Muthalappozhi Boat Accident: ശക്തമായ തിരയിൽ വള്ളം മറിഞ്ഞു, മുതലപ്പൊഴിയിൽ ഒരാൾ മരിച്ചു
ഇതുവരെ 11 അപകടങ്ങളാണ് മുതലപ്പൊഴിയിൽ ഉണ്ടായത് 2 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം അഞ്ചു തെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. മീൻപിടിക്കാൻ പോയി തിരികെ വരുന്നതിനിടയിലാണ് അപകടം.
ശക്തമായ തിരയിൽ പ്പെട്ടാണ് വള്ളം മറിഞ്ഞത്. ഗുരുതര പരിക്കുകളോടെ എബ്രഹാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏബ്രഹാം അടക്കം നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.
മൂന്ന് പേരെ പരിക്കുകളോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലാവസ്ഥ മോശമായതിനാൽ ശക്തമായ തിരമാലയാണ് മുതലപ്പൊഴി ഭാഗത്തുള്ളത്.
അതിനിടയിൽ മുതലപ്പൊഴിയിലെ പുലിമുട്ടിൽ വള്ളം ഇടിച്ചു കയറിയതിനെ തുടർന്ന് ഒരാൾ കടലിൽ വീണു. കടലിൽ വീണയാൾ പിന്നീട് നീന്തി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായി. ഇതുവരെ 11 അപകടങ്ങളാണ് മുതലപ്പൊഴിയിൽ ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇതിൽ 2 പേർക്ക് ജീവൻ നഷ്ടമായി.
.