Indhuja Death Case: ‘ശരീരത്തില്‍ രണ്ടുദിവസം പഴക്കമുള്ള മുറിവുകള്‍’; ഇന്ദുജ സ്വയം ജീവനൊടുക്കിയതെന്ന് സ്ഥിരീകരിച്ച് പോലീസ്
Newlywed Woman Indhuja Death Case :ഇന്ദുജയും ഭർത്താവ് അഭിജിത്തും തമ്മിൽ കുറച്ചുനാളായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇന്ദുജയെ അഭിജിത്ത് ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അഭിജിത്തിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്ദുജയുടെ ശരീരത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മുറിവുകളുണ്ടെന്നും പോലീസ് പറയുന്നു. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ഭർതൃവീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. ഇന്ദുജ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻ കാണിയുടെ മകൾ ഇന്ദുജയും ഭർത്താവ് അഭിജിത്തും തമ്മിൽ കുറച്ചുനാളായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇന്ദുജയെ അഭിജിത്ത് ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അഭിജിത്തിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്ദുജയുടെ ശരീരത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മുറിവുകളുണ്ടെന്നും പോലീസ് പറയുന്നു. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് 25-കാരിയായ ഇന്ദുജയെ ഭർത്താവായ ഇളവട്ടം സ്വദേശി അഭിജിത്തിന്റെ വീട്ടിലെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഊണുകഴിക്കാനെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഈ സമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉടൻതന്നെ ഇന്ദുജയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനു പിന്നാലെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും ആദിവാസി സംഘടനകളും രംഗത്ത് എത്തിയിരുന്നു. കൊലപാതകമാണെന്നായിരുന്നു ഇന്ദുജയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ മകളുടെ ഭർത്താവിന്റെ കുടുംബത്തിനെ സംശയിക്കുന്നതായി ഇന്ദുജയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞയാഴ്ച മകൾ വന്നപ്പോൾ ദേഹത്ത് മുറിവുകൾ കണ്ടിരുന്നതായും പിതാവ് പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം ഇന്ദുജ സ്വന്തം വീട്ടിൽ വരുന്നത് പോലും അഭിജിത്ത് തടഞ്ഞിരുന്നതായി സഹോദരൻ ഷിനുവും ആരോപിച്ചിരുന്നു.
Also Read-Newlywed Woman Death: ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം; യുവാവ് കസ്റ്റഡിയിൽ
ആദിവാസി വിഭാഗത്തിൽപ്പെട്ട ഇന്ദുജയുമായി അഭിജിത്ത് രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. മൂന്നുമാസം മുൻപ് ഇന്ദുജയെ അഭിജിത്ത് വീട്ടിൽനിന്നു വിളിച്ചിറക്കി അമ്പലത്തിൽ കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുമായി അഭിജിത്തിനു കാര്യമായ ബന്ധമില്ലായിരുന്നു. എന്നാൽ ഇന്ദുജ അമ്മയോടും സഹോദരനോടും ഫോണിൽ സംസാരിക്കുമായിരുന്നു. വിവാഹത്തിനു ശേഷം മകളെ കാണാൻ അനുവാദം ലഭിച്ചിട്ടില്ലെന്നും കുടുംബം പരാതിയിൽ പറയുന്നു. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ട് പാലോട് പോലീസിൽ പരാതിപ്പെട്ടതിനു ശേഷം ഒരു ദിവസം മകളെ കൂട്ടിക്കൊണ്ടു പോകാൻ അനുവാദം ലഭിച്ചു. അതിനു ശേഷം മകൾ പീഡനം നേരിട്ടതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അഭിജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനുമാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)