MT Vasudevan Nair: തന്നെ തേടി ആരും വരാതിരിക്കാനായി എഴുതി തീര്‍ത്ത സിനിമകള്‍; എം ടി നടന്ന വഴിയിലൂടെ
MT Vasudevan Nair Profile: കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് അദ്ദേഹം വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു ഉപരിപഠനം. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം അധ്യാപകനായി എം ടി ജോലി ചെയ്തിട്ടുമുണ്ട്.
ഒട്ടനവധി മനോഹരങ്ങളായ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച എഴുത്തുകാരനാണ് എം ടി വാസുദേവന്‍ നായര്‍ (MT Vasudevan Nair). സിനിമകളെന്ന് മാത്രം പറഞ്ഞ് അദ്ദേഹത്തിന്റെ വാക്ചാതുരിയെ ഒതുക്കേണ്ടതില്ല. നമ്മള്‍ പഠിച്ചുവളര്‍ന്ന പാഠങ്ങളിലെല്ലാം പലപ്പോഴും അദ്ദേഹം കയ്യൊപ്പ് പതിഞ്ഞിരുന്നു. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. എം ടി എറിഞ്ഞിട്ട ഏകാന്തത, അന്യതാബോധം, കാലഹരണപ്പെടല്‍, കാത്തിരിപ്പ് തുടങ്ങി പലതും പുതിയ രൂപങ്ങളില്‍ ഇന്നും തിളങ്ങി നില്‍ക്കുന്നു.
എം ടി എന്ന അത്ഭുതം
പുന്നയൂര്‍ക്കുളത്ത് സ്വദേശിയായ ടി നാരായണന്‍ നായരുടെയും കൂടല്ലൂര്‍ സ്വദേശിനിയായ അമ്മാളുവമ്മയുടെയും മകനായി 1933 ജൂലൈ 15നാണ് എം ടി വാസുദേവന്‍ നായരുടെ ജനനം. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തും പിന്നീട് പാലക്കാട് ജില്ലയിലെ കൂടല്ലൂരിലുമായിട്ടാണ് അദ്ദേഹം തന്റെ ചെറുപ്പം ചിലവഴിച്ചത്.
കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് അദ്ദേഹം വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് മലമക്കാവ് എലിമെന്ററി സ്‌കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു ഉപരിപഠനം. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം അധ്യാപകനായി എം ടി ജോലി ചെയ്തിട്ടുമുണ്ട്.
രസതന്ത്രമായിരുന്നു പഠിച്ചിരുന്നതെങ്കിലും അദ്ദേഹം പഠിപ്പിച്ച രണ്ട് സ്‌കൂളുകളിലും കണക്കായിരുന്നു കൈകാര്യം ചെയ്തിരുന്നത്. സ്‌കൂള്‍ അധ്യാപനത്തിന് ശേഷം പാലക്കാട് എം ബി ടൂട്ടോറിയല്‍ കോളേജിലും എം ടി പഠിപ്പിച്ചിട്ടുണ്ട്. പിന്നീടാണ് മാതൃഭൂമിയുടെ ഭാഗമാകുന്നത്. ശേഷമുള്ള ജീവിതം കോഴിക്കോട്.
എഴുത്തിന്റെ വഴിയിലേക്ക്
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ സാഹിത്യ രചനയ്ക്ക് ഏറെ പ്രാധാന്യം നല്‍കികൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വിക്ടോറിയ കോളേജില്‍ പഠിക്കുന്ന സമയത്താണ് ആദ്യത്തെ കഥാസമാഹാരമയ രക്തം പുരണ്ട മണ്‍തരികള്‍ പുറത്തിറക്കുന്നത്. 1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണല്‍ സംഘടിപ്പിച്ച് ലോകചെറുകഥ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി കേരളത്തില്‍ നടത്തിയ കഥാമത്സരത്തില്‍ എംടിയുടെ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥ ഒന്നാം സ്ഥാനത്ത് അര്‍ഹമായിരുന്നു.
പിന്നീട് പാതിരാവും പകല്‍വെളിച്ചവും എന്ന പേരിലാണ് അദ്ദേഹം തന്റെ ആദ്യ നോവല്‍ പുറത്തിറക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെതായി ആദ്യമായി പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയ നോവല്‍ നാലുകെട്ട് ആണ്, 1958ലായിരുന്നു ഈ നോവലിന്റെ പ്രകാശനം. ഈ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിരുന്നു. സ്വര്‍ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്കും അദ്ദേഹത്തിന് സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടാനായിട്ടുണ്ട്.
മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍ വെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരണാസി, ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വര്‍ഗ്ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാര്‍-എസ്-സലാം, രക്തം പുരണ്ട മണ്‍ തരികള്‍, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കള്‍, ഷെര്‍ലക്ക്, ഓപ്പോള്‍, നിന്റെ ഓര്‍മ്മയ്ക്ക്, വിത്തുകള്‍, കര്‍ക്കിടകം, വില്പന, ചെറിയ ഭൂകമ്പങ്ങള്‍, പെരുമഴയുടെ പിറ്റേന്ന്, കല്‍പാന്തം, കാഴ്ച, ശിലാലിഖിതം, കുപ്പായം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.
സിനിമയിലേക്ക്
തന്റെ തന്നെ നോവലായ മുറപ്പെണ്ണ് എന്ന നോവല്‍ തിരക്കഥയാക്കി കൊണ്ട് 1963-64 കാലഘട്ടത്തിലാണ് എം ടി സിനിമാ മേഖലയിലേക്ക് കടക്കുന്നത്. സംവിധായകന്റെ കുപ്പായവും എം ടി അണിഞ്ഞിട്ടുണ്ട്. 1973ലാണ് അദ്ദേഹം ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നത്. നിര്‍മാല്യം എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണപ്പതക്കം ലഭിക്കുകയുമുണ്ടായി. ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ സംവിധാന മികവില്‍ പിറന്നത് തന്നെ. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത് ചിത്രമായ ഒരു ചെറുപുഞ്ചിരി എന്ന ചിത്രം 2,000ത്തിലാണ് പുറത്തിറങ്ങിയത്. സിനിമ മോശമായാല്‍ തന്നെ തേടി ആളുകള്‍ വരുമല്ലോ എന്ന് കരുതി അത്തരത്തില്‍ തിരക്കഥകള്‍ എഴുതിയിരുന്നുവെന്ന് ഒരിക്കല്‍ എം ടി മാതൃഭൂമിയോട് പറഞ്ഞിരുന്നു.
അദ്ദേഹം രചിച്ച തിരക്കഥകള്‍
ഓളവും തീരവും, മുറപ്പെണ്ണ്, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, നഗരമേ നന്ദി, അസുരവിത്ത്, പകല്‍ക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ, ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍, ഋതുഭേദം, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ്വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, തീര്‍ത്ഥാടനം, പഴശ്ശിരാജ, ഒരു ചെറുപുഞ്ചിരി തുടങ്ങിയവയാണ് അദ്ദേഹം എഴുതിയ തിരക്കഥകള്‍.
എം ടിയെ തേടിയെത്തിയ പുരസ്‌കാരങ്ങള്‍
രാജ്യത്തെ സാഹിത്യരംഗത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം എം ടിക്ക് ലഭിക്കുന്നത് 1995ലാണ്. പിന്നീട് 2005ല്‍ അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2013 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് അദ്ദേഹത്തിന് ലഭിക്കുകയുമുണ്ടായിരുന്നു. 1986ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1973ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം എന്ന ചിത്രത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം.
നാല് തവണ മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്‌കാരം. 1990ല്‍ ഒരു വടക്കന്‍ വീരഗാഥ, 1992ല്‍ കടവ്, 1993ല്‍ സദയം, 1995ല്‍ പരിണയം എന്നീ ചിത്രങ്ങള്‍ക്കായിരുന്നു പുരസ്‌കാരം ലഭിച്ചിരുന്നത്. 1978ല്‍ ബന്ധനം എന്ന ചിത്രത്തിന് മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്‌കാരം, 1991ല്‍ കടവ് എന്ന ചിത്രത്തിന് മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്‌കാരം, 1978ല്‍ ബന്ധനം എന്ന ചിത്രത്തിന് മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്‌കാരം, 2009ല്‍ കേരള വര്‍മ്മ പഴശ്ശിരാജ എന്ന ചിത്രത്തിന് മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്‌കാരം, 2011ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം, 2013ല്‍ ജെസ ദാനിയേല്‍ പുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.