Railway Updates : നാഗർകോവിൽ-കോട്ടയം എക്സ്പ്രസിന് പുതിയ സ്റ്റോപ്പ് അനുവദിച്ചു; ദക്ഷിണ റെയിൽവെ അറിയിപ്പ് നൽകിയെന്ന് കൊടിക്കുന്നിൽ സുരേഷ്
Nagercoil Kottayam Express Train Stops : ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിലുള്ള ചെറിയനാട്ടാണ് പുതിയ നാഗർകോവിൽ-കോട്ടയം എക്സ്പ്രസിന് പുതിയ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

Representational Image
ആലപ്പുഴ : തമിഴ്നാട്ടിലെ നാഗർകോവിൽ നിന്നും ആരംഭിച്ച് തിരുവനന്തപുരം വഴി കോട്ടയം വരെ സർവീസ് നടത്തുന്ന നാഗർകോവിൽ-കോട്ടയം എക്സ്പ്രസിന് പുതിയ സ്റ്റോപ്പ് അനുവദിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിലുള്ള ചെറിയനാട്ടാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളതെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചുയെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. മാർച്ച് 22-ാം തീയതി മുതൽ ട്രെയിൻ ചെറിയനാട് നിർത്തും. അതേസമയം സമയക്രമം റെയിൽവെ പുറപ്പെടുവിച്ചില്ല.
“ട്രെയിൻ നമ്പർ 16366 നാഗർകോവിൽ ജംഗ്ഷൻ – കോട്ടയം എക്സ്പ്രസ്സ് ട്രെയിനിന് മാർച്ച് 22 മുതൽ ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. ചെറിയനാട് റെയിൽവേ സ്റ്റേഷനിലെ പുതിയ സ്റ്റോപ്പ് സംബന്ധിച്ചുള്ള റെയിൽവേ ബോർഡിന്റെ അനുകൂല തീരുമാനം ദക്ഷിണ റെയിൽവേയിൽ നിന്നും അറിയിപ്പായി ലഭിച്ചു” കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിദിന സർവീസായ കോട്ടയം എക്സ്പ്രസ് ഉച്ചയ്ക്ക് ഒരു മണിക്കാണ് നാഗർകോവിൽ ജങ്ഷനിൽ നിന്നും സർവീസ് ആരംഭിക്കുക. വൈകിട്ട് 6.19 ഓടെ ട്രെയിൻ മാവേലിക്കരയിൽ എത്തുക. ചെങ്ങന്നൂരിൽ എത്തുന്ന സമയം 6.30 ആണ്. ഇതിനിടിയിലാകും ചെറിയനാട് ട്രെയിൻ എത്തുക. രാത്രി 7.35 ഓടെ ട്രെയിൻ അവസാന സ്റ്റേഷനായ കോട്ടയത്ത് എത്തി ചേരുകയും ചെയ്യും.
കൊടിക്കുന്നിൽ സുരേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
ALSO READ : Drug Smuggling: ട്രെയിൻ വഴിയുള്ള ലഹരിക്കടത്ത്; റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കി പൊലീസ്
മാർച്ച് 21ന് കോട്ടയം വഴിയുള്ള സർവീസുകൾക്ക് നിയന്ത്രണം
മാർച്ച് 21 വെള്ളിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് തിരുവനന്തപുരം റെയിൽവെ ഡിവിഷൻ അറിയിച്ചു. മാവേലിക്കര-ചെങ്ങന്നൂർ സ്റ്റേഷനുകൾക്കിടിയിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണ പ്രവർത്തികൾക്ക് നടക്കുന്നത് കൊണ്ടാണ് വെള്ളിയാഴ്ച സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇതെ തുടർന്ന് അന്നേദിവസം കോട്ടയം വഴിയുള്ള ചില സർവീസുകൾ വൈകുകയോ ആലപ്പുഴയിലൂടെ വഴിതിരിച്ചു വിടുകയോ ചെയ്യുമെന്ന് തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.
വെള്ളിയാഴ്ച സർവീസ് നടത്തുന്ന വെരാവെൽ എക്സപ്ര്സും പ്രതിദിന സർവീസായ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസും ആലപ്പുഴ വഴി വഴിത്തിരിച്ച് വിടും. അന്നേ ദിവസം അമൃത എക്സ്പ്രസ് അരമണിക്കൂർ വൈകിയോടുമെന്ന് റെയിൽവെ അറിയിച്ചു.