Neyyattinkara Gopan: ‘ഗോപന്‍ സ്വാമി എന്നുപറഞ്ഞ് പലരും പണമുണ്ടാക്കുന്നു, ഭഗവാനെ വച്ച് കച്ചവടം ചെയ്യില്ല’; മകന്‍
Neyyattinkara Gopan's Son Expresses Disappointment:തന്റെ അച്ഛന്റെ പേര് ഉപയോഗിച്ച് പലരും പൈസ ഉണ്ടാക്കുന്നുവെന്നാണ് മകന്റെ ആരോപണം. അച്ഛനെ ഒരിക്കലും കച്ചവടം ചെയ്യരുത്. പലരും ഇപ്പോൾ അതാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിലെ പ്രധാന ചർച്ചവിഷയം നെയ്യാറ്റിൻകര ഗോപൻ സമാധി വിഷയമാണ്. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ഗോപന്റെ സമാധിയും തുടർന്നുണ്ടായ സംഭവവികാസങ്ങളും വലിയ വാർത്തയായിരുന്നു. വീട്ടുക്കാർ രഹസ്യമായി സമാധിയിരുത്തിയതിനു പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ മാസം ഒൻപതാം തീയതിയാണ് നെയ്യാറ്റിൻകര ഗോപൻ മരണപ്പെട്ടത്. ഇതിനു പിന്നാലെ മക്കൾ വീടിനു പരിസരത്ത് പതിച്ച പോസ്റ്റർ കണ്ടാണ് ഗോപൻ മരിച്ച വിവരം നാട്ടുക്കാർ അറിയുന്നത്.
ഇതോടെ സംഭവത്തിൽ അന്വേഷണം വേണമെന്നും മൃതദേഹം എടുത്ത പരിശോധിക്കണമെന്ന ആവശ്യവുമായി നാട്ടുക്കാർ രംഗത്ത് എത്തി. ഇതോടെ കേസെടുത്ത പോലീസ് തുടർന്ന് സമാധിയായെന്ന് പറയുന്ന കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. ഇതിനു ശേഷ കുടുംബത്തിന് മൃതദേഹം വിട്ടുനൽകി.
കഴിഞ്ഞ ദിവസമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നത്. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവുകളുണ്ടെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. എന്നാൽ ഇതൊന്നും മരണകാരണമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിൽ ഇനി ആന്തരികാവയവ പരിശോധന റിപ്പോർട്ട് കൂടി ലഭിക്കാനുണ്ട്. ഇതിനു ശേഷം മാത്രമായിരിക്കും അന്വേഷണം മുന്നോട്ട് പോകണോ വേണ്ടയോ എന്ന് പോലീസ് തീരുമാനിക്കുന്നത്. ഇതിനുപിന്നാലെ തന്‍റെ അച്ഛന്‍റെ പേരില്‍ പലരും പണമുണ്ടാക്കുന്നുവെന്ന ആരോപണവുമായി ഗോപന്‍റെ മകന്‍ രാജസേനന്‍ രംഗത്തെത്തി.
തന്റെ അച്ഛന്റെ പേര് ഉപയോഗിച്ച് പലരും പൈസ ഉണ്ടാക്കുന്നുവെന്നാണ് മകന്റെ ആരോപണം. അച്ഛനെ ഒരിക്കലും കച്ചവടം ചെയ്യരുത്. പലരും ഇപ്പോൾ അതാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുമാനം ഇല്ലെന്നും ക്ഷേത്രത്തിലെ പൈസ എടുക്കില്ലെന്നും മകൻ പറഞ്ഞു.
അതേസമയം നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ് പരാക്രമം കാട്ടി. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാട്ടിയത്. ആക്രമത്തിൽ മൂന്ന് യുവാക്കളെ മർദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു. കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെ നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് സംഭവം.