Neyyattinkara Gopan Swami: ‘സമാധിക്ക് സമയമായെന്ന് അച്ഛന്‍ പറഞ്ഞു; ഞങ്ങൾ ആ ആഗ്രഹം നിറവേറ്റി’; ഗോപൻ സ്വാമിക്ക് എന്ത് സംഭവിച്ചു?
Neyyattinkara Gopan Swami Samadhi: ഗോപന്‍ സ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച ബന്ധുക്കളും നാട്ടുകാരും രംഗത്ത് എത്തിയതോടെ വലിയ വിവാദങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്നത്. ഗോപന്‍ സ്വാമി സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കൾ പറയുന്നത്.
തിരുവനന്തപുരം: നെയ്യാറ്റിൻകര ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച ബന്ധുക്കളും നാട്ടുകാരും രംഗത്ത് എത്തിയതോടെ വലിയ വിവാദങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്നത്. ഗോപന്‍ സ്വാമി സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കൾ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നുമാണ് നാട്ടുക്കാർ പറയുന്നത്.
ആരാണ് ഗോപന്‍ സ്വാമി
ആറാലുമൂടിൽ ഒരു ചുമട്ടുതൊഴിലാളിയായിരുന്നു ഗോപന്‍. വർഷങ്ങളോളം തൊഴിലാളി യൂണിയനിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ 2016 ൽ വീടിനോട് ചേര്‍ന്ന് ഒരു ശിവക്ഷേത്രം നിര്‍മിച്ചു. ഇതിന്റെ മുഖ്യാ ആചാര്യൻ എന്നറിയപ്പെടുന്നത് ഇയാളാണ്. ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ ചെയ്തതും ഗോപന്‍ സ്വാമിയായിരുന്നു. നാട്ടില്‍ ഗോപന്‍ സ്വാമി എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. മൂന്ന് മാസങ്ങൾക്ക് മുൻപ് ഇയാൾക്ക് അസുഖം കൂടിയതോടെ നാട്ടുകാരില്‍ ചിലരോടും വാര്‍ഡ് മെമ്പറോടും ‘ഞാന്‍ മരിച്ചതിനുശേഷം എന്നെ സമാധി ആക്കണം’ എന്ന് ഇദ്ദേഹം അറിയിച്ചിരുന്നതായാണ് വിവരം. ഭാര്യയോടും മക്കളോടും ഇതേ ആവശ്യം അറിയിച്ചിരുന്നതായി അവരും പറയുന്നു. സമാധിയായി അടക്കം ചെയ്യാനുള്ള ചെയ്യാനുള്ള സ്ഥലം ഒരുക്കിയിരുന്നു. താന്‍ മരിച്ചതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും അതിനുശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന്‍ സ്വാമി ഭാര്യയോടു മക്കളോടും പറഞ്ഞിരുന്നതായാണ് അവര്‍ പറയുന്നത്.
Also Read: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം; രണ്ടു ഡോക്ടർമാർക്കെതിരെ കേസ്
ഗോപൻ സ്വാമിയുടെ മകൻ പറയുന്നത്
ഗോപൻ സ്വാമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുക്കാർ രംഗത്ത് എത്തിയതോടെ വിഷയത്തിൽ പ്രതികരിച്ച മകൻ രംഗത്ത് എത്തി. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സമാധിക്ക് സമയമായെന്ന് അച്ഛന്‍ പറഞ്ഞുവെന്നും ഞങ്ങൾ ആ ആഗ്രഹം നിറവേറ്റിയെന്നുമാണ് മകൻ രാജസേനന്‍ പറയുന്നത്. അച്ഛന് സമാധിയാകുമ്പോള്‍ ഇരിക്കാനുള്ള പത്മപീഠക്കല്ല്, ദളക്കല്ല് എന്നിവ അഞ്ചുവര്‍ഷം മുമ്പ് തന്നെ അച്ഛന്‍ മയിലാടിയില്‍നിന്ന് പ്രത്യേകമായി വരുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സമാധിയാവാന്‍ സമയമായി എന്ന് അദ്ദേഹം പറഞ്ഞത്. ശേഷം സമാധിയാവാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്ന ഇടത്തേക്ക് പോയി. അവിടെ പീഠത്തില്‍ പത്മാസനത്തില്‍ ഇരുന്നു. ശേഷം തന്നെ അനുഗ്രഹിച്ചുവെന്നും പിന്നാലെ പ്രാര്‍ത്ഥിച്ച് യോഗകലകളിലൂടെ പ്രാണശക്തികളെയെല്ലാം ഉണര്‍ത്തി, ഓരോ അനാഗത ചക്രത്തിലും ഓരോ കലകളെ ഉണര്‍ത്തി, പ്രാണായാമം ചെയ്ത്, കുംഭകം ചെയ്ത് അച്ഛന്‍ ബ്രഹ്‌മത്തിലേക്ക് ലയിക്കുകയാണ് ചെയ്തതെന്നും മകൻ പറയുന്നു.
അച്ഛൻ സമാധിയാകുന്ന സമയം സഹോദരൻ ജോലി സ്ഥലത്തായിരുന്നുവെന്നും വിളിച്ച് പറഞ്ഞ് പൂജയ്ക്കായുള്ള സാധനങ്ങളുമായാണ് അദ്ദേഹം എത്തിയതെന്നും ഇയാൾ പറയുന്നു. പകല്‍വെളിച്ചത്തിലാണ് ഈ പൂജകളൊക്കെയും നടന്നത്. ഭസ്മം, ചന്ദനം, കര്‍പ്പൂരം തുടങ്ങി മറ്റെല്ലാ സുഗന്ധദ്രവ്യങ്ങളുമിട്ട് ഹൃദയത്തിന് മുകളിലേക്ക് മണ്ണില്‍ മൂടാത്ത തരത്തിലാണ് അച്ഛനെ നിമഞ്ജനം ചെയ്തിരിക്കുന്നത്. സമാധി ചെയ്യുന്നത് ആരും കാണാൻ പാടില്ലെന്നും ‘ശിവനെ ആരാധിക്കുന്നതിനാല്‍ ഇപ്രകാരം ചെയ്താല്‍ മാത്രമേ ദൈവത്തിന്റെയടുത്ത് പോകാനാകൂ’ എന്ന വിശ്വാസമാണ് അച്ഛന് ഉണ്ടായിരുന്നുവെന്നും. അതുകൊണ്ട് ആണ് നാട്ടുകാരെയും വാര്‍ഡ് മെമ്പറെയും പോലും അറിയിക്കാതെ ‘സമാധി’ ചടങ്ങുകള്‍ നടത്തിയത് എന്നുമാണ് ഗോപന്‍ സ്വാമിയുടെ രണ്ടുമക്കളും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
എന്താണ് സംഭവം
ശനിയാഴ്ച രാവിലെയാണ് വീടിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ ഗോപൻ സ്വാമി മരിച്ചെന്ന് പറഞ്ഞുകൊണ്ട് പോസ്റ്ററുകള്‍ മകന്‍ പതിപ്പിച്ചിരുന്നു. ഇതോടെയാണ് നാട്ടുക്കാർ സംഭവം അറിയുന്നത്. ഇതോടെ വിവരം മക്കളോട് ചോദിച്ചപ്പോള്‍ രണ്ടു മക്കളും പരസ്പരവിരുദ്ധമായാണ് മറുപടി പറഞ്ഞതെന്നാണ് നാട്ടുക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് ഗോപന്‍ സ്വാമി മരിച്ചെന്നും അതിനുശേഷം രാത്രിയോടെ മരണാന്തര ചടങ്ങുകള്‍ ചെയ്തു സമാധി ആക്കിയെന്നുമാണ് മക്കള്‍ മാധ്യമപ്രവര്‍ത്തകരോടും പറയുന്നത്.