‍ സ്ലാബ് മുട്ടാത്ത വിധത്തിലായിരുന്നു ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കല്ലറ തുറന്നത്. പ്രദേശത്ത് പോലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. കല്ലറ തുറക്കുന്നതിന് മുമ്പായി സബ് കളക്ടര്‍ ഗോപന്‍ സ്വാമിയുടെ കുടുംബവുമായി സംസാരിച്ചു.
Also Read: Neyyattinkara Samadhi Case: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്
കല്ലറ തുറക്കുകയാണെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ മക്കള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ തുറക്കുന്ന സമയത്ത് യാതൊരുവിധത്തിലുള്ള സംഘര്‍ഷങ്ങളും കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
കഴിഞ്ഞ ദിവസമാണ് കല്ലറ പൊളിക്കുന്നതിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. അവശനിലയിലായിരുന്ന ഗോപന്‍ സ്വാമി എങ്ങനെ സമാധി വരെ എത്തി എന്നതായിരുന്നു തുടക്കം മുതല്‍ സംശയനിഴലിലുണ്ടായിരുന്ന കാര്യം. കല്ലറയില്‍ വെച്ചാണ് ഗോപന്‍ മരണപ്പെട്ടതെന്ന മക്കളുടെ മൊഴിയിലും വ്യക്തതവരാനുണ്ട്.