MT Vasudevan Nair: എം ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല, ഗുരുതരമായി തന്നെ തുടരുന്നു
MT Vasudevan Nair's Health Condition Update: മുഖ്യമന്ത്രി പിണറായി വിജയന്‍ എം ടിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതി ആരാഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ രാവിലെ പുറത്തിറങ്ങുമെന്നാണ് സൂചന.
കോഴിക്കോട്: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ എം ടിക്ക് തീവ്രപരിചണം തുടരുകയാണ്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ എം ടിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതി ആരാഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ രാവിലെ പുറത്തിറങ്ങുമെന്നാണ് സൂചന.
അതേസമയം, ഐസിയുവില്‍ തുടരുന്ന എം ടിയെ കാണുന്നതിനായി നിരവധി പ്രമുഖരാണ് കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കെത്തുന്നത്. മന്ത്രി മുഹമ്മദ് റിയാസ്, എ കെ ശരീന്ദ്രന്‍, ജെ ചിഞ്ചുറാണി, എംഎല്‍എമാര്‍, സിനിമ രംഗത്തെ പ്രമുഖര്‍, എഴുത്തുകാരന്‍ എം എന്‍ കാരശേരി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയിരുന്നു.
ഓക്‌സിജന്റെ സഹായത്തോടെയാണ് നിലവില്‍ എം ടി കഴിയുന്നതെന്നും ആരോഗ്യനില സന്നിഗ്ധാവസ്ഥിയിലാണെന്നും സന്ദര്‍ശനം നടത്തിയതിന് പിന്നാലെ എം എന്‍ കാരശേരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശ്വാസതടസം മെച്ചപ്പെട്ട് വന്നിട്ടുണ്ട്. എങ്കിലും ആരോഗ്യനില ഗുരുതരമാണ്. യാതൊരു വിധ പ്രതികരണവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും കാരശേരി പറഞ്ഞിരുന്നു.
സാധ്യമായതെല്ലാം എം ടിക്ക് വേണ്ടി ഡോക്ടര്‍മാര്‍ ചെയ്യുന്നുണ്ടെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. അദ്ദേഹത്തെ കാണാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നതായി മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമുണ്ടായാല്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും. അദ്ദേഹം രക്ഷപ്പെടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. എം ടി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവരെ കൂടാതെ സംവിധായകന്‍ ഹരിഹരന്‍, നടന്‍ വിനീത് തുടങ്ങിയവരും എം ടിയെ കാണാനായി ആശുപത്രിയിലെത്തിയിരുന്നു. അദ്ദേഹം ഏറെ നാളായി വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എം ടിയുടെ ആരോഗ്യസ്ഥിതി മോശമായതായിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇക്കഴിഞ്ഞ പിറന്നാളിനും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു.
ഒരു മാസം മുമ്പ് ശ്വാസതടസവും ന്യൂമോണിയയും പിടിപെട്ടതിനെ തുടര്‍ന്ന് എം ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ദിവസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് രോഗം പൂര്‍ണമായി അദ്ദേഹം ആശുപത്രി വിട്ടത്. പിന്നീട് വിശ്രമ ജീവിതം നയിക്കുകയായിരുന്ന അദ്ദേഹത്തിന് വീണ്ടും ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.