5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mumps Outbreak Malappuram: മഞ്ചേരിയിലെ സ്കൂളിൽ 30 കുട്ടികൾക്ക് മുണ്ടിനീര്; സ്കൂൾ അടച്ചു, വിദഗ്ധ സംഘം പരിശോധന നടത്തി

Mumps Outbreak in Manjeri School: ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം രോഗത്തിന്റെ വ്യാപനം തടയാൻ ക്ലാസുകൾ നിർത്തി വെച്ചെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Mumps Outbreak Malappuram: മഞ്ചേരിയിലെ സ്കൂളിൽ 30 കുട്ടികൾക്ക് മുണ്ടിനീര്; സ്കൂൾ അടച്ചു, വിദഗ്ധ സംഘം പരിശോധന നടത്തി
Representational Image (Image Credits: SOPA Images/ Getty Images Creative)
nandha-das
Nandha Das | Published: 24 Nov 2024 23:33 PM

മലപ്പുറം: മഞ്ചേരിയിലെ സ്കൂളിൽ കുട്ടികൾക്ക് മുണ്ടിനീര് പടർന്നതോടെ ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം സ്കൂൾ താൽകാലികമായി അടച്ചു. മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളിലാണ് രോഗം പടർന്നത്. ഒന്ന്, രണ്ട് ക്ലാസുകളിലെ 30-ഓളം കുട്ടികൾക്കാണ് മുണ്ടിനീര് ബാധിച്ചത്.

ഇതോടെയാണ് ആരോഗ്യ വകുപ്പ് ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ അടച്ചിടാൻ നിർദേശം നൽകിയത്. കഴിഞ്ഞ മാസം മുതലാണ് കുട്ടികളിൽ രോഗബാധ കണ്ടു തുടങ്ങിയത്. ഒന്നു രണ്ടു കുട്ടികളിലാണ് ആദ്യം ലക്ഷണം കണ്ടത്. പിന്നീടത് മറ്റ് കുട്ടികളിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. മുൻകരുതൽ എന്നോണം മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം സ്കൂളിൽ എത്തി. അവർ കുട്ടികളുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചു.

ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം രോഗത്തിന്റെ വ്യാപനം തടയാൻ ക്ലാസുകൾ നിർത്തി വെച്ചെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. രോഗം ഭേദമാകാൻ രണ്ടാഴ്ച വരെ സമയമെടുക്കും. രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കളുമായി ആരോഗ്യ വകുപ്പ് അധികൃതർ നിരന്തരം ബന്ധപ്പെട്ട് അവരുടെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ALSO READ: ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; നാളെ തീവ്രന്യൂനമർദ്ദമാകും, വരും ദിവസങ്ങളിൽ മഴ ശക്തമാകും

എന്താണ് മുണ്ടിനീര്?

മുണ്ടിനീര് അഥവ മംമ്സ് എന്നത് ഉമിനീരിൽ ഉണ്ടാകുന്ന വൈറസ് ബാധയാണ്. ഇത് കൂടുതലായും കുട്ടികളിലും കൗരമാരക്കാരിലുമാണ് കണ്ടുവരുന്നത്. ഇത് വ്യാപനശേഷിയുള്ള രോഗമാണ്. രോഗബാധിതർ തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ അല്ലെങ്കിൽ മൂക്ക് ചീറ്റുമ്പോഴോ സ്രവങ്ങൾ മറ്റുള്ളവരിലേക്ക് പടരുകയും രോഗം കൂടുതൽ വ്യാപിക്കുകയും ചെയ്യുന്നു. ഈ ശ്രവങ്ങൾ വീണ സ്ഥലത്ത് മറ്റുള്ളവർ പിടിച്ചാലും രോഗം പടരാനുള്ള സാധ്യതയുണ്ട്.

രോഗ ലക്ഷണം ഉള്ളവർ സ്വയം ചികിത്സ ചെയ്യാതിരിക്കുക. എത്രയും വേഗം ഡോക്ടറെ സമീപിക്കുക. വൈറസ് ബാധിക്കുന്നവരിൽ എല്ലാവർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ഇത് വലിയൊരു വെല്ലുവിളിയാണ്. കാരണം കൃത്യസമയത്ത് ചികിൽസിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. രോഗം ഗുരുതരമായാൽ വൃഷണങ്ങളില്‍ വീക്കം, അണ്ഡാശയങ്ങളില്‍ വീക്കം, തലച്ചോര്‍ വീക്കം (എന്‍സഫലൈറ്റിസ്), കേൾവി കുറവ് തുടങ്ങിയവയ്ക്ക് കാരണമായേക്കും.

പ്രധാന ലക്ഷണങ്ങൾ

താടിയിലെ നീരാണ് മുണ്ടിനീരിന്റെ പ്രധാന ലക്ഷണം. ഉമിനീർ ഗ്രന്ഥി നീര് വച്ച് വീർക്കുന്നതാണ് ഇത്. വൈറസ് ശരീരത്തിൽ കയറി ഏകദേശം 12 മുതൽ 25 ദിവസങ്ങൾക്കുള്ളിൽ ശരീരം ലക്ഷണങ്ങൾ പുറത്തുവിടാൻ തുടങ്ങും. പനി, തലവേദന, പേശി വേദന, ക്ഷീണം, വിശപ്പില്ലായ്മ, മുഖത്ത് വേദന തുടങ്ങിയവയാണ് മുണ്ടിനീരിന്റെ ലക്ഷണങ്ങളാണ്.

എങ്ങനെ പ്രതിരോധിക്കാം?

മുണ്ടിനീരിന് പ്രത്യേകിച്ച് മരുന്ന് ഇല്ല. വാക്സിൻ എടുക്കന്നതാണ് പ്രതിരോധിക്കാനുള്ള ഏക വഴി. മാസ്ക് ഉപയോഗിക്കുക, രോഗ ബാധിതരിൽ നിന്നും അകലം പാലിക്കുക, ശുചിത്വം പാലിക്കുക എന്നിവയിലൂടെയെല്ലാം ഒരു പരിധി വരെ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും.