Newborn Baby Needle: നവജാത ശിശുവിൻ്റെ ശരീരത്തിൽ സൂചി തറച്ചുകയറിയ സംഭവം; ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ കേസ്
Newborn Baby Needle Police Case: നവജാത ശിശുവിൻ്റെ ശരീരത്തിൽ സൂചി തറച്ചുകയറിയ പരാതിയിൽ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ കേസെടുത്ത് പോലീസ്. പരിയാരം കണ്ണൂര്‍ ഗവണ്മെൻ്റ് മെഡിക്കല്‍ കോളജിൽ കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർക്കും ജീവനക്കാർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
നവജാത ശിശുവിൻ്റെ ശരീരത്തിൽ സൂചി തറച്ചുകയറിയ സംഭവത്തിൽ പരിയാരം കണ്ണൂര്‍ ഗവണ്മെൻ്റ് മെഡിക്കല്‍ കോളജിലെ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ കേസ്. പിതാവിൻ്റെ പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്. കുട്ടിയെ ചികിത്സിച്ച ഡോക്ടർക്കും ജീവനക്കാർക്കുമെതിരെയാണ് കേസ്. ചികിത്സാപിഴവ് ആരോപിച്ച് നേരത്തെ തന്നെ പിതാവ് മുഖ്യമന്ത്രിയ്ക്ക് പരാതിനൽകിയിരുന്നു.
തുടയിൽ പഴുപ്പ് കണ്ടതോടെയാണ് 25 ദിവസം പ്രായമുള്ള കുട്ടിയെ പയ്യന്നൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ ചികിത്സയിൽ തുടയിൽ നിന്ന് 3.7 സെന്റീമീറ്റര്‍ നീളമുള്ള സൂചി പുറത്തെടുത്തു. പിന്നാലെ കണ്ണൂര്‍ ഗവണ്മെൻ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നെന്നും ആ സമയത്ത് വന്ന പിഴവാണെന്നും ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് പരാതിനൽകി. തിങ്കളാഴ്ച രാവിലെയാണ് പെരിങ്ങോം സ്വദേശിയായ താഴത്തെ വീട്ടില്‍ ടിവി ശ്രീജു പോലീസിൽ പരാതിപ്പെട്ടത്.
2024 ഡിസംബർ 22നാണ് കുട്ടിയുടെ മാതാവിനെ പ്രസവത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24ന് ആശുപത്രിയിൽ വച്ച് പെൺകുഞ്ഞ് ജനിച്ചു. ജനിച്ചതിൻ്റെ രണ്ടാം ദിവസം ഇവിടെ വച്ച് തന്നെ കുഞ്ഞിന് കുത്തിവെയ്പ് നൽകി. ഇതിന് ശേഷം കുഞ്ഞിന് അസ്വസ്ഥത തുടങ്ങുകയായിരുന്നു. രണ്ട് തവണ മെഡിക്കൽ കോളജിൽ തന്നെ കാണിച്ചിട്ടും പഴുപ്പ് കുറയാതിരുന്നതോടെയാണ് കുഞ്ഞിനെ പയ്യന്നൂരുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
ഗുളികയിലെ മൊട്ടുസൂചി വ്യാജം?
വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് പരാതിനൽകി. പരാതി വ്യാജമാണെന്നും ഗൂഢാലോചന പരിശോധിക്കണമെന്നും ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടു.
ഈ മാസം 17നാണ് വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന് പരാതി ഉയർന്നത്. പിന്നാലെ ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് പരാതി വ്യാജമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചത്. മൊട്ടുസൂചി കിട്ടിയെന്നു പരാതി നൽകിയ രോഗിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും സർക്കാരിന്റെ മരുന്നു വിതരണ സംവിധാനത്തെ തകർക്കാൻ ബോധപൂർവമുള്ള ശ്രമമാണിതെന്ന് സംശയമുണ്ടെന്നും പരാതിയിൽ ആരോഗ്യവകുപ്പ് പറയുന്നു.
ശ്വാസം മുട്ടലിനായി ആശുപത്രിയിലെത്തിയ മേമല സ്വദേശി വസന്തയാണ് ഗുളികയില്‍ നിന്ന് മൊട്ടുസൂചി കിട്ടിയെന്ന് പരാതിപ്പെട്ടത്. ആശുപത്രിയിൽ നിന്ന് ലഭിച്ച സി മോക്‌സ് ക്യാപ്‌സ്യൂളിൽ നിന്ന് സൂചി കണ്ടെത്തിയെന്നായിരുന്നു വസന്തയുടെ പരാതി. പരാതി അന്വേഷിച്ച ആരോഗ്യവകുപ്പ് തെളിവെടുപ്പും പരിശോധനയും നടത്തി പരാതിയിൽ കഴമ്പില്ലെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. പരാതിക്കാരിയ്ക്ക് നൽകിയ ബാക്കി ഗുളികകളിലും ആശുപത്രിയിൽ സ്റ്റോക്കുണ്ടായിരുന്ന ഗുളികകളിലും യാതൊരു പ്രശ്നവും കണ്ടെത്തിയിരുന്നില്ല. കഴിച്ച ഗുളികയിൽ മൊട്ടുസൂചിയുണ്ടോ എന്ന് സംശയമുണ്ടെന്ന് രോഗി പരാതി പറഞ്ഞിരുന്നതിനാൽ ഈ വഴിയ്ക്കും പരിശോധന നടന്നു. എന്നാൽ, വസന്തയിൽ നടത്തിയ എക്സ്‌റേയിൽ അപാകതയൊന്നും കണ്ടില്ല. മൊട്ടുസൂചി ഉള്ളിലെത്തിയിട്ടില്ലെന്ന് തെളിഞ്ഞു. ഇതോടെയാണ് സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് ആരോഗ്യവകുപ്പ് ഡിജിപിയ്ക്ക് പരാതിനൽകിയത്.