Navaratri: നവരാത്രിക്ക് ഇന്ന് തുടക്കം; ആഘോഷങ്ങൾ 11 ദിവസം നീളും; കാരണം ഇത്
Navaratri 2024: കാര്യസാധ്യത്തിനും ഐശ്വര്യത്തിനും വിദ്യാരംഭം നടത്താനും ദുർഗ്ഗാ ദേവിയുടെ അനുഗ്രഹങ്ങൾ നേടുവാനുമെല്ലാം സാധിക്കുന്ന ദിവസങ്ങളാണ് നവരാത്രിയുടേത്.
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. വരുന്ന ഒക്ടോബർ 13 വരെ ആഘോഷങ്ങളുടെയും പ്രാർത്ഥനകളുടെയും നാളുകളാണ്. ദേവി പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ദേവി ഉപദേവത സാന്നിദ്ധ്യമറിയിക്കുന്ന ക്ഷേത്രങ്ങളിലുമാണ് നവരാത്രി ആഘോഷങ്ങൾ പ്രധാനമായും. ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവങ്ങളെ ആരാധിക്കുന്ന രീതിയാണ് നവരാത്രി ദിവസങ്ങളിൽ കാണാറുള്ളത് . കന്നിമാസത്തിലെ അമാവാസികഴിഞ്ഞുള്ള വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയാണ് നവരാത്രി വ്രതം നീണ്ടുനിൽക്കുന്നത്.
നവരാത്രി ദിവസങ്ങളിൽ ഭക്തർ വ്രതം അനുഷ്ഠിക്കും. കാര്യസാധ്യത്തിനും ഐശ്വര്യത്തിനും വിദ്യാരംഭം നടത്താനും ദുർഗ്ഗാ ദേവിയുടെ അനുഗ്രഹങ്ങൾ നേടുവാനുമെല്ലാം സാധിക്കുന്ന ദിവസങ്ങളാണ് നവരാത്രിയുടേത്. ആദ്യത്തെ മൂന്ന നാളുകളിൽ ദുർഗ ദേവിയും പിന്നീടുള്ള മൂന്നു ദിനം ലക്ഷ്മീദേവിക്കും അവസാനത്തെ മൂന്നു ദിനം സരസ്വതിദേവിക്കുമായണ് സമർപ്പിക്കുന്നത്. ഈ ദിവസങ്ങളിൽ പ്രാർത്ഥനയിലും പൂജകളിലും വ്യത്യാസം ഉണ്ട്.
സാധാരണ ഒൻപത് രാത്രിയാണ് നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടക്കുക. 9 രാത്രി കഴിഞ്ഞ് പത്താം ദിവസം വിജയദശമി ആചരണത്തോടെ നവരാത്രി ചടങ്ങുകൾ പര്യവസാനിക്കും. എന്നാൽ ഇത്തവണ നവരാത്രി ആഘോഷങ്ങൾ പതിവിൽ നിന്ന് വ്യത്യസ്തമായി 11 ദിവസമാണ് നീണ്ടുനിൽക്കുന്നത്. പത്ത് ദിവസത്തെ നവരാത്രി ആഘോഷത്തിനുശേഷം പതിനൊന്നാം ദിവസമായ ഒക്‌ടോബർ 13 ന് ആണ് ഈ വർഷം വിജയദശമി. ഇത് നിരവധി വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ പ്രതിഭാസമാണെന്ന് ജ്യോതിഷികൾ പറയുന്നു. തിഥി, അഥവ ചന്ദ്രന്‍റെ ഒരു ദിവസത്തിൽ വരുന്ന സമയ വ്യത്യാസമാണ് ഇത്തവണ നവരാത്രി ദിനങ്ങളുടെ എണ്ണത്തില്‍ മാറ്റം വരാന്‍ കാരണം. ഇത് പൂജവയ്‌പിനെയും ബാധിക്കും. അഷ്‌ടമിയുടെ സന്ധ്യ ദിവസം പൂജയ്ക്ക് വച്ച് ദശമി ദിവസമാണ് എടുക്കേണ്ടത്. ഇത്തവണ ഒക്‌ടോബർ 11 വെള്ളിയാഴ്‌ച ഉച്ചക്ക് 12:08 ന് ആണ് അഷ്‌ടമി അവസാനിക്കുന്നത്. അന്ന് സന്ധ്യയുടെ സാന്നിധ്യം ഇല്ലാത്തതിനാൽ തലേ ദിവസമായ വ്യാഴാഴ്‌ചയാണ് പൂജവയ്‌ക്കേണ്ടത്. അതുകൊണ്ടുതന്നെ ഇത്തവണ പൂജ എടുക്കാൻ ഒരു ദിവസം അധികം കാത്തിരിക്കേണ്ടതായി വരുന്നു. വ്യാഴാഴ്‌ച വൈകിട്ട് പൂജ വച്ചാൽ. വെള്ളിയും ശനിയും കഴിഞ്ഞ് ഒക്‌ടോബർ 13 ഞായറാഴ്‌ച രാവിലെയേ പൂജ എടുക്കാൻ പറ്റൂ.
നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ
നവരാത്രി ദിവസങ്ങളിൽ സൂര്യോദയത്തിനു മുന്നേ ഉണർന്ന് കുളിച്ച് ദേവി ക്ഷേത്ര ദർശനം നടത്തുക. പൂർണമായും സസ്യാഹാരങ്ങൾ മാത്രം കഴിക്കുക. ഇന്നേ ദിവസങ്ങളിൽ ദേവി സ്തുതികൾ ജപിക്കുകയും വേണം. ലളിതാസഹസ്രനാമ ജപം , ദേവീ മാഹാത്മ്യം. ലളിതാ ത്രിശതി, എന്നിവ അത്യുത്തമം . ഒരു നേരെ മാത്രം അരിഭക്ഷണം കഴിക്കുക. കര്‍മ്മ തടസ്സങ്ങള്‍ മാറാനും വിദ്യാപുരോഗതിക്കും ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.