Neyyattinkara Samadhi Case: ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു; ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി
ഇതിന്റെ എല്ലാ പരിശോധനകളും നടത്തി പോസ്റ്റ്മോർട്ടിത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ ‘സമാധി’ തുറന്നു. കല്ലറയിൽ നിന്ന് ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിനു ചുറ്റും ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാവൂ. ഇതോടെ കുടുംബം പോലീസിനു നൽകിയ മൊഴി ശരിവെക്കുന്ന രീതിയിലാണ്. കല്ലറയുടെ മുകളിലെ സ്ലാബാണ് ആദ്യം നീക്കിയത്. ഹൃദയ ഭാഗം വരെ പൂജാ ദ്രവ്യങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഇതിന്റെ എല്ലാ പരിശോധനകളും നടത്തി പോസ്റ്റ്മോർട്ടിത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.
മൃതദേഹം ഉടൻ പുറത്തെടുക്കും. പിന്നാലെ മൃതദേഹത്തിന്റെ ജീർണാവസ്ഥ നോക്കിയാകും എവിടെ വച്ച് പോസ്റ്റമോർട്ടം നടത്തണമെന്ന് തീരുമാനിക്കുന്നത്. മൃതദേഹം കൂടുതൽ ജീർണാവസ്ഥയിൽ ആണെങ്കിൽ ഇവിടെവച്ചു തന്നെ പ്രത്യേകം ഏർപ്പാടക്കിയ സ്ഥലത്ത് പോസ്റ്റമോർട്ടം നടത്തും. അല്ലെങ്കിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം,സ്ഥലത്ത് പൂർണ ശാന്തതയാണ്. കല്ലറ പൊളിക്കാൻ പൊലീസും സംഘവും സ്ഥലത്തെത്തിയപ്പോൾ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.
Also Read: ഗോപൻ സ്വാമിയുടെ സമാധി ഇന്ന് പൊളിക്കും, അനുവദിക്കില്ലെന്ന് കുടുംബം; വൻ പോലീസ് സന്നാഹം
അതേസമയം കഴിഞ്ഞ ദിവസം ഹൈക്കോടതി ലഭിച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്‍റെയും പോലീസിന്‍റെയും നീക്കം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഇന്ന് പുലർച്ച മുതലെ പരിസരത്ത് വൻ പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നു. രണ്ട് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹമാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടമാണു കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. ആർഡിഒ എത്തിയതിനു പിന്നാലെയാണ് കല്ലറ പൊളിച്ചത്. ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.