Neyyattinkara Samadhi Case: ഗോപൻ സ്വാമിയുടെ സമാധി ഇന്ന് പൊളിക്കും, അനുവദിക്കില്ലെന്ന് കുടുംബം; വൻ പോലീസ് സന്നാഹം
Neyyattinkara Gopan Swami Samadhi: കഴിഞ്ഞ ദിവസം രാത്രി റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഇന്ന് പുലർച്ച മുതലെ പരിസരത്ത് വൻ പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഗോപൻ സ്വാമിയുടെ കല്ലറയിൽ മകൻ രാത്രി പൂജ നടത്തി.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ ‘സമാധി’ ഇന്ന് പൊളിച്ച് പരിശോധിക്കും. ഹൈക്കോടതി അനുമതി നൽകിയതോടെയാണ് ജില്ലാ ഭരണകൂടത്തിന്‍റെയും പോലീസിന്‍റെയും നീക്കം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഇന്ന് പുലർച്ച മുതലെ പരിസരത്ത് വൻ പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഗോപൻ സ്വാമിയുടെ കല്ലറയിൽ മകൻ രാത്രി പൂജ നടത്തി.
രണ്ട് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹമാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. രാവിലെ 10 മണിക്കു മുൻപ് കല്ലറ തുറന്നു പരിശോധിക്കാനാണു തീരുമാനം. ജില്ലാ ഭരണകൂടമാണു കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. കല്ലറയിലേക്കുള്ള വഴി അടച്ചു. സ്ഥലത്തേക്ക് പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. കല്ലറ ടാർപോളിൻ ഉപയോഗിച്ച് മറച്ചിട്ടുമുണ്ട്. ആർഡിഒ എത്തിയതിനു പിന്നാലെ കല്ലറ പൊളിക്കുമെന്നു പോലീസ് അറിയിച്ചു. ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
രണ്ട് ദിവസം മുൻപ് കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കല്ലറ പൊളിച്ച് പരിശോധിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും കുടുബവും സാമുദായിക സംഘടനകളും പ്രതിഷേധം വച്ചതോടെ പിൻമാറുകയായിരുന്നു. ഇതിനു പിന്നാലെ സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കുടുംബം നീക്കം നടത്തിയിരുന്നു. എന്നാൽ ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പോലിസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം.
എന്നാൽ, അച്ഛന്റേത് മരണമല്ല സമാധിയെന്ന് ആവർത്തിക്കുകയാണ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയർത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് മാധ്യമങ്ങളോട് സനന്ദന്റെ മറുപടി. മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്കാനർ വെച്ച് മനുഷ്യ ശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്റെ മറുചോദ്യം. കോടതിയെ മാനിക്കുന്നുവെന്നും പക്ഷേ കോടതിയുടെ ആ നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗോപൻ സ്വാമി സമാധിയായെന്ന് വിവരം പുറം ലോകം അറിയുന്നത്. പിതാവ് സമാധിയായെന്ന് മക്കള്‍ ബോര്‍ഡ് വച്ചതോടെയാണ് ഇത്. ഇതോടെ നാട്ടുക്കാരിൽ സംശയത്തിന് ഇടയൊരുക്കി. ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന അയല്‍വാസിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.