MT Vasudevan Nair: വാസു മറഞ്ഞപ്പോൾ ബാക്കിയായ കഥാപ്രേതങ്ങൾ; നിളയുടെ പ്രിയതോഴൻ ബാക്കിയാക്കിയത്

MT Vasudevan Nair Death: പത്രാധിപരുടെ ചരമവാർത്ത മുൻകൂട്ടി തയ്യാറാക്കി വച്ച് കാത്തിരിക്കുന്ന ചരിത്രം പല പത്രങ്ങളിലും പുതുമയല്ല. എന്നാൽ അതിന് ഇത്ര ഭീകരമായ ഒരു മുഖമുണ്ടെന്ന് തിരിച്ചറിഞ്ഞത് സുകൃതത്തിലെ മമ്മൂട്ടി അവതരിപ്പിച്ച രവിശങ്കറിലൂടെയാണ്

MT Vasudevan Nair: വാസു മറഞ്ഞപ്പോൾ ബാക്കിയായ കഥാപ്രേതങ്ങൾ; നിളയുടെ പ്രിയതോഴൻ ബാക്കിയാക്കിയത്

Mt Vasudevan Nair Features

Updated On: 

26 Dec 2024 13:25 PM

മരണത്തിന്റെ വായിൽ നിന്ന് തിരിച്ചു വന്ന രവിശങ്കർ പത്രമോഫീസിലെ തന്റെ മുറിയിലെത്തുമ്പോൾ അവിടം മറ്റൊരാളുടേത് ആയിക്കഴിഞ്ഞിരുന്നു. ഒഴിഞ്ഞ കസേരയിൽ ഇരുന്നു മേശ വലിപ്പ് തുറന്നപ്പോൾ ആദ്യം കണ്ടത് തന്റെ തന്നെ ചരമ വാർത്ത…. മരണം കാത്തുകിടക്കുന്ന പത്രാധിപരുടെ ചരമവാർത്ത മുൻകൂട്ടി തയ്യാറാക്കി വച്ച് കാത്തിരിക്കുന്ന ചരിത്രം പല പത്രങ്ങളിലും പുതുമയല്ല. എന്നാൽ അതിന് ഇത്ര ഭീകരമായ ഒരു മുഖമുണ്ടെന്ന് തിരിച്ചറിഞ്ഞത് സുകൃതത്തിലെ മമ്മൂട്ടി അവതരിപ്പിച്ച രവിശങ്കറിലൂടെയാണ്. രോ​ഗബാധിതനായി അത്യാസന്ന നിലയിൽ എംടി വാസുദേവൻ നായർ എന്ന അതികായൻ മരണത്തോട് മല്ലിട്ടു കിടന്നപ്പോഴും പലർക്കും ഓർമ്മ വന്നിട്ടുണ്ടാകുക ഈ രവിശങ്കറിന്റെ മുഖമാകാം. തന്റെ തൂലികയിൽ വിരിഞ്ഞ രവിശങ്കറായി എംടി സ്വയം കാലങ്ങൾക്കിപ്പുറം പരിണമിച്ചപ്പോൾ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ച് മലയാള സാഹിത്യ ലോകം കാത്തിരുന്നു...

പത്രപ്രവർത്തനത്തിൽ അതുവരെ ഉണ്ടായിരുന്ന ഹാർഡ് ന്യൂസ് സ്വഭാവത്തിന് മറ്റൊരു മുഖം നൽകി സാഹിത്യ പത്രപ്രവർത്തനം എന്ന ശാഖയെ ജനകീയമാക്കിയ പത്രാധിപരുടെ മരണവാർത്തയും സൈഡ് സ്റ്റോറികളും തയ്യാറാക്കിക്കൊണ്ട് മാധ്യമലോകം മാത്രം കർമ്മ നിരതരായി. പക്ഷെ അത് കണ്ട് കരയാൻ നിൽക്കാതെ എംടി യാത്രയായപ്പോൾ ബാക്കിയായത് രവിശങ്കറിനെ പോലെ ഒരു കൂട്ടം കഥാ പ്രേതങ്ങളാണ്….

ALSO READ: M. T. Vasudevan Nair : എം.ടിയുടെ പൊതുദർശനം ‘സിതാര’യിൽ; സംസ്കാരം ഇന്ന് വെെകിട്ട്

ഒന്നാമന്റെ ​ഗുണത്തിനും മൂന്നാമന്റെ പുകഴിനുമിടയിൽ രണ്ടാമനായ ഭീമൻ

മഹാഭാരതമെന്നാൽ പാണ്ഡവരും കൃഷ്ണനുമെല്ലാമാണ്. പാണ്ഡവരിൽ ഒന്നാമനായ യുധിഷ്ഠിരന്റെ ധർമ്മ നിഷ്ഠയും അർജുനന്റെ കഴിവും കർണന്റെ ദാനശീലവുമെല്ലാം പുകഴ്താൻ വെമ്പിയവർക്കു മുന്നിൽ രണ്ടാമനായി മാറി നിൽക്കേണ്ടി വന്ന ഭീമന്റെ ദുഖം കണ്ടറിഞ്ഞ് വരച്ചിട്ടത് എംടിയാണ്. പഞ്ചാലിയെ ഏറെ സ്നേഹിച്ച വായു പുത്രൻ. തിരിച്ചു കിട്ടാത്ത സ്നേഹത്തിനായി സൗ​ഗന്ധികം തേടിപ്പോയവൻ. ഏറെ ശക്തിയുണ്ടായിട്ടും ആരുടേയും കണ്ണിൽ പെടാതെ മാറി നിന്നവൻ. തന്നോളം പോന്ന മകനെ കൊലയ്ക്കു കൊടുക്കാൻ നോക്കി നിൽക്കേണ്ടി വന്നവൻ. ഭീമന്റെ മനസ്സ് കണ്ടറിഞ്ഞെഴുതിയ രണ്ടാമൂഴം ഇന്നും സാഹിത്യത്തിലെ അപൂർവ്വ സൃഷ്ടിയാണ്.

ചതിയനല്ല ചന്തു…

ഇരുമ്പാണി തട്ടി മുളയാണി വെച്ച് പൊൻകാരം കണ്ട് ചുരിക വിളക്കാൻ കൊല്ലന് പതിനാറ് പണം കൊടുത്തവൻ ചന്തു…മാറ്റം ചുരിക ചോദിച്ചപ്പോൾ മറന്നു പോയെന്ന് കളവു പറഞ്ഞവൻ ചന്തു…മടിയിൽ അങ്കത്തളച്ചയോടെ കിടക്കുന്ന വീരന്റെ വയറ്റിൽ കുത്തുവിളക്കിന്റെ തണ്ടു താഴ്ത്തി മാറ്റാൻ കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവൻ ചന്തു…

ALSO READ: MT Vasudevan Nair Death: രണ്ടാമൂഴം നടക്കാതെ പോയതിൽ അങ്ങക്കുള്ള വിഷമം മറക്കില്ലെന്ന് ശ്രീകുമാർ മേനോൻ

ചന്തു തന്നെ ഒരു തുറന്നു പറച്ചിൽ നടത്തിയാൽ ഇതിനപ്പുറമെത്തുമോ എന്ന് സംശയമാണ്. നിങ്ങൾ കേട്ടതെല്ലാം ശരിയാണ്… തെറ്റുമാണ് എന്ന് പറഞ്ഞു വയ്ക്കുന്നതും ചന്തുവിലൂടെ എംടി തന്നെ. വടക്കൻ വീര​ഗാഥ ചന്തുവിന്റെ കഥയാണ്. ചന്തുവിനെപ്പറ്റി പറയാതെ പോയ കഥയാണ് അല്ലെങ്കിൽ കഥയിലെ വിടവുകളിൽ എംടി നടത്തിയ പൂരിപ്പിക്കലുകളാണ്. ഇതിലും വലിയ എന്തു സാഹസം വേണം ഒരു കഥാകാരന്റെ ചരിത്രത്തിൽ എടുത്തു പറയാൻ. ചിന്താവിഷ്ടയായ സീതയിലൂടെ കൂമാരനാശാൻ കാണിച്ച അതേ സാഹസം തന്നെയാണ് എംടിയും ഇവിടെ കാട്ടിയത് എന്ന് നിസ്സംശയം പറയാം.

തകർന്ന നാലുകെട്ടും അവിടെത്തെ അസുരവിത്തും

ജന്മിത്തത്തിന്റെ തകർച്ച പിടിച്ചു കുലുക്കി നിലംപരിശാക്കിയ തറവാട്ടിലെ പുതുതലമുറയുടെ ​ഗതികേട് എത്ര ഭീകരമെന്ന് ചിന്തിക്കാൻ എംടിക്കാവും. കാരണം അദ്ദേഹം അത്തരം അന്തസംഘർഷങ്ങളുടെ ബലിയാടാണ്. നാലുകെട്ടും അസുരവിത്തും അദ്ദേഹത്തിന്റെ ഉള്ളുരുക്കി ഊതിക്കാച്ചിയ കഥകളും. കാലത്തിലെ സേതുവും അത്രമേൽ ഭീകരത അനുഭവിക്കുന്നില്ലെങ്കിലും എല്ലാവരും ഒരേതൂവൽ പ​ക്ഷികൾ തന്നെ.

നൈനിറ്റാളിൽ നിന്ന് ഒരു വിമല….

“എനിക്ക് നിങ്ങളെ ഇഷ്ടമാണ് . കാരണമൊന്നുമില്ല.””ഓ, പരിഭ്രമിക്കാനൊന്നുമില്ല. വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നുംചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ… വെറുതെ…എനിക്കു നിങ്ങളെ ഇഷ്ടമാണ്.”

ഇത്ര മനോഹരമായി ഒരാൾക്ക് തന്റെ ഇഷ്ടം പറയാനാകുമെന്ന് പഠിപ്പിച്ച എംടി. പ്രകൃതിയേയും ഫെമിനിസത്തേയും ചേർത്തെഴുതിയ കൃതിയാണ് മഞ്ഞ്. കേരളത്തിലെ പശ്ചാത്തലത്തിൽ നിന്ന് മാറി നൈനിറ്റാളിലാണ് കഥാ പശ്ചാത്തലം. വിമല എന്ന സ്കൂൾ ടീച്ചറിന്റെ മനസ്സാണ് മഞ്ഞ് പെയ്യുമ്പോലെ വരച്ചിട്ടിരിക്കുന്നത്.

ഉണ്ണിമായ കുറിയേടത്ത് താത്രിയായിരുന്നോ?

കേരള ചരിത്രത്തിലെ പ്രധാന അധ്യായം… അതുവരെയുണ്ടായിരുന്ന മാമ്മൂലുകളെ പൊളിച്ചെഴുതിയ കുറിയേടത്തു താത്രിയെ ആരാണ് മറക്കാത്തത്. പരിണയത്തിലെ ഉണ്ണിമായ ഓർ‌മ്മിപ്പിക്കുന്നത് അതേ താത്രിക്കുട്ടിയെ തന്നെയല്ലേ. സ്മാർത്ത വിചാരം ചെയ്യപ്പെട്ട് ഭൃഷ്ടയായ അന്തജനം തളർന്നു പോകാതെ ദുരിതങ്ങൾക്ക് കാരണമായവന്റെ പിൻവിളിയെ പുഛിച്ച് മുന്നോട്ട് നടക്കുമ്പോൾ അതൊരു വിപ്ലവം തന്നെയായിരുന്നു. താത്രിയെ പോലെ ഉണ്ണിമായയും ചരിത്രമാകുന്നത് ഇവിടെയാണ്.

കുഞ്ഞാത്തോലിനെ പേടിക്കാത്ത ജാനകിക്കുട്ടി

വെള്ളസാരിയുടുക്കാത്ത വെറ്റിലമുറുക്കാൻ ചുണ്ണാമ്പ് ചോദിക്കാത്ത പേടിപ്പിക്കാത്ത രക്തം കുടിക്കാത്ത ഒരു യക്ഷി. ഒറ്റപ്പെടലിനിടെ ജാനകിക്കുട്ടി കണ്ടെത്തിയ കൂട്ടായിരുന്നു വെണ്ണാരം കണ്ണുള്ള സുന്ദരിയായ കുഞ്ഞാത്തോലിനെ. സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാതെ അവസാനിക്കുന്ന ഈ യക്ഷിക്കഥ ഒരു കാലഘട്ടത്തിന്റെ തന്നെ ​ഗൃഹാതുരത്വമാണ് ഇന്നും തൊട്ടുണർത്തുന്നത്. മനോഹരമായ ബാല്യത്തിന്റെ നേർച്ചിത്രമായ ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു എന്നു സ്വന്തം ജാനകിക്കുട്ടി. ജാനകിക്കുട്ടിയും കുഞ്ഞാത്തോലും തമ്മിലുള്ള സൗഹൃദവും ശുഭപര്യവസാനിയായ കഥയും ഇന്നും പലരുടേയും പ്രീയപ്പെട്ട സിനിമയാണ്.

ഭ്രാന്തൻ വേലായുധനെയും നിർമ്മാല്യത്തിലെ വെളിച്ചപ്പാടിനേയും പോലെ ​ഗതികിട്ടാതെ ആരാധകരുടെ ഉള്ളിൽ അലമുറയിടുന്ന ഒരുകൂട്ടം കഥാപ്രേതങ്ങൾ ഇനിമുണ്ട്. അവരെല്ലാം മാടത്ത് തെക്കേപ്പാട്ടെ വാസുദേവനെന്ന തങ്ങളുടെ ഉടയോൻ വിടപറഞ്ഞത് അറിയാതെ അലയുന്നുണ്ടാകും. വാസു മറഞ്ഞാലും മലയാള മനസ്സിൽ നോവു പടർത്തി അലയാൻ വിധിക്കപ്പെട്ട ആ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ ഓർമ്മകൾക്കൊപ്പം കണ്ണാന്തളി പൂക്കൾപ്പോലെ പുന്നെല്ലിന്റെ മണവുമായി ഭാരതപ്പുഴക്കരയിൽ ചെറുകാറ്റായി വീശട്ടെ…

എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ