Ouseppachan: ‘ആര്‍എസ്എസ് വിശാലമായ സംഘടന; പ്രവര്‍ത്തിക്കുന്നവരെ വിശുദ്ധർ എന്നാണ് വിളിക്കേണ്ടത്’:RSS വേദിയില്‍ ഔസേപ്പച്ചന്‍
Ouseppachan Participated in RSS Programme: ആർഎസ്എസിന്റെ അച്ചടക്കത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം ആര്‍എസ്എസ് വിശാലമായ സംഘടനയാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ള പാഠങ്ങളാണ് പഠിപ്പിക്കുന്നതെന്നും ഔസേപ്പച്ചൻ പറഞ്ഞു.
തൃശൂര്‍: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചന്‍. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന വിജയദശമി പഥസഞ്ചലനം പരിപാടിയിലാണ് ഔസേപ്പച്ചൻ പങ്കെടുത്തത്. ചടങ്ങിൽ അധ്യക്ഷനായ അദ്ദേഹം ആർഎസ്എസിന്റെ പ്രവർത്തനത്തെ പ്രശംസിച്ചു. ഇതിനു പുറമെ തന്നെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചവർക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
ആർഎസ്എസിന്റെ അച്ചടക്കത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം ആര്‍എസ്എസ് വിശാലമായ സംഘടനയാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമുള്ള പാഠങ്ങളാണ് പഠിപ്പിക്കുന്നതെന്നും ഔസേപ്പച്ചൻ പറഞ്ഞു. സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിശുദ്ധന്‍മാര്‍ എന്നാണ് വിളിക്കേണ്ടത്. ആര്‍എസ്എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമമെന്നും അദ്ദേഹം പറഞ്ഞു. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആര്‍എസ്എസ് നല്‍കിയ പാഠങ്ങള്‍ ആണെന്നും ഇതുപൊലൊരു അച്ചടക്കം എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
രാഷ്ട്രീയം നല്ല വാക്കാണെന്നും എന്നാൽ, കേരളത്തിൽ അതിന് അർഥം വേറെയാണെന്നും ഔസേപ്പച്ചൻ പറഞ്ഞു. ഈ പരിപാടിക്ക് തന്റെ പേര് നിർദേശിച്ചപ്പോൾ സംഘടനയിലെ എല്ലാവരും കൈയ്യടിച്ച് സ്വീകരിച്ചുവെന്നും അത് സംഘടനയുടെ വിശാലതയാണു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ 45 വർഷമായി യോഗ ചെയ്യുന്നയാളാണെന്നും ആ യോഗയും ഇവിടെ കാണുന്നു. വിശേഷദിവസങ്ങളിലും മറ്റും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ അഭ്യസിക്കുന്ന ചിത്രങ്ങൾ പത്രങ്ങളിലൂടെ കാണാറുണ്ട്. അതുതന്നെയാണ് അദ്ദേഹത്തിന്റെ മനസ്സിനു കിട്ടുന്ന ധൈര്യവും ഉണർവും ചിന്താശക്തിയും എന്ന് ഔസേപ്പച്ചൻ പറഞ്ഞു.
അതേസമയം ഇതുവരെയും ഔസേപ്പച്ചൻ ബിജെപി അംഗത്വം എടുക്കുകയോ തന്റെ രാഷ്ട്രീയം തുറന്നു പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഇതോടെ ഔസേപ്പച്ചനെ പോലെയൊരു മുതിർന്ന സംഗീതജ്ഞൻ ആർഎസ്എസ് വേദിയിൽ എത്തിയത് വലിയ വർത്തയാവുകയാണ്.