N Prasanth: ‘ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗി’; പരസ്യ അധിക്ഷേപവുമായി എൻ പ്രശാന്ത്
N Prasanth Comment Against Jayathilak IAS: ഇന്നും തുടർന്നുള്ള ദിവസങ്ങളിലുമായി സമയം കിട്ടുന്നതിനനുസരിച്ച് ജയതിലകിനെ കുറിച്ച് പൊതുജനം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പുറത്തുവിടുമെന്ന് എൻ പ്രശാന്ത് വ്യക്തമാക്കി.
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് പോര് കനക്കുന്നു. എ ജയതിലകനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട്, ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റിട്ട് എൻ പ്രശാന്ത്. മാതൃഭൂമിക്ക് വേണ്ടി തനിക്കെതിരെ വാർത്തകൾ നൽകുന്നത് ജയതിലക് ആണെന്ന് ആരോപിച്ച പ്രശാന്ത്, ‘സ്പെഷ്യൽ റിപ്പോർട്ടർ’ എന്ന് വിളിച്ച് അദ്ദേഹത്തെ വിമർശിച്ചു.
ഡോ. ജയതിലകിനെ കുറിച്ച് പൊതുജനം അറിയേണ്ട ചില കാര്യങ്ങൾ താൻ വെളിപ്പെടുത്തുമെന്ന് പ്രശാന്ത് അറിയിച്ചു. സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ വെച്ച് ചർച്ച ചെയ്യേണ്ടി വരുന്നത് ഇഷ്ടമല്ലെങ്കിലും, തൽകാലം വേറെ നിർവ്വാഹമില്ലെന്നും അദ്ദേഹം പറയുന്നു. കൂടാതെ, പൊതുജനത്തിന് വിവരാവകാശ നിയമ പ്രകാരം അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമേ വെളിപ്പെടുത്തകയുള്ളുവെന്നും, ഇന്നും തുടർന്നുള്ള ദിവസങ്ങളിലുമായി സമയം കിട്ടുന്നതിനനുസരിച്ച് കാര്യങ്ങൾ പുറത്തുവിടുമെന്നും പ്രശാന്ത് കുറിപ്പിലൂടെ വ്യക്തമാക്കി.
പ്രശാന്തിന്റെ ഫേസ്ബുക് കുറിപ്പിന് താഴെ, ‘ജയതിലകിന്റെ റിപോർട്ടുകൾ എങ്ങനെ ഇവർ ചോർത്തുന്നു? ആരാണ് ഇടനിലക്കാരൻ?’ എന്ന് ഒരാൾ കമന്റിലൂടെ ചോദിച്ചിരുന്നു. ഇതിനു മറുപടിയായി പ്രശാന്ത് കുറിച്ചത് “ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി” എന്നായിരുന്നു. ഇത് വിവാദമായതോടെ ഉടൻ തന്നെ പ്രശാന്ത് കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
ALSO READ: മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ്; അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും
എൻ പ്രശാന്ത് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
സെക്രട്ടേറിയറ്റിൽ അടയിരിക്കാതെ ഫീൽഡിൽ ഇറങ്ങി ജോലി ചെയ്യുന്ന IAS ഉദ്യോഗസ്ഥരെ കണ്ട് പരിചയമില്ലാത്ത മാതൃഭൂമി ഇന്നും എനിക്കെതിരെ വാർത്ത അച്ചടിച്ചിട്ടുണ്ട് – എന്നത്തെയും പോലെ, എന്റെ ഭാഗം ചോദിക്കാതെ. എനിക്കായി ഒരു സ്ഥിരം കോളം ഇടാൻ അപേക്ഷ.
ബഹു. മന്ത്രിയുടെ അനുമതിയോടെയും നിർദ്ദേശപ്രകാരവും ഫീൽഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാൻ പോകുമ്പോൾ ‘അദർ ഡ്യൂട്ടി’ മാർക്ക് ചെയ്യുന്നതിനെ ‘ഹാജർ ഇല്ല’ എന്ന് വ്യാജമായി റിപ്പോർട്ടാക്കണമെങ്കിൽ അതിനുപിന്നിൽ എന്ത് മാത്രം കഷ്ടപ്പാട് ഉണ്ട്! ആ സമയത്ത് അവനവന്റെ ജോലി ചെയ്തൂടേ എന്ന് ചോദിക്കുന്നില്ല.
എനിക്കെതിരെ റിപ്പോർട്ടുകൾ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമർപ്പിക്കുന്ന അവരുടെ സ്പെഷ്യൽ റിപ്പോർട്ടർ ഡോ. ജയതിലക് IAS എന്ന സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.
ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോൾ പോസ്റ്റാം. കാര്യം അറിയാവുന്നവർക്ക് താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണ്, അതുകൊണ്ട് വേണ്ട വിധം ഭയബഹുമാനത്തോടെ വേണം കേട്ടോ…